ഖത്തറിന്റെ സഹായം തുടരുന്നു
text_fieldsഈജിപ്തിലെ പോർട്ട് സെയ്ദിൽ എത്തിച്ച ഷെൽട്ടർ ടെന്റുകൾ
ദോഹ: വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ തുടർന്ന് ഗസ്സ മുനമ്പിലേക്കുള്ള ഖത്തറിന്റെ ദുരിതാശ്വാസ സഹായം തുടരുന്നു. മാനുഷിക സഹായം എത്തിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ആവശ്യ സാധനങ്ങളടങ്ങിയ ചരക്കുമായി കപ്പൽ ഈജിപ്തിലെ പോർട്ട് സെയ്ദിൽ എത്തി.
ഫലസ്തീനിലെ ജനങ്ങളെ പിന്തുണക്കുന്നതിനും അടിയന്തര ആവശ്യങ്ങളെത്തിക്കുന്നതിനും ഖത്തർ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ്, ഖത്തർ ചാരിറ്റി, ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി എന്നിവരുടെ സംയുക്ത ശ്രമത്തിൽ 29,200 ഷെൽട്ടർ ടെന്റുകളാണ് കഴിഞ്ഞദിവസം എത്തിച്ചത്.
ആക്രമണത്തെത്തുടർന്ന് വീടുകൾ നഷ്ടപ്പെട്ട പതിനായിരക്കണക്കിന് കുടുംബങ്ങൾക്ക് സുരക്ഷിതമായ താമസ സൗകര്യം ഒരുക്കാൻ ഇതിലൂടെ സാധിക്കും. ഷെൽട്ടർ ടെന്റുകൾ ഈജിപ്ഷ്യൻ അതിർത്തി വഴി ഗസ്സയിലെത്തിക്കും.
നേരത്തേ ഖത്തറിന്റെ സഹായവുമായി ഈജിപ്ഷ്യൻ നഗരമായ അൽ അരിഷിലേക്ക് 60 ട്രക്കുകളെത്തിയിരുന്നു. 25,500 ഭക്ഷ്യക്കിറ്റുകൾ, 1,800 ശുചിത്വ കിറ്റുകൾ, 1,000 ഷെൽട്ടർ കിറ്റുകൾ, 400 ടൺ ധാന്യം, 7,400 കാർട്ടൺ ബേബി മിൽക്ക് എന്നിവയടങ്ങിയ അടിയന്തര സഹായമാണ് ഗസ്സയിലെത്തിച്ചത്. ഇതിനിടെ, ഈജിപ്ത് സന്ദർശനത്തിനെത്തിയ അന്താരാഷ്ട്ര സഹകരണ വകുപ്പ് സഹമന്ത്രി ഡോ. മറിയം ബിൻത് അലി ബിൻ നാസർ അൽ മിസ്നദ് ഖത്തറിന്റെ ദുരിതാശ്വാസ സഹായങ്ങളും, ഭക്ഷ്യവസ്തുക്കളും സൂക്ഷിച്ചിട്ടുള്ള റമദാൻ സിറ്റിയിലെ വെയർഹൗസിൽ സന്ദർശനം നടത്തി. തുടർന്ന്, ഗസ്സ മുനമ്പിൽ അടിയന്തര മാനുഷിക ആവശ്യങ്ങൾ എത്തിക്കുന്നത് ഉറപ്പാക്കുന്നതിനായി ഖത്തർ -ഈജിപ്ത് സഹകരണ ശ്രമങ്ങളുടെ ഭാഗമായി കൈറോയിൽ നടന്ന യോഗത്തിലും അവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

