സെൻട്രൽ മാർക്കറ്റിലെ ഒമാനി സൂഖിൽ കാരക്ക വിപണി സജീവമാകുന്നു
text_fieldsദോഹ: പരിശുദ്ധ റമദാൻ സമാഗതമായതോടെ സെൻട്രൽ മാർക്കറ്റിലെ ഒമാനി സൂഖിൽ കാരക്ക വിപണി സജീവമായി. പാരമ്പര്യ വിപണിയായി അറിയപ്പെടുന്ന ഇവിടെ കാരക്കക്ക് പുറമെ സ്വദേശി വീടുകളിലെ നിത്യോപയോഗത്തിനുള്ള മിക്ക സാധനങ്ങളും ലഭ്യമാണ്.
ഒരു കാലത്ത് സ്വദേശികളുടെ വീടുകളിലെ തീൻമേശയിലെ വിഭവങ്ങളായ ഉണക്കമീൻ, അടക്കമുള്ള സാധനങ്ങൾ ഇന്ന് ദോഹയിൽ ലഭിക്കുന്ന അപൂർവം വിപണികളിൽ ഒന്നാണ് ഒമാനി മാർക്കറ്റ്. റമദാൻ എത്തുന്നതിന് മുൻപ് തന്നെ ഇവിടെ കാരക്ക വിപണി ഏറെ സജീവമാകും. സ്വന്തം വീടുകളിലെ ആവശ്യങ്ങൾക്ക് പുറമെ നോമ്പ് തുറപ്പിക്കുന്നതിന് വേണ്ടിയുള്ള കാരക്കയും സൗജന്യമായി വിതരണം ചെയ്യുന്നതിനുള്ള കാരക്കയും വാങ്ങുന്നത് ഇവിടെ നിന്നാണ്. സഖഇ, ഖുദ്രി, സുക്കരി, മബ്റൂം, ഖലാസ് തുടങ്ങിയ ഇനങ്ങളിൽ പെട്ട കാരക്കകളാണ് പ്രധാനമായും ദോഹയിലെ സ്വദേശികളും വിദേശികളും വാങ്ങുന്നത്. അതിൽ സുഖഇ ഇനത്തിൽ പെട്ട കാരക്കക്കാണ് ഏറെ പ്രിയം. എന്നാൽ ഒമാനിൽ മാത്രമായി കണ്ട് വരുന്ന നിഗാൽ, മസ്നാജ് എന്നീ ഇനങ്ങൾക്കും വലിയ സ്വീകാര്യതയാണ് ദോഹ വിപണിയിൽ
ഉള്ളതെന്ന് ഒമാനി ഈത്തപ്പഴ വ്യാപാരിയായ ദാവൂദ് സായിദ് അൽസുഖൈരി വ്യക്തമാക്കി. ഈ രണ്ട് ഇനങ്ങളും റമദാനിന് മുന്നോടിയായി വലിയ തോതിലാണ് ഇവിടെ വിൽക്കപ്പെടുന്നത്. നാൽപത് റിയാൽ വരെ വില മതിക്കുന്നതാണ് ഈ രണ്ട് ഇനം കാരക്കകളും. റമദാനിലെ തുടക്കത്തിൽ വിലയിൽ ചെറിയ തോതിലുളള വർധനവ് ഉണ്ടാകാമെങ്കിലും പിന്നീട് കുറഞ്ഞ് വരികയാണ് ചെയ്യാറെന്ന് ദാവൂദ് വ്യക്തമാക്കി. ഖലാസ് ഇനത്തിൽ പെട്ട കാരക്കയാണ് ഏറ്റവും അധികം വിൽക്കപ്പെടുന്നത്. മറ്റ് ഇനങ്ങളിൽ പെട്ട കാരക്കകളേക്കാൾ പൊതുടെ വിലക്കുറവ് ഈ ഇനത്തിനാണ്. പത്ത് റിയാൽ നൽകിയാൽ ഹസ്സയിൽ നിന്നുള്ള ഖലാസ് ലഭിക്കും. എന്നാൽ ഇതേ ഇനത്തിൽ പെട്ട അൽഖസീമിൽ നിന്നുള്ള കാരക്കക്ക് 25 റിയാലാണ് വില ഈടാക്കുന്നത്. സുഖഇ അൻപത് റിയാൽ, ഖദ്രി നാൽപത്തഞ്ച് റിയാൽ, സുക്കരി മുപ്പത്തിയഞ്ച് റിയാൽ മബ്റൂം മുപ്പത്തഞ്ച് റിയാൽ എന്നിങ്ങനെയാണ് പൊതുവെ വില ഈടാക്കുന്നത്. റമദാൻ അടുക്കുന്നതോടെ ഒമാനി സൂഖിൽ വലിയ തോതിൽ തിരക്ക് അനുഭവപ്പെടും. സ്വദേശികളായ പഴമക്കാർ നേരിട്ട് ഇവിടെ വരികയും അവർക്കിഷ്ടപ്പെട്ട സാധനങ്ങൾ വാങ്ങുകയും ചെയ്യുന്ന രീതിയാണ് ഉള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.