ഡാക്കർ റാലിയിൽ ഖത്തറിന്റെ നാസർ അൽ അതിയ്യക്ക് ആറാം കിരീടം
text_fieldsദോഹ: സൗദി മരുഭൂപ്രദേശങ്ങളിലൂടെ ചീറിപ്പറന്ന ഡാക്കർ റാലിയിൽ ഖത്തറിന്റെ നാസർ അൽ അതിയ്യക്ക് ആറാം കിരീടം. ചെങ്കടൽ തീരത്തെ യാമ്പുവിൽ നടന്ന 48ാമത് ഡാക്കർ റാലിയിൽ കാർ വിഭാഗത്തിൽ ആണ് നാസർ അൽ അതിയ്യ ആറാം തവണയും ചാമ്പ്യനായത്. ബൈക്ക് വിഭാഗത്തിൽ വെറും രണ്ട് സെക്കൻഡിന്റെ വ്യത്യാസത്തിൽ ലൂസിയാനോ ബെനവിഡസും ചാമ്പ്യനായി.
മരുഭൂമിയിലെ കഠിനമായ പാതകളിലൂടെ 7,994 കിലോമീറ്റർ താണ്ടി എത്തിയ സാഹസികർ. അവർക്ക് യാമ്പുവിൽ ആവേശകരമായ സ്വീകരണം. കാർ വിഭാഗത്തിൽ തുടക്കം മുതൽ ആധിപത്യം പുലർത്തിയ ഡാസിയ ടീമിന്റെ നാസർ അൽ അതിയ്യ, ഒരിക്കൽ കൂടി മരുഭൂമിയിലെ തന്റെ അപ്രമാദിത്വം തെളിയിച്ചു. കരിയറിലെ ആറാം കിരീട നേട്ടം. ഡാക്കർ ചരിത്രത്തിലെ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടുന്ന രണ്ടാമത്തെ താരം. അങ്ങനെ റെക്കോർഡ് നേട്ടത്തോടെ കിരീടം സ്വന്തമാക്കി.
ഡാസിയ കാറുമായി ട്രാക്കിലിറങ്ങിയ 55കാരനായ അൽ അതിയ്യ, വെള്ളിയാഴ്ച തന്റെ കരിയറിലെ 50ാം സ്റ്റേജ് വിജയം പൂർത്തിയാക്കിയിരുന്നു. അവസാന ദിനം വലിയ പിഴവുകൾ വരുത്താതെ ഫിനിഷ് ചെയ്താണ് കിരീട നേട്ടം ഉറപ്പിച്ചത്. 2012 ലണ്ടൻ ഒളിമ്പിക്സിൽ ഷൂട്ടിങ്ങിൽ വെങ്കല മെഡൽ ജേതാവ് കൂടിയായ അൽ അതിയ്യ, ഇതിനുമുമ്പ് 2011, 2015, 2019, 2022, 2023 വർഷങ്ങളിലാണ് ഡാക്കർ റാലി കിരീടം നേടിയത്.
ബെൽജിയം സ്വദേശിയായ കോ-ഡ്രൈവർ ഫാബിയൻ ലൂർക്വിനൊപ്പം മത്സരത്തിന്റെ തുടക്കം മുതൽ അൽ അതിയ്യ ആധിപത്യം പുലർത്തിയിരുന്നു. റെഡ് സീ തീരത്തെ യാമ്പുവിൽ നടന്ന 13ാമത്തെയും അവസാനത്തെയും സ്റ്റേജിൽ ഒമ്പതാം സ്ഥാനത്താണ് അദ്ദേഹം ഫിനിഷ് ചെയ്തതെങ്കിലും, രണ്ടാം സ്ഥാനത്തെത്തിയ ഫോർഡ് ടീമിന്റെ നാനി റോമയേക്കാൾ ഏകദേശം 10 മിനിറ്റ് ലീഡ് നേടിയാണ് കിരീടം സ്വന്തമാക്കിയത്. റോമയുടെ സഹതാരം സ്വീഡന്റെ മത്തിയാസ് എക്സ്ട്രോം മൂന്നാം സ്ഥാനം നേടി. 12ാം ഘട്ടത്തിലെ മികച്ച പ്രകടനം അതിയ്യയുടെ മുന്നേറ്റത്തിൽ നിർണായകമായി.
ബൈക്ക് വിഭാഗത്തിൽ കണ്ടത് ദാക്കർ ചരിത്രത്തിലെ തന്നെ ഏറ്റവും വാശിയേറിയ ഫിനിഷിങ്. അത്യന്തം നാടകീയമായ പര്യവസാനത്തിൽ, അവസാന നിമിഷം വരെ മുന്നിലായിരുന്ന ഹോണ്ടയുടെ റിക്കി ബ്രാബെക്കിനെ വെറും രണ്ട് സെക്കൻഡിന് പിന്നിലാക്കിയാണ് കെ.ടി.എം താരം ലൂസിയാനോ ബെനവിഡസ് തന്റെ കന്നി കിരീടം ചൂടിയത്. ഹീറോ മോട്ടോ സ്പോർട്സിനായി മത്സരിച്ച റോസ് ബ്രാഞ്ച് എട്ടാം സ്ഥാനത്തെത്തി മികച്ച പ്രകടനം കാഴ്ചവെച്ചു. സാങ്കേതിക തകരാറുകൾ മൂലം പിന്മാറേണ്ടി വന്ന ഇന്ത്യൻ താരം സഞ്ജയ് തകാലെ ക്ലാസിക് വിഭാഗത്തിൽ പ്രോലോഗിലും ആദ്യ ഘട്ടത്തിലും ഒന്നാമതെത്തി ഡാക്കറിൽ ഒരു ഘട്ടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരം എന്ന റെക്കോർഡ് സ്വന്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

