ഖത്തറിന്റെ ഇടപെടൽ; റുവാണ്ടയും കോംഗോയും സമാധാന കരാറിൽ ഒപ്പുവെച്ചു
text_fieldsഡോ. മുഹമ്മദ് ബിൻ അബ്ദുൽഅസീസ് ബിൻ സാലിഹ് അൽ ഖുലൈഫി
ദോഹ: ഖത്തറിന്റെ സാന്നിധ്യത്തിൽ, അമേരിക്ക തയാറാക്കിയ സമാധാന കരാറിൽ റുവാണ്ടയും കോംഗോയും ഒപ്പുവെച്ചു. വാഷിങ്ടണിൽ നടന്ന ചടങ്ങിൽ വിദേശകാര്യ സഹമന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽഅസീസ് ബിൻ സാലിഹ് അൽ ഖുലൈഫി ഖത്തറിനെ പ്രതിനിധീകരിച്ച് പങ്കെടുത്തു. രണ്ട് രാജ്യങ്ങളുടെയും പ്രതിനിധികൾ പങ്കെടുത്ത ചർച്ചകൾ ദോഹയിൽ സംഘടിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് കരാർ സാധ്യമായത്. 2025 മാർച്ച് 18ന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ അധ്യക്ഷതയിൽ റുവാണ്ട പ്രസിഡന്റ് പോൾ കഗാമെ, കോൺഗോ പ്രസിഡന്റ് ഫെലിക്സ് ഷിസെകെദി എന്നിവർ കൂടിക്കാഴ്ച നടത്തിയിരുന്നു.
ഈ കൂടിക്കാഴ്ച ഇരുരാജ്യങ്ങൾക്കുമിടയിൽ സംവദിക്കാനും വിശ്വാസം വളർത്താനും ഘടകമായി. സമാധാന കരാർ ഒപ്പുവെച്ചതിനെ സ്വാഗതം ചെയ്ത വിദേശകാര്യ സഹമന്ത്രി പ്രശ്നപരിഹാരത്തിന് സമാധാനപരമായും നയതന്ത്രപരമായും പ്രവർത്തിച്ച രണ്ടു രാജ്യങ്ങളുടെയും ആത്മാർഥതയെ പ്രശംസിച്ചു. ഈ സമാധാന കരാർ സാധ്യമാക്കുന്നതിൽ അമേരിക്ക വഹിച്ച പങ്കിനെയും മന്ത്രി അഭിനന്ദിച്ചു.
ഗ്രേറ്റ് ലേക്ക്സ് പ്രദേശത്തെ സുരക്ഷയും സ്ഥിരതയും ഈ കരാർ ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.2025 ഫെബ്രുവരി എട്ടിന് താൻസാനിയയിലെ ദാർ അസ് സലാമിൽ ചേർന്ന ഈസ്റ്റ് ആഫ്രിക്കൻ കമ്യൂണിറ്റിയുടെയും സൗത്ത് ആഫ്രിക്കൻ ഡെവലപ്മെന്റ് കമ്യൂണിറ്റിയുടെയും സംയുക്ത ഉച്ചകോടിയിലെ തീരുമാനങ്ങൾക്കും ആഫ്രിക്കൻ യൂനിയന്റെ മധ്യസ്ഥ ശ്രമങ്ങൾക്കുമുള്ള പിന്തുണയാണ് ഖത്തറിന്റെ ഇടപെടലെന്ന് അദ്ദേഹം വ്യക്തമാക്കി. മേഖലയിൽ സമാധാനം സാധ്യമാക്കാൻ എല്ലാവരുമായി സഹകരിക്കാൻ ഖത്തർ സജ്ജമാണെന്ന് അദ്ദേഹം ഉറപ്പുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

