ഖിയ ഫുട്സാൽ: ക്വാർട്ടർ ഇന്ന്
text_fieldsഖിയ ഫുട്സാൽ മത്സരത്തിൽനിന്ന്
ദോഹ: ഖിയ ഇൻറർനാഷനൽ ഫുട്സാൽ ടൂർണമെൻറ് ആവേശകരമായ 40 പ്രാഥമിക മത്സരങ്ങൾക്കുശേഷം അവസാന എട്ടിലേക്ക്. ഗറാഫ ഇൻറർനാഷനൽ സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെൻറിൽ ഖത്തറിലെ പ്രശസ്തരായ 20 ടീമുകളാണ് മാറ്റുരച്ചത്. ഖത്തർ, ഈജിപ്ത്, ഘാന, ഒമാൻ, യുഗാണ്ട, സുഡാൻ, ടുനീഷ്യ, സ്പെയിൻ തുടങ്ങി ഇരുപതോളം രാജ്യങ്ങളിൽ നിന്നുള്ള കളിക്കാർ വിവിധ ടീമുകൾക്കായി അണിനിരക്കുന്നു. ഗ്രിൻറ് സ്പോർട്സ്, ഒലെ എഫ്.സി, ഓസിൽ എഫ്.സി, മർഖിയ സ്പോർട്സ് ക്ലബ് എന്നിവർ ഗ്രൂപ് ചാമ്പ്യന്മാരായും അൽ ഹിലാൽ സ്പോർട്സ് അക്കാദമി, മാദ്രെ എഫ്.സി, ഹിലാൽ സ്പോർട്സ് ക്ലബ്, സിറ്റി എക്സ്ചേഞ്ച് എന്നിവർ രണ്ടാം സ്ഥാനക്കാരായും ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.
ബുധനാഴ്ച രാത്രി 8.30ന് ക്വാർട്ടർ ഫൈനലിൽ ഒലെ എഫ്.സി, സിറ്റി എക്സ്ചേഞ്ചിനെയും അൽ മർഖിയ സ്പോർട്സ് മാദ്ര എഫ്.സിയെയും ഗ്രിൻറ് എഫ്.സി ഹിലാൽ സ്പോർട്സിനെയും ഓസിൽ എഫ്.സി ഹിലാൽ അക്കാദമിയെയും നേരിടുന്നു. വ്യാഴാഴ്ച സെമി ഫൈനലും വെള്ളിയാഴ്ച ഫൈനൽ മത്സരവുമാണ് നടക്കുന്നത്. ടൂർണമെൻറിൽ വിവിധ സന്ദർഭങ്ങളിലായി കായിക മന്ത്രാലയം, ഖത്തരി ക്ലബ് ഭാരവാഹികൾ തുടങ്ങി വിശിഷ്ട വ്യക്തിത്വങ്ങൾ അതിഥികളായി എത്തിയിരുന്നു.

