സിറിയക്ക് പിന്തുണയുമായി പ്രധാനമന്ത്രി ഡമസ്കസിൽ
text_fieldsഡമസ്കസിലെത്തിയ ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയെ സിറിയൻ ഭരണാധികാരി അബു മുഹമ്മദ് അൽ ജൂലാനി സ്വീകരിക്കുന്നു
ദോഹ: സിറയൻ ഭരണകൂടത്തിനും ജനങ്ങളുടെ പുനരധിവാസത്തിനും പൂർണ പിന്തുണയുമായി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി ഡമസ്കസിൽ. വ്യാഴാഴ്ച സിറിയൻ തലസ്ഥാനത്തെത്തിയ ഖത്തർ പ്രധാനമന്ത്രിയെ സിറിയൻ ഭരണത്തലവൻ അബു മുഹമ്മദ് അൽ ജൂലാനിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് ഇരുവരും കൂടിക്കാഴ്ചയും സംയുക്ത വാർത്തസമ്മേളനവും നടത്തി.
ബശ്ശാറുൽ അസദ് ഭരണകൂടത്തിന്റെ വീഴ്ചക്കു പിന്നാലെ സിറിയൻ അതിർത്തിയിലെ യു.എൻ പ്രഖ്യാപിത നിഷ്പക്ഷ മേഖലയിലേക്ക് അതിക്രമിച്ചു കയറിയ ഇസ്രായേൽ സൈന്യം അടിയന്തരമായി പിൻവാങ്ങണമെന്ന് ഖത്തർ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വടക്കൻ സിറിയയിലെ ഗോലൻ കുന്നുകൾ ഉൾപ്പെടെയുള്ള മേഖലകളിലെ ഇസ്രായേൽ അധിനിവേശ സേനമുന്നേറ്റത്തെ അദ്ദേഹം വിമർശിച്ചു. കഴിഞ്ഞ മാസത്തോടെ ഇവിടെ അതിക്രമിച്ചു കടന്ന ഇസ്രായേൽ സേന സിറിയയിലെ വിവിധ മേഖലകളിലേക്ക് വ്യോമാക്രമണം നടത്തുകയും ചെയ്തിരുന്നു.
മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും പങ്കാളികളുടെ സഹകരണത്തോടെ സിറിയയുടെ പുതിയ മുന്നേറ്റത്തിന് ഖത്തറിന്റെ പിന്തുണ പ്രധാനമന്ത്രി ‘എക്സ്’ പ്ലാറ്റ്ഫോമിലൂടെ വാഗ്ദാനം ചെയ്തു. കഴിഞ്ഞ കാലങ്ങളിൽ ഏറെ ദുരിതമനുഭവിച്ച സിറിയൻ ജനത ഇന്ന് എല്ലാവരുടെയും പിന്തുണ അർഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. ബശ്ശാറുൽ അസദ് രാജ്യം വിട്ടശേഷം സിറിയയിലേക്കുള്ള ഏറ്റവും വലിയ രാഷ്ട്രനേതാവിന്റെ സന്ദർശനം കൂടിയായിരുന്നു ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

