സിറിയയിലെ ദുരിതബാധിതർക്ക് ഖത്തറിന്റെ കൈത്താങ്ങ്
text_fieldsദോഹ: യുദ്ധവും മറ്റ് പ്രതിസന്ധികളും മൂലം ദുരിതത്തിലായ സിറിയയിലെ ജനങ്ങൾക്ക് കൈത്താങ്ങായി ഖത്തറിന്റെ കാരുണ്യഹസ്തം. ദുരിതബാധിതർക്കും ഭവനരഹിതരായവർക്കും ആശ്വാസമെത്തിക്കുന്നതിനുള്ള ഖത്തറിന്റെ നിരന്തര ശ്രമങ്ങളുടെ ഭാഗമായി, ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റും ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റിയും സംയുക്തമായി അവശ്യ വസ്തുക്കൾ വിതരണം ചെയ്തു. ഭക്ഷണം, മരുന്നുകൾ, ശുചിത്വ കിറ്റുകൾ, ഇന്ധനം എന്നിവയുൾപ്പെടെയുള്ള അത്യാവശ്യ സാമഗ്രികളാണ് ജനങ്ങളിലേക്ക് എത്തിക്കുന്നത്. സിറിയയിൽ വൻതോതിലുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ നിലവിൽ ഖത്തറിന്റെ നേതൃത്വത്തിൽ നടന്നുവരുന്നുണ്ട്.
ഇത് കൂടാതെ, ദുരിത ബാധിത പ്രദേശങ്ങളിൽ അത്യാവശ്യ സേവനങ്ങൾ തടസ്സമില്ലാതെ ഉറപ്പാക്കുന്നതിനുള്ള വിപുലമായ പദ്ധതിയുടെ ഭാഗമായാണ് ഈ അടിയന്തര ഇടപെടൽ. പ്രദേശത്ത് തടസ്സമില്ലാതെ വൈദ്യുതി ഉറപ്പാക്കുന്നതിനായി വിവിധ ആശുപത്രികളിലെ ജനറേറ്ററുകളിലേക്ക് ഇതുവരെ നാല് ലക്ഷത്തിലധികം ലിറ്റർ ഇന്ധനം വിതരണം ചെയ്തിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി 4.53 ലക്ഷം ലിറ്റർ ഇന്ധനം വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്.
11 ഗവർണറേറ്റുകളിലായി വ്യാപിച്ചുകിടക്കുന്ന ആശുപത്രികളിൽ ഇതുവഴി വൈദ്യുതി ഉറപ്പാക്കാൻ സാധിക്കും. പലായനം ചെയ്തവർ, അഭയാർത്ഥികൾ എന്നിവരുൾപ്പെടെ 85,000 ഓളം നിർധനരായ ആളുകൾക്ക് ഇതിലൂടെ പ്രയോജനം ലഭിക്കും. ആശുപത്രികളുടെ രണ്ട് മാസത്തെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് ആവശ്യമായ മരുന്നുകൾ, മെഡിക്കൽ സാമഗ്രികൾ, ലബോറട്ടറി ഉപകരണങ്ങൾ എന്നിവ എത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കൂടാതെ ദുരിതബാധിതരായ 7,380 കുടുംബങ്ങൾക്ക് ഒരു മാസത്തേക്ക് ആവശ്യമായ ഭക്ഷ്യക്കിറ്റുകളും വിതരണം ചെയ്യും. ഇതിലൂടെ ഏകദേശം 37,000 പേർക്ക് ഭക്ഷണം ഉറപ്പാക്കും. രോഗവ്യാപനം തടയുന്നതിനും ശുചിത്വം ഉറപ്പുവരുത്തുന്നതിനുമായി 7,380 ശുചിത്വ കിറ്റുകളും വിതരണം ചെയ്യും. സിറിയയിലെ ജനങ്ങളുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിനും ആവശ്യ സഹായങ്ങൾ ഉറപ്പാക്കാനുമാണ് ഖത്തറിന്റെ സഹായ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

