പ്രൗഢഗംഭീരം; ഇന്ത്യൻ ഉത്സവത്തിന് കൊടിയിറക്കം
text_fieldsഷാഹിദ് നിയാസിയുടെ നേതൃത്വത്തിൽ അരങ്ങേറിയ ഖവ്വാലി
ദോഹ: ഖവ്വാലി സൂഫി സംഗീതം കോർണിഷിന്റെ തീരത്ത് മഴയായി പെയ്തിറങ്ങിയ മൂന്നു ദിനം. ഒപ്പം, നിറത്തിലും വേഷത്തിലും അഴകിലും വ്യത്യസ്തതകൊണ്ട് മാറ്റുരച്ച ഇന്ത്യൻ നൃത്ത വൈവിധ്യങ്ങൾ. കഥക്, ഭരതനാട്യം, കുച്ചിപ്പുടി, ബംഗ്റ, ഗർബ, ഒഡിസി, മണിപ്പൂരി, മോഹിനിയാട്ടം മുതൽ കോൽക്കളിയും ഒപ്പനയും വരെ ഇന്ത്യയുടെ പരിച്ഛേദമായി മാറിയ നൃത്തരൂപങ്ങൾ. ഇവർക്കൊപ്പം അംഗവലുപ്പംകൊണ്ട് ശ്രദ്ധേയമായ തിരുവാതിരയും, ഗർബ നൃത്തവുമെല്ലാമായി നിറഞ്ഞ മൂന്നു ദിവസത്തെ ആഘോഷത്തിനൊടുവിൽ ‘പാസേജ് ടു ഇന്ത്യ’ കമ്യൂണിറ്റി ഫെസ്റ്റിന് കൊടിയിറങ്ങി.
മിയാ പാർക്കിലെ നിറഞ്ഞുകവിഞ്ഞ സദസ്സ്
വ്യാഴം മുതൽ ശനിവരെ വൈകീട്ട് നാലു മുതൽ രാത്രി 11 മണിവരെയായിരുന്നു ഇന്ത്യയുടെ സാംസ്കാരിക സംഗമമായി മാറിയ പാസേജ് ടു ഇന്ത്യ അരങ്ങേറിയത്. സംഘാടനമികവിലും ഖത്തറിലെ പ്രവാസിസമൂഹത്തിന്റെ പങ്കാളിത്തംകൊണ്ട് പരിപാടി ശ്രദ്ധേയമായി മാറി. കരകൗശല പ്രദർശനങ്ങൾ, രുചി വൈവിധ്യങ്ങളുടെ സംഗമമായ വിവിധ ഭക്ഷണ പവിലിയനുകൾ, ഇന്ത്യൻ ഫോട്ടോഗ്രഫർമാരുടെ പ്രദർശനങ്ങൾ എന്നിവയും പാസേജ് ടു ഇന്ത്യയെ ആകർഷകമാക്കി.
പാസേജ് ടു ഇന്ത്യയിൽ അവതരിപ്പിച്ച നൃത്തം
ശനിയാഴ്ച ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ ഡോഗ് ഷോ ശ്രദ്ധേയമായി. സുരക്ഷയുടെയും കുറ്റകൃത്യങ്ങളുടെയും ഭാഗമായി ഉപയോഗിക്കുന്ന വിദഗ്ധ പരിശീലനം ലഭിച്ച പൊലീസ് നായ്ക്കൾ പരിശീലകർക്കൊപ്പം അണിനിരന്നപ്പോൾ കാഴ്ചക്കാർക്കും പുതുമയായി മാറി. മോഷണം പോയ മൊബൈൽ ഫോൺ മണംപിടിച്ച് കണ്ടെത്തിയും പൊലീസ് നായ് പരിശീലകന്റെ നിർദേശങ്ങൾ അനുസരിക്കുന്നതും വി.വി.ഐ.പി സുരക്ഷ നിർവഹിക്കുന്നതും ഉൾപ്പെടെയായിരുന്നു പ്രദർശനം. മൂന്നു ദിവസങ്ങളിലും ഇന്ത്യൻ പ്രവാസികളും വിവിധ രാജ്യക്കാരായ താമസക്കാരും ‘മിയ’ പാർക്കിൽ കാഴ്ചക്കാരായി എത്തി. യൂറോപ്പ്, ആഫ്രിക്ക, അറബ് രാജ്യങ്ങളിൽനിന്നുള്ള കാഴ്ചക്കാർ ഇന്ത്യയുടെ സാംസ്കാരിക പ്രദർശനം അടുത്തറിയാനെത്തി. മൂന്നു ദിനങ്ങളിലും ഖത്തരി ഉന്നത ഉദ്യോഗസ്ഥരും അതിഥികളായി എത്തിയിരുന്നു.
ഐ.സി.സി പാസേജ് ടു ഇന്ത്യയുടെ ഭാഗമായി നടന്ന മെഗാ തിരുവാതിര
സീനിയേഴ്സിന് ആദരവ്
- രണ്ടു വിഭാഗങ്ങളിലായി 44 ദീർഘകാല പ്രവാസികൾക്ക് പാസേജ് ടു ഇന്ത്യ ആദരവ്
ദോഹ: പതിറ്റാണ്ടുകാലങ്ങൾ പ്രവാസമണ്ണിൽ സേവനമനുഷ്ഠിച്ച ഇന്ത്യക്കാർക്ക് ആദരവർപ്പിച്ച് മിയാ പാർക്കിലെ പാസേജ് ടു ഇന്ത്യ വേദി. 30 മുതൽ 51 വർഷം വരെ ഖത്തറിൽ പ്രവാസികളായ 44 പേരെയാണ് വെള്ളിയാഴ്ച രാത്രിയിൽ ഇന്ത്യൻ കൾചറൽ സെന്ററിന്റെ നേതൃത്വത്തിൽ നടന്ന കമ്യൂണിറ്റി ഫെസ്റ്റിൽ ആദരിച്ചത്. മുൻ വർഷത്തെ അപേക്ഷിച്ച്, ദീർഘകാല പ്രവാസികളായ ഗാർഹിക തൊഴിലാളികളെയും ഇത്തവണ ആദരിച്ചു. 40 വർഷത്തിനു മുകളിൽ പ്രവാസമനുഷ്ഠിച്ച 19 പേരെ പതിനായിരങ്ങൾ സാക്ഷിയായ പ്രൗഢഗംഭീര ചടങ്ങിൽ സർട്ടിഫിക്കറ്റും ഫലകവും നൽകി ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ ആദരവ് നൽകി. വീട്ടുതൊഴിലാളികളും ഡ്രൈവർമാർ ഉൾപ്പെടെ ഗാർഹിക ജീവനക്കാരുമായി 25 പേരെയും ആദരിച്ചു. ഡ്രൈവർമാർ, മത്സ്യത്തൊഴിലാളികൾ, വീട്ടു ജോലിക്കാർ, കടകളിലെ ജീവനക്കാർ തുടങ്ങി വിവിധ മേഖലകളിൽ ജോലിചെയ്യുന്ന മലയാളികൾ ഉൾപ്പെടെയുള്ളവർ പട്ടികയിലുണ്ട്. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി സചിൻ ദിനകർ ശങ്ക്പാൽ, ഐ.സി.സി പ്രസിഡന്റ് എ.പി മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി അബ്ദുറഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു.
പാസേജ് ടു ഇന്ത്യ ചടങ്ങിൽ ആദരവേറ്റുവാങ്ങിയ ഖത്തറിലെ ദീർഘകാല ഇന്ത്യൻ പ്രവാസികൾ
പൊതു വിഭാഗം: (ബ്രാക്കറ്റിൽ ഖത്തറിലെ പ്രവാസവർഷം) അബ്ദുസ്സമദ് മഖ്ദൂം (51), മാത്തൻ വർഗീസ് (48 വർഷം), അഷ്റഫ് പി.എം (47), അബ്ദുല്ല മോനു (48), ഫെലിക്സ് ഫെർണാണ്ടസ് (47), ഡോ. നോഡ സുബ്രയ്യ ഭട്ട് (48), ഡോ. ഉഷ സുബ്രയ്യ ഭട്ട് (48), ജാഫർ മരക്കാരകത്ത് (52), സണ്ണി കൊച്ചാപ്പു (48), രായമരക്കാർ വീട്ടിൽ മുഹമ്മദ് (47), തലക്കുളത്തിൽ അസ്സൻ (48), പി.എസ്. മുഹമ്മദ് ഇസ്മായിൽ (48), പ്രേമചന്ദ്രൻ എം.ആർ (48), ചേലപ്പൻ കൊറ്റക്കാട് (44), മുഹമ്മദ് അസ്ഗർ അലി (46), ഉസ്മാൻ താലുകശ്ശേരി (51), പുളിയുള്ളതിൽ ഇസ്മായിൽ (47), വടക്കേതലക്കൽ അബ്ദുല്ല അബ്ദുൽ അസീസ് (48), ജോൺ എൻ.സി (49).
പൊതുഇതര വിഭാഗം: മൊയ്തു കക്കാട് (46 വർഷം ഖത്തർ പ്രവാസി), ദിൽവാർ ഹുസൈൻ മൂസ (43), അയിനിക്കുന്നത്ത് മജീദ് (43), ഷാഹുൽ ഹമീദ് കാദർഷാ റാവുത്തർ (43), ഇഖ്ബാൽ അഹമ്മദ് അല്ലകോത്ത് (39), സൈനുദ്ദീൻ സി (45), രവി പിള്ള (43), ചിറക്കൽമീത്തൽ വാസുദേവൻ (39), കക്കാടൻ സഹറത്ത് അലി (42), വരപ്പുറത്ത് അബൂബക്കർ (42), മുഹമ്മദ് മുഹ്യിദ്ദീൻ പീർ മുഹമ്മദ് (43), ആലങ്ങാട്ട് മോഹനൻ (42), അബ്ദുല്ല കല്ലുവളപ്പ് (43), മരക്കാർ പി (42), അലവി പറമ്പൻ (43), സെയ്ദ് ജാഫർ (43), ആയിക്കുട്ടി അറക്കവീട്ടിൽ (36), നാൻസി മാർഗരറ്റ് (35), വീരൻ മുരുഗൻ (31), മുഹമ്മദ് കുട്ടി (38), റസിയ മധുരക്കുഴി (33), യൂസുഫ് ഷരീഫ് പുതുശ്ശേരി (35), അമൽരാജ് സൂസയ് ആന്റണി (35), ജോസഫ് അലക്സാണ്ടർ സൂസയ് (38), അരുൾ ദാസൻ സെബാസ്റ്റ്യൻ (38).
ഐ.സി.സി പാസേജ് ടു ഇന്ത്യയിൽ ഇശൽ മലബാർ അവതരിപ്പിച്ച കോൽക്കളിയിൽനിന്ന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

