അഫ്ഗാൻ വിദ്യാഭ്യാസ ഭാവി സംരക്ഷിക്കാൻ ഖത്തറിന്റെ ഇടപെടൽ
text_fieldsഖത്തർ വിദ്യാഭ്യാസ മന്ത്രി ബുഥൈന ബിൻത് അലി അൽ ജാബിർ അൽ നുഐമിയും അഫ്ഗാൻ വിദ്യാഭ്യാസ മന്ത്രി ഹബിബുല്ല ആഗയും കൂടിക്കാഴ്ച നടത്തുന്നു, അഫ്ഗാനിലെ വിദ്യാഭ്യാസ പ്രവർത്തനം സംബന്ധിച്ച് സഹമന്ത്രി ലുൽവ അൽ ഖാതിറിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽനിന്ന്
ദോഹ: അഫ്ഗാനിസ്താനിലെ കുരുന്നുകളുടെ വിദ്യാഭ്യാസ അവകാശം സംരക്ഷിക്കാൻ ഖത്തറിന്റെ ഇടപെടൽ. ഖത്തറിന്റെ നേതൃത്വത്തിൽ അഫ്ഗാൻ വിദ്യാഭ്യാസ മന്ത്രാലയം, യൂനിസെഫ്, അന്താരാഷ്ട്ര ഏജൻസിയായ എജുക്കേഷൻ കനോട്ട് വെയ്റ്റ് ഓർഗനൈസേഷൻ പ്രതിനിധികൾ പങ്കെടുത്ത ചർച്ചക്ക് ദോഹ വേദിയായി. ഖത്തരി പ്രതിനിധി സംഘത്തെ സഹമന്ത്രി ലുൽവ റാഷിദ് അൽ ഖാതിർ, എജുക്കേഷൻ എബൗവ് ഓൾ ഫൗണ്ടേഷൻ (ഇ.എ.എ) സി.ഇ.ഒ ഫഹദ് അൽ സുലൈത്തി എന്നിവർ നേതൃത്വം നൽകി. അഫ്ഗാൻ വിദ്യാഭ്യാസ മന്ത്രാലയ സംഘത്തെ വിദ്യാഭ്യാസ മന്ത്രി മൗലവി സയ്യിദ് ഹബീബ് നയിച്ചു.
യൂനിസെഫ് സൗത്ത് ഏഷ്യ റീജനൽ ഡയറക്ടർ ജോർജ് ലാരിയ, എജുക്കേഷൻ കനോട്ട് വെയ്റ്റ് സ്ട്രറ്റീജിക് പാർട്ണർഷിപ് ചീഫ് നാസർ ഫകീഹ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
വിദ്യാഭ്യാസ മേഖല നേരിടുന്ന സാമ്പത്തിക വെല്ലുവിളികൾ, അപര്യാപ്തമായ വിദ്യാഭ്യാസ സൗകര്യങ്ങൾ, പരിമിതമായ മാനവ വിഭവശേഷി, മതിയായ യോഗ്യതകൾ തുടങ്ങിയ വിഷയങ്ങളിലൂന്നിയാണ് ചർച്ച സംഘടിപ്പിച്ചത്. എല്ലാവർക്കും, പ്രത്യേകിച്ച് അഫ്ഗാനിസ്താനിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിന് തുല്യപ്രവേശനം ഉറപ്പാക്കുന്നത് സംബന്ധിച്ച വിഷയവും ചർച്ചയിൽ ഉയർന്നുവന്നു.
എല്ലാവർക്കും വിദ്യാഭ്യാസ അവകാശങ്ങൾ ഉറപ്പാക്കേണ്ടതിന്റെയും വെല്ലുവിളികളെ നേരിടുന്നതിനുള്ള കാഴ്ചപ്പാട് വികസിപ്പിക്കുന്നതിന്റെയും എല്ലാ പ്രദേശങ്ങളിലുമുള്ള അഫ്ഗാൻ വിദ്യാർഥികൾക്കും ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസ അവസരങ്ങൾ ഉറപ്പാക്കുന്നതിന്റെയും പ്രാധാന്യത്തെ പങ്കാളികൾ ഒറ്റക്കെട്ടായി അംഗീകരിച്ചു. ചർച്ചകൾ സുഗമമാക്കുന്നതിന് മുൻകൈയെടുക്കുന്ന ഇ.എ.എ ഫൗണ്ടേഷന്റെ ശ്രമങ്ങളെ ലുൽവ അൽ ഖാതിർ പ്രത്യേകം പ്രശംസിക്കുകയും ചർച്ചയിൽ പങ്കെടുത്ത യൂനിസെഫ്, അഫ്ഗാൻ വിദ്യാഭ്യാസ മന്ത്രാലയം, എജുക്കേഷൻ കനോട്ട് വെയ്റ്റ് എന്നിവർക്ക് നന്ദി അറിയിക്കുകയും ചെയ്തു.
അഫ്ഗാനിസ്ഥാനിലെ വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ വെല്ലുവിളികൾ നേരിടുന്നതിന് സമഗ്ര പരിഹാരങ്ങൾ മുന്നോട്ടുവെക്കുന്നതിനായി തുടർചർച്ചകളുടെ ആവശ്യകത മന്ത്രി ഊന്നിപ്പറഞ്ഞു. ഈ വെല്ലുവിളികളെ അതിജീവിക്കുന്നതിൽ അഫ്ഗാൻ ജനതയെ പിന്തുണക്കാൻ ഖത്തർ പ്രതിജ്ഞാബദ്ധമാണെന്നും അവർ കൂട്ടിച്ചേർത്തു.
ഖത്തർ വിദ്യാഭ്യാസ, ഉന്നത വിദ്യഭ്യാസ മന്ത്രി ബുഥൈന ബിൻത് അലി അൽ ജാബിർ അൽ നുഐമിയും അഫ്ഗാൻ വിദ്യാഭ്യാസ മന്ത്രി ഹബിബുല്ല ആഗയും കൂടിക്കാഴ്ച നടത്തി. അഫ്ഗാന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ഖത്തറിന്റെ സഹകരണം വാഗ്ദാനം ചെയ്ത മന്ത്രി ആവശ്യമായ സഹായങ്ങളും പിന്തുണയും സംബന്ധിച്ച് ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

