ക്യൂ.എഫ്.എയെ ജാസിം ബുഐനൈൻ നയിക്കും
text_fieldsഖത്തർ ഫുട്ബാൾ അസോസിയേഷൻ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജാസിം അൽ ബുഐനൈൻ, ഓണററി പ്രസിഡന്റ് ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി എന്നിവർ
ദോഹ: ഖത്തർ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റായി ജാസിം ബിൻ റാഷിദ് അൽ ബുഐനൈനെ തിരഞ്ഞെടുത്തു. കഴിഞ്ഞ എട്ടുവർഷമായി പ്രസിഡന്റായിരുന്ന ശൈഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹമ്മദ് ആൽഥാനിയെ ഓണററി പ്രസിഡന്റായും നിയമിച്ചു. വ്യാഴാഴ്ച നടന്ന ക്യൂ.എഫ്.എ ജനറൽ അസംബ്ലിയിലാണ് 2023 -27 കാലയളവിലെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തത്.
‘പുതിയ പ്രസിഡന്റായി സഹോദരൻ ജാസിം ബിൻ റാഷിദിനെ തിരഞ്ഞെടുത്തു. കഴിഞ്ഞ കാലഘട്ടത്തിൽ മികച്ച സംഘാടകനായി അദ്ദേഹം പുതിയ പദവിയിലേക്ക് തയാറെടുപ്പ് നടത്തി. അപ്പോഴെല്ലാം അദ്ദേഹത്തിനൊപ്പം ഞാനുണ്ടായിരുന്നു. ഭാവിയിലും അദ്ദേഹത്തിനൊപ്പമുണ്ടാവും’ -സ്ഥാനമാറ്റം അറിയിച്ചുകൊണ്ട് ശൈഖ് ഹമദ് ബിൻ ഖലീഫ പറഞ്ഞു.
ഹനി താലിബ് ബലാൻ (ഖത്തർ സ്പോർട്സ് ക്ലബ്), മുഹമ്മദ് ഖലീഫ അൽ സുവൈദി (അൽ റയാൻ ക്ലബ്), ഹസൻ ജുമ അൽ മുഹന്നദി (അൽ ഖോർ ക്ലബ്), ഖാലിദ് അബ്ദുല്ല അൽ സുലൈതി (അൽ അറബി ക്ലബ്) എന്നിവരാണ് അടുത്ത നാലുവർഷത്തേക്കുള്ള എക്സിക്യൂട്ടിവ് കമ്മിറ്റിയിലെ അംഗങ്ങൾ.
ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്റ്, എക്സിക്യൂട്ടിവ് അംഗങ്ങൾ, 18 ക്ലബുകളിൽനിന്നുള്ള ജനറൽ അസംബ്ലി അംഗങ്ങൾ, ഖത്തർസ്റ്റാർസ് ലീഗ് മാനേജ്മെന്റ്, ലുസൈൽ, അൽ ബിദ, അൽ വാബ് ക്ലബ് പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.
അബ്ദുല്ല ഹമദ് അൽ മുല്ലയായിരുന്നു തെരഞ്ഞെടുപ്പിന് മേൽനോട്ടം നിർവഹിച്ചത്. ഫിഫ പ്രതിനിധികളായ ഹനി അബു റിദ, ഇസാം അൽ സഹിബാനി, ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ പ്രതിനിധിയായ കിരം ഹൈദർ അൽ സൈൻ എന്നിവരും നിരീക്ഷകരായി പങ്കെടുത്തു.
16 വോട്ടു നേടിയാണ് ജാസിം ബിൻ റാഷിദ് അൽ ബുഐൈനൻ ഖത്തർ ഫുട്ബാൾ അസോസിയേഷന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്. എക്സിക്യൂട്ടിവ് വോട്ടെടുപ്പിൽ മുഹമ്മദ് ഖലീഫ അൽ സുവൈദി (18 വോട്ട്), ഹനി താലിബ് (17), ഹസൻ ജുമ (16), ഖാലിദ അബ്ദുല്ല (15) എന്നിങ്ങനെ വോട്ടുകൾ നേടി.
ദോഹ ഷെറാട്ടൺ ഹോട്ടലിലായിരുന്നു ക്യൂ.എഫ്.എയുടെ ജനറൽ അസംബ്ലി നടന്നത്. ലോകകപ്പ് ഫുട്ബാളിൽ ഖത്തറിന്റെ സംഘാടനത്തിൽ സജീവമായ പങ്കാളിത്തം വഹിച്ച ക്യൂ.എഫ്.എ അടുത്ത വർഷം നടക്കുന്ന ഏഷ്യൻ കപ്പിനുള്ള ഒരുക്കത്തിലാണിപ്പോൾ.
മേയ് രണ്ടാം വാരത്തിൽ ദോഹയിലായിരുന്നു ഏഷ്യൻ കപ്പിന്റെ ഗ്രൂപ്പ് മത്സരങ്ങളുടെ നറുക്കെടുപ്പ് നടന്നത്. കഴിഞ്ഞ ഫെബ്രുവരി മുതൽ ക്യൂ.എഫ്.എ വൈസ് പ്രസിഡന്റായി പ്രവർത്തിക്കുന്ന ജാസിം ബിൻ റാഷിദ് അൽ ബുഐനൈൻ ഫുട്ബാൾ സംഘാടനത്തിൽ മികവു തെളിയിച്ചതായി ശൈഖ് ഹമദ് ബിൻ ഖലീഫ പറഞ്ഞു.
2015 മുതൽ ക്യൂ.എഫ്.എ പ്രസിഡന്റായി പ്രവർത്തിക്കുന്ന ശൈഖ് ഹമദ് ബിൻ ഖലീഫ ഇത്തവണ പ്രസിഡന്റ് സ്ഥാനത്തുനിന്നും പിൻവാങ്ങുന്നതായി അറിയിച്ചതിനെ തുടർന്നാണ് ജാസിം താൽപര്യമറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

