റോഹിങ്ക്യൻ അഭയാർഥികൾക്ക് ആരോഗ്യ സേവനങ്ങളുമായി ക്യു.ആർ.സി.എസ്
text_fieldsഖത്തർ റെഡ് ക്രസന്റ് സൊസൈറ്റിയുടെ സഹായത്താൽ പ്രവർത്തിക്കുന്ന ആശുപത്രി
ദോഹ: ബംഗ്ലാദേശിലെ റോഹിങ്ക്യൻ അഭയാർഥികൾക്കായുള്ള ആശുപത്രിയിലെ ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും വ്യാപിപ്പിക്കുന്നതിനും പദ്ധതിയുമായി ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി. ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റിന്റെ ധനസഹായത്തോടെ ബംഗ്ലാദേശ് റെഡ് ക്രസന്റ് സൊസൈറ്റിയുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതി, 10 ലക്ഷത്തിലധികം അഭയാർഥികൾ കഴിയുന്ന കോക്സ് ബസാറിലെ റോഹിങ്ക്യൻ അഭയാർഥി ക്യാമ്പുകളിലെ ആരോഗ്യ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനാണ് ലക്ഷ്യമിടുന്നത്.
അഭയാർഥികൾക്ക് ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കി ബംഗ്ലാദേശ് റെഡ് ക്രസന്റ് സൊസൈറ്റി ആശുപത്രി രണ്ടുവർഷം തുടർച്ചയായി പ്രവർത്തിപ്പിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഇതിലൂടെ 1.5 ലക്ഷത്തിലധികം പേർക്ക് ആരോഗ്യ സേവനങ്ങൾ ഉറപ്പുവരുത്തുന്നു.
അടിയന്തര വൈദ്യസഹായം, മാതൃ-ശിശു സംരക്ഷണം, ദന്ത സംരക്ഷണം, മാനസികാരോഗ്യ സംരക്ഷണം എന്നിവ ഉറപ്പാക്കുന്നതിനൊപ്പം ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങളും ഇതുവഴി വികസിപ്പിക്കും. ക്യാമ്പുകളിലെ ജനസംഖ്യാ വർധനയും പകർച്ചവ്യാധി വെല്ലുവിളികളും പരിഗണിച്ച് പകർച്ചവ്യാധി അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള തയാറെടുപ്പുകളും നടത്തും.
ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റിന്റെയും ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റിയുടെയും സാങ്കേതികവും സാമ്പത്തികവുമായ പിന്തുണയും യോജിപ്പിച്ചാണ് ബംഗ്ലാദേശ് റെഡ് ക്രസന്റ് സൊസൈറ്റിയുടെ നിയന്ത്രണത്തിൽ ആശുപത്രി പ്രവർത്തിക്കുന്നത്. ഇത് പ്രാദേശിക ആരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

