ജി.സി.സി ഗെയിംസിൽ ഖത്തറിന്റെ മെഡൽ വേട്ട
text_fieldsദോഹയിൽ നടക്കുന്ന ജി.സി.സി ഗെയിംസിൽ ഖത്തറിന്റെ പുരുഷ വിഭാഗം ഹാൻഡ്ബാൾ, വോളിബാൾ മത്സരങ്ങളിൽനിന്ന്
ദോഹ: ഗൾഫ് രാജ്യങ്ങൾ അണിനിരക്കുന്ന ആവേശകരമായ നാലാമത് ജി.സി.സി ഗെയിംസിന്റെ അത്ലറ്റിക്സ് ട്രാക്കിലും ഫീൽഡിലും ആതിഥേയരായ ഖത്തറിന്റെ സമ്പൂർണ ആധിപത്യം. ഭാവി കായിക താരങ്ങളെ വാർത്തെടുക്കാനും ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാനും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ജി.സി.സി ഗെയിംസിലാണ് ഖത്തറിന്റെ മുന്നേറ്റം. അഞ്ച് ദിനം പിന്നിടുമ്പോൾ 82 മെഡലുകളുമായി ഖത്തർ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
30 സ്വർണം, 26 വെള്ളി, 26 വെങ്കലം എന്നിങ്ങനെയാണ് ഖത്തറിന്റെ മെഡൽ നേട്ടം. 20 സ്വർണം അടക്കം 51 മെഡലുമായി സൗദി അറേബ്യ രണ്ടാമതും, 16 സ്വർണം അടക്കം 41 മെഡലുകളുമായി ബഹ്റൈൻ മൂന്നാം സ്ഥാനത്തുമാണ്. ഖത്തർ നീന്തൽ ടീം ആകെ 26 മെഡലുകളോടെ തങ്ങളുടെ മത്സരങ്ങൾ പൂർത്തിയാക്കി. 13 സ്വർണ്ണവും 9 വെള്ളിയും 4 വെങ്കലവും അടങ്ങുന്നതാണ് നീന്തൽ ടീമിന്റെ നേട്ടം. നീന്തൽ മത്സരങ്ങളുടെ അവസാന ദിനത്തിൽ മാത്രം ഖത്തർ രണ്ട് സ്വർണ്ണവും 3 വെള്ളിയും 3 വെങ്കലവും ഉൾപ്പെടെ 8 മെഡലുകൾ സ്വന്തമാക്കി. നീന്തൽ മത്സരമാണ് ഖത്തറിന്റെ മെഡൽ വേട്ടയിൽ നിർണായകമായത്. 13 സ്വർണം ഉൽപ്പെടെ 26 മെഡലുകളാണ് ഖത്തറിന്റെ നീന്തൽ ടീം സ്വന്തമാക്കിയത്. ഷൂട്ടിങ്ങിൽ 3 സ്വർണം അടക്കം 9 മെഡലുകൾ ഖത്തർ നേടി. പുരുഷൻമാരുടെ 3*3 ബാസ്കറ്റ്ബാളിലും ഫെൻസിങ്ങിലും ഖത്തർ ടീം സ്വർണം നേടി. വരും ദിവസങ്ങളിൽ വോളിബാൾ, പാഡൽ, ആർച്ചറി, സ്നൂക്കർ, കരാട്ടെ തുടങ്ങിയ ഇനങ്ങളിൽ ആവേശകരമായ മത്സരങ്ങളാണ് നടക്കാനിരിക്കുന്നത്.
ഈ മത്സരങ്ങളിലും ഖത്തരി താരങ്ങളുടെ തിളക്കമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ മെഡൽ നേട്ടം തുടർന്നാൽ ഖത്തർ തന്നെ ചാമ്പ്യന്മാരാകും. വൺ ഗൾഫ്, വൺ ഹാർട്ട് എന്ന ആപ്തവാക്യത്തിൽ മേയ് 22 വരെ ദോഹയിൽ നടക്കുന്ന കായിക മാമാങ്കത്തിൽ ആറ് ജി.സി.സി രാജ്യങ്ങളിൽ നിന്നായി ഏകദേശം 1400 കായികതാരങ്ങൾ ആണ് പങ്കെടുക്കുന്നത്. ഹാൻഡ്ബാൾ, ടേബിൾ ടെന്നീസ്, അത്ലറ്റിക്സ്, സ്ക്വാഷ്, ഫെൻസിങ്, ബോക്സിങ്, തൈക്വാൻഡോ, കരാട്ടെ, നീന്തൽ, ബാസ്ക്കറ്റ്ബാൾ, ഷൂട്ടിങ്, അമ്പെയ്ത്ത്, വോളിബാൾ, കുതിരസവാരി തുടങ്ങി 17 കായിക ഇനങ്ങളിലായാണ് ഇത്തവണ മത്സരങ്ങൾ നടക്കുന്നത്. ദോഹയിലെ അത്യാധുനിക സൗകര്യങ്ങളുള്ള 10 കായിക കേന്ദ്രങ്ങളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. സന്ദർശകർക്കായി വിപുലമായ സൗകര്യങ്ങളാണ് വിവിധ സ്റ്റേഡിയങ്ങളിൽ ഒരുക്കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

