കാലാവസ്ഥ വ്യതിയാനം ചെറുക്കാൻ ഖത്തറിന്റെ റോഡ്മാപ്പ്
text_fieldsഖത്തറിൽ സഞ്ചാരികളെ ആകർഷിക്കുന്ന അൽ ദാഖിറയിലെ കണ്ടൽകാട്. കാലാവസ്ഥ
വ്യതിയാനത്തെ ചെറുക്കുന്നതിലും കണ്ടലിന് പ്രധാന പങ്കുണ്ട്
ദോഹ: കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ ചെറുക്കുന്നതിനായി ദേശീയ ആക്ഷൻ പ്ലാൻ തയാറാക്കിയതായി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിലെ കാലാവസ്ഥാ വ്യതിയാനകാര്യ അസി.അണ്ടർ സെക്രട്ടറി എഞ്ച. അഹ്മദ് മുഹമ്മദ് അൽ സാദ പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ കുറക്കുന്നതിന് 300ലധികം നടപടികൾ കണ്ടെത്തിയതായും, സാമ്പത്തിക മേഖല, അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യ സംരക്ഷണം, ഭക്ഷ്യസുരക്ഷ, ജലം, ജൈവവൈവിധ്യം, മറ്റ് അനുബന്ധ മേഖലകൾ എന്നിങ്ങനെ രാജ്യത്തെ വിവിധ മേഖലകൾ ഈ നടപടികളിൽ ഉൾപ്പെടുമെന്നും അഹ്മദ് മുഹമ്മദ് അൽ സാദ കൂട്ടിച്ചേർത്തു.
ഗ്ലോബൽ ഗ്രീൻ ഗ്രോത്ത് ഇൻസ്റ്റിറ്റ്യൂട്ടുമായി(ജി.ജി.ജി.ഐ) സഹകരിച്ച് മന്ത്രാലയം സംഘടിപ്പിക്കുന്ന ദ്വിദിന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ആറ് മേഖലകൾക്കായുള്ള കാലാവസ്ഥാ ദുർബലത വിലയിരുത്തന്നതിന്റെ പ്രാഥമിക ഫലങ്ങൾ ചർച്ച ചെയ്യുന്നതിനായി ‘ക്ലൈമറ്റ് വൾനറബിലിറ്റി ആൻഡ് ഇംപാക്ട് അസസ്‌മെന്റ് ഫോർ ഖത്തർ’ എന്ന തലക്കെട്ടിൽ നടന്ന ശിൽപശാല അദ്ദേഹം ഉദ്ഘാടനം ചെയ്തു.
വിവിധ മന്ത്രാലയങ്ങളിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരും പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും സ്വകാര്യ മേഖലാ സ്ഥാപനങ്ങളും അക്കാദമിക് വിദഗ്ധരും സിവിൽ സൊസൈറ്റി സംഘടനകളും ശിൽപശാലയിൽ പങ്കെടുത്തു.
പരിസ്ഥിതി സംരക്ഷണം, ഹരിത മേഖലകൾ വർധിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കൽ, കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ കുറക്കൽ എന്നിവയിൽ ഖത്തർ വിഷൻ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിന് കഴിഞ്ഞ വർഷങ്ങളിൽ ഖത്തർ സുപ്രധാന നപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അൽ സാദ ചൂണ്ടിക്കാട്ടി.
ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് പങ്കാളികളും ദേശീയ അന്തർദേശീയ സംഘടനകളും തമ്മിലുള്ള സഹകരണത്തിന്റെ പ്രധാന്യവും അദ്ദേഹം സൂചിപ്പിച്ചു.
കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടുന്നതിനെക്കുറിച്ച് ജനങ്ങളുടെ ധാരണയും അവബോധവും വർധിപ്പിക്കുന്നതിനുള്ള പദ്ധതി സംബന്ധിച്ചും അടിസ്ഥാന ആശയങ്ങളെക്കുറിച്ചും ജി.ജി.ജി.ഐ ഖത്തർ ഓഫീസ് സീനിയർ പ്രോഗ്രാം ഓഫീസർ ചിഡെൻ ഒസിയോ ബാംസ് അവതരിപ്പിച്ചു.
കാലാവസ്ഥാ വെല്ലുവിളികൾ ഖത്തർ അഭിമുഖീകരിക്കുന്നുണ്ടെന്നും കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടുത്തൽ നടപടികൾ തിരിച്ചറിഞ്ഞ് പ്രതിരോധശേഷി വർധിപ്പിക്കുന്നതിനുള്ള അവസരങ്ങളായി ഈ വെല്ലുവിളികളെ മാറ്റാൻ കഴിയുമെന്നും ഒസിയോ ബാംസ് കൂട്ടിച്ചേർത്തു.