‘ഖിയ’ചാമ്പ്യൻസ് ലീഗ്: മേയ് 18ന് കിക്കോഫ്
text_fieldsഖിയ ചാമ്പ്യൻസ് ലീഗ് പ്രഖ്യാപന ചടങ്ങിൽ ക്യു.എഫ്.എ മീഡിയ മേധാവി അലി അൽ സലാത് സംസാരിക്കുന്നു
ദോഹ: ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിനിടയിലെ ശ്രദ്ധേയ ഫുട്ബാൾ ടൂർണമെന്റായ ഖത്തർ ഇന്ത്യൻ അസോസിയേഷൻ അഖിലേന്ത്യ ചാമ്പ്യൻസ് ലീഗിന് മേയ് 18ന് കിക്കോഫ് കുറിക്കും.
ദോഹ സ്റ്റേഡിയം വേദിയാവുന്ന ഖിയ ചാമ്പ്യൻസ് ലീഗിൽ ഇന്ത്യയിൽനിന്നുള്ള പ്രഫഷനൽ താരങ്ങളും ഖത്തറിലെ പ്രവാസി താരങ്ങളും ഉൾപ്പെടെ പ്രമുഖ കളിക്കാർ അണിനിരക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഖത്തർ ഫുട്ബാൾ അസോസിയേഷൻ, സാംസ്കാരിക, കായിക മന്ത്രാലയങ്ങൾ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ‘ഖിയ’യുടെ ഒമ്പതാമത് ലീഗ് ഫുട്ബാളിന് ഖത്തർ വേദിയാവുന്നത്.
കഴിഞ്ഞ ദിവസം ദോഹ റാഡിസൺ ബ്ലൂ ഹോട്ടലിൽ നടന്ന ചടങ്ങിൽ ടൂർണമെന്റ് പങ്കാളികൾ, സ്പോൺസർമാർ, വിവിധ ടീം പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ ടൂർണമെന്റ് പ്രഖ്യാപനവും ഗ്രൂപ് റൗണ്ട് മത്സരങ്ങളുടെ നറുക്കെടുപ്പും നടന്നു. ഖത്തർ ഫുട്ബാൾ അസോസിയേഷൻ മീഡിയ ആൻഡ് കമ്യൂണിക്കേഷൻ മേധാവി അലി അൽ സലാത്, ടൂർണമെന്റ് സ്പോൺസർമാരായ സിറ്റി എക്സ്ചേഞ്ച് സി.ഇ.ഒ ഷറഫ് പി. ഹമീദ് എന്നിവർ മുഖ്യാതിഥികളായി.
ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഇ.പി. അബ്ദുൽ റഹ്മാൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്പോർട്സ് സെന്റർ ജനറൽ സെക്രട്ടറി നിഹാദ് അലി പങ്കെടുത്തു. ‘ഖിയ’യുടെ പത്താം വാർഷിക ബാഡ്ജ് ഷറഫ് പി. ഹമീദ് പുറത്തിറക്കി. ‘ഖിയ’ഉപദേശക സമിതി ചെയർമാൻ മിബു ജോസ്, അലി അൽ സലാത്, ടൂർണമെന്റ് ഹെഡ് സഫീർ റഹ്മാൻ എന്നിവർ സംസാരിച്ചു.
ഗ്രൂപ് ‘എ’യിൽ സീഷോർ മേറ്റ്സ് ഖത്തർ എഫ്.സി, ഫ്രൈഡേ ഫിഫ മഞ്ചേരി എഫ്.സി, ഫോഴ്സ് എക്സ് കെയർ ആൻഡ് ക്യൂവർ എഫ്.സി, ഗ്രാൻഡ് മാൾ എഫ്.സി, ഗ്രൂപ് ‘ബി’യിൽ സിറ്റി എക്സ്ചേഞ്ച് എഫ്.സി, ഒലെ എഫ്.സി, ക്യു.ഐ.ഇ സ്പീഡ് ഫോഴ്സ്, ഓർബിറ്റ് എഫ്.സി ടീമുകൾ മത്സരിക്കും. മേയ് 18ന് കിക്കോഫ് കുറിക്കുന്ന ടൂർണമെന്റ് ജൂൺ 16ന് സമാപിക്കും.

