ക്യൂ.എൻ.ബി; മേഖലയിലെ അതിസമ്പന്ന ബാങ്ക്
text_fieldsദോഹയിലെ ക്യു.എൻ.ബി ആസ്ഥാന മന്ദിരം
ദോഹ: മധ്യേഷ്യ - ആഫ്രിക്ക മേഖലയിലെ ഏറ്റവും ആസ്തിയുള്ള ബാങ്കായി ഖത്തർ നാഷനൽ ബാങ്കിനെ തെരഞ്ഞെടുത്തു. 'ദ ബാങ്കർ മാഗസിൻ' നടത്തിയ തെരഞ്ഞെടുപ്പിൽ ആഗോള തലത്തിൽ 79ാം റാങ്കിലാണ് ഖത്തർ നാഷനൽ ബാങ്ക്. ലോകത്തെ ആയിരം ബാങ്കുകളെ പരിചയപ്പെടുത്തുന്ന പട്ടികയിലാണ് മധ്യേഷ്യ-ആഫ്രിക്കൻ മേഖലയിൽ ഏറ്റവും സമ്പന്ന ബാങ്കായി ക്യൂ.എൻ.ബി മാറിയത്. 2019 ഡിസംബർ മുതലുള്ള കണക്കെടുപ്പിൽ മുൻ വർഷത്തെക്കാൾ ഒമ്പതു ശതമാനം ആസ്തി വർധിപ്പിച്ചു. നിലവിൽ 28,200 കോടി ഡോളറാണ് ബാങ്കിൻെറ ആസ്തി.
ബാങ്കുകളുടെ മികവും പോരായ്മകളും എട്ടു വിഭാഗങ്ങളിലായി പരിശോധിച്ചാണ് 'ദ ബാങ്കർ മാഗസിൻ' റാങ്കിങ് തയാറാക്കിയത്. വളർച്ച, ലാഭസാധ്യത, പ്രവർത്തന മികവ്, ആസ്തി മികവ്, റിസ്ക് റിട്ടേൺ തുടങ്ങിയ വിഭാഗങ്ങളിലെ പ്രകടനമാണ് വിലയിരുത്തിയത്.
മൂന്നു വൻകരകളിലെ 31 രാജ്യങ്ങളിലായി ഉപകേന്ദ്രങ്ങളും ബാങ്കിന് നിക്ഷേപമുള്ള കമ്പനികളും വ്യാപിപ്പിച്ചാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ക്യൂ.എൻ.ബി ചരിത്ര നേട്ടം കൊയ്തത്. രണ്ടു കോടി ഉപഭോക്താക്കളും 27,000 ജീവനക്കാരുമായി ലോകത്തിൻെറ വിവിധ ഭാഗങ്ങളിലായി ആയിരത്തിലേറെ കേന്ദ്രങ്ങളിലാണ് ഖത്തർ നാഷനൽ ബാങ്കിൻെറ പ്രവർത്തനം. 4400ലേറെ എ.ടി.എമ്മുകളുമുണ്ട്്.
നാല് ചൈനീസ് ബാങ്കുകളാണ് ലോകത്തെ ഏറ്റവും സമ്പന്നമായ ആയിരം ബാങ്കുകളുടെ പട്ടികയിൽ മുന്നിൽ. ഐ.സി.ബി.സി, ചൈന കൺസ്ട്രക്ഷൻ ബാങ്ക്, അഗ്രികൾചറൽ ബാങ്ക് ഓഫ് ചൈന, ബാങ്ക് ഓഫ് ചൈന എന്നിവയാണ് ഒന്നു മുതൽ നാലു വരെ സ്ഥാനങ്ങളിൽ. അമേരിക്കയിലെ ജെ.പി മോർഗൻ ചേസാണ് അഞ്ചാമത്. ആദ്യ 20 ബാങ്കുകളുടെ പട്ടികയിൽ ഒമ്പതും ചൈനയിൽനിന്നുള്ളവയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

