ഖത്തറിന്‍റെ പരിശീലനം കാണാം; ആരാധകർക്കും അവസരം
text_fieldsഖത്തർ ഫുട്ബാൾ അസോസിയേഷന്റെ വാർത്തസമ്മേളനത്തിൽനിന്ന്
ദോഹ: ലോകകപ്പിൽ ആതിഥേയ സ്വപ്നങ്ങളുമായി ഒരുങ്ങുന്ന ഖത്തർ ദേശീയ ടീമിന്‍റെ പരിശീലനം കാണാൻ ആരാധകർക്ക് സുവർണാവസരമൊരുങ്ങുന്നു. ഖത്തർ ഫുട്ബാൾ അസോസിയേഷനാണ് ഒക്ടോബർ രണ്ടിന് ആരാധകർക്ക് ഇഷ്ടതാരങ്ങളുടെ പരിശീലനം കാണാൻ അവസരമൊരുക്കുന്നത്. ഖത്തർ ടീമിന്‍റെ ചില പരിശീലന സെഷനുകൾ എല്ലാവർക്കും കാണാനാകുമെന്നും ഖത്തർ ഫുട്ബാൾ അസോസിയേഷൻ മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻ ഡയറക്ടർ ഖാലിദ് അൽ കുവാരി പറഞ്ഞു.
ലോകകപ്പിനായുള്ള ദേശീയ ടീമിനെ പിന്തുണക്കുന്നതിന്‍റെ ഭാഗമായി ഖത്തർ ഫുട്ബാൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രമോഷൻ കാമ്പയിൻ പ്രഖ്യാപനത്തിലാണ് ഇക്കാര്യം പുറത്തുവിട്ടത്. മുശൈരിബ് ഡൗൺടൗൺ ബിൻ ജൽമൂദ് ഹൗസിൽ നടന്ന വാർത്തസമ്മേളനത്തിൽ ക്യു.എഫ്.എ കമ്യൂണിക്കേഷൻ വിഭാഗം തലവൻ അലി ഹസൻ അൽ സലത്, മുശൈരിബ് പ്രോപ്പർട്ടീസ് മാർക്കറ്റിങ്, കമ്യൂണിക്കേഷൻ വിഭാഗം മേധാവി ഡോ. ഹാഫിസ് അലി, അൽനഹ്ദി ഗ്രൂപ് സി.ഇ.ഒ ജമാൽ അൽ നഹ്ദി, ഖത്തർ ഷെൽ സോഷ്യൽ ഇൻവെസ്റ്റ്മെൻറ് സ്ട്രാറ്റജിസ്റ്റ് ജാബിർ അൽ മൻസൂർ തുടങ്ങിയവർ പങ്കെടുത്തു.
ദേശീയ ടീമിനായുള്ള പ്രമോഷൻ കാമ്പയിന്‍റെ ഭാഗമായി വൈവിധ്യമാർന്ന പരിപാടികളും റിക്രിയേഷനൽ പ്രവർത്തനങ്ങളുമാണ് ആരാധകർക്കായി തയാറാക്കിയിരിക്കുന്നതെന്നും ഖാലിദ് അൽ കുവാരി വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
ആരാധകരുടെ താൽപര്യങ്ങൾ ഉൾക്കൊണ്ട് നിരവധി പരിപാടികളാണ് ക്യു.എഫ്.എ സംഘടിപ്പിക്കുന്നത്. ലുസൈലിൽ അൽ നഹ്ദി ഗ്രൂപ്പുമായി ചേർന്ന് ആരാധകർക്കായി സ്വന്തം കാറുകൾ അലങ്കരിക്കാനുള്ള അവസരവും ഒരുക്കുന്നുണ്ട്. കാർ അലങ്കരിക്കുന്നവർക്ക് ഡിസ്കൗണ്ട് കൂപ്പണുകളും വിതരണം ചെയ്യും. വീടുകൾ അലങ്കരിക്കുന്നതിന്‍റെ ഭാഗമായി അശ്ഗാൽ ആരംഭിച്ച സൈന കാമ്പയിനോടനുബന്ധിച്ച് ഖത്തരി ഫാൻസിനെ തങ്ങളുടെ വീടുകൾ അലങ്കരിക്കുന്നതിനായി ക്ഷണിക്കുകയാണെന്നും ഒക്ടോബർ മാസത്തിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി കാമ്പയിനോടനുബന്ധിച്ച് സമ്മാനങ്ങൾ വിതരണം ചെയ്യുമെന്നും അറിയിച്ചു. ഖത്തരി ദേശീയ സ്വത്വത്തെയും തനത് പൈതൃകത്തെയും അടയാളപ്പെടുത്തിക്കൊണ്ടുള്ള മെറൂൺ, വെള്ള നിറത്തിലുള്ള ഖത്തർ ദേശീയ ടീം കിറ്റ് അവതരിപ്പിച്ചതായും അദ്ദേഹം ഓർമിപ്പിച്ചു. നൈക് സ്റ്റോറുകളിലും ക്യു.എഫ്.എ ഔട്ട്‍ലറ്റുകളിലും ഇവ ഉടൻ ലഭ്യമാകും.
അൽ നഹ്ദി ഗ്രൂപ്പുമായി സഹകരിച്ച് നവംബർ മാസത്തിൽ ലുസൈലിൽ നടക്കുന്ന കാർ അലങ്കാരത്തിന് അധികൃതർ ആരാധകർക്കായി സൗജന്യങ്ങളും പ്രഖ്യാപിച്ചു. 750 റിയാലിന്‍റെ സ്റ്റിക്കർ പതിപ്പിക്കുന്നവർക്ക് 150 റിയാലിന്‍റെ ഗിഫ്റ്റ് കൂപ്പൺ ലഭ്യമാകും. 1000 റിയാൽ സ്റ്റിക്കറിന് 200 റിയാൽ ഗിഫ്റ്റ് കൂപ്പണും 2000 റിയാലിന് 500 കൂപ്പണുമായി വിവിധ ആനുകൂല്യങ്ങൾ ലഭ്യമാക്കും. തെർമൽ ഇൻസുലേഷൻ സർവിസിന് മാത്രമായിരിക്കും കൂപ്പൺ ബാധമാകുക. ഒരു മാസത്തേക്കു മാത്രമായിരിക്കും കൂപ്പൺ വാലിഡിറ്റി.
വാഹനം മോടിപിടിപ്പിക്കുമ്പോൾ പാലിക്കേണ്ട നിർദേശങ്ങൾ: വിൻഡ്ഷീൽഡിൽ സ്റ്റിക്കറുകൾ പതിക്കുന്നത് അതിര് കവിയരുത്, വാഹനത്തിന്‍റെ നിറം മാറാൻ പാടില്ല, മുൻഭാഗത്തെ നമ്പറുകൾക്ക് മങ്ങലേൽക്കരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

