ഖത്തറിന്റെ ഇടപെടൽ; കോംഗോയിൽ സമാധാനം
text_fieldsഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചക്കു ശേഷം അധികൃതർ വാർത്തസമ്മേളനത്തിൽ
ദോഹ: കോംഗോയുടെ കിഴക്കൻ മേഖലയിൽ സമാധാനവും സ്ഥിരതയും കൈവരിക്കുന്നതിൽ നിർണായകമായി ഖത്തറിന്റെ മധ്യസ്ഥ ഇടപെടൽ. കോംഗോ സർക്കാറും വിമതപക്ഷമായ കോംഗോ റിവർ അലൈൻസ് എന്ന് അറിയപ്പെടുന്ന എം23 വിഭാഗവും തമ്മിൽ ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ സമാധാന തത്ത്വപ്രഖ്യാപന കരാറിൽ ഒപ്പുവെച്ചു. മേഖലയിലെ സ്ഥിരത കൈവരിക്കുന്നതിൽ സുപ്രധാന പുരോഗതിയായാണ് ഇത് കണക്കാക്കപ്പെടുന്നത്. ദോഹയിൽ നടന്ന ഒപ്പുവെക്കൽ ചടങ്ങിന് ഖത്തർ വിദേശകാര്യ സഹമന്ത്രി ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ സാലിഹ് അല്‍ ഖുലൈഫി അധ്യക്ഷത വഹിച്ചു. ഇരു കക്ഷികളുടെയും ഔദ്യോഗിക പ്രതിനിധികളും ഉന്നതതല ഖത്തർ പ്രതിനിധി സംഘവും ചടങ്ങിൽ പങ്കെടുത്തു.
കഴിഞ്ഞ മാസങ്ങളിൽ ഖത്തർ നടത്തിയ നയതന്ത്ര ശ്രമങ്ങളുടെ ഫലമായാണ് ഇപ്പോൾ പ്രഖ്യാപനത്തിൽ ഒപ്പുവെക്കാനായത്. ഇരുപക്ഷവും തമ്മിലുള്ള തുടർ ചർച്ചകൾക്ക് അനുകൂലമായ അന്തരീക്ഷം ഇതിലൂടെ സാധ്യമാകും. സമഗ്രമായ ഒരു സമാധാന കരാറിലെത്താൻ ലക്ഷ്യമിട്ടുള്ള ചർച്ചകൾക്ക് വഴിയൊരുക്കുന്ന ഒരു പൊതു ചട്ടക്കൂട് തത്ത്വപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇരുപക്ഷവും തമ്മിലുള്ള പരസ്പര പ്രതിബദ്ധതകളും ഇതിൽ ഉൾപ്പെടും.മേഖലയിലെ ദീർഘകാല സംഘർഷത്തിന് സമാധാനപരമായ പരിഹാരത്തിലെത്താൻ തത്ത്വപ്രഖ്യാപനം ഒരു തുടക്കമാകുമെന്നാണ് കരുതുന്നത്. ജൂൺ 27ന് കോംഗോയും റുവാണ്ടയും തമ്മിൽ സമാധാന കരാർ ഒപ്പിടുന്നതിലും ഖത്തർ നിർണായക മധ്യസ്ഥ ശ്രമങ്ങൾ നടത്തിയിരുന്നു.
അക്രമം പൂർണമായും അവസാനിപ്പിക്കുന്നതിനും നേരിട്ടുള്ള സമാധാന ചർച്ചകൾ ആരംഭിക്കുന്നതിനും വഴിയൊരുക്കുന്നതാണ് കരാർ. ദോഹയിൽ നടന്നവിദേശകാര്യ സഹമന്ത്രിക്കൊപ്പം യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിലെ മുതിർന്ന ഉപദേഷ്ടാവ് മസാദ് ബൗലോസും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.അതേസമയം, കോംഗോയുടെ കിഴക്കൻ മേഖലയിൽ സമാധാനവും സ്ഥിരതയും കൈവരിക്കുന്നതിനായി ദോഹയിൽ ഒപ്പുവെച്ച കാരാറിനുവേണ്ടി ഖത്തർ വഹിച്ച നയതന്ത്ര ശ്രമങ്ങളെ സൗദി വിദേശകാര്യ മന്ത്രാലയം പ്രശംസിച്ചു. തത്ത്വപ്രഖ്യാപന കരാറിനെ സ്വാഗതം ചെയ്ത സൗദി, ഇത് കോംഗോവിലെ മാനുഷികവും സാമ്പത്തികവുമായ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പ്രാദേശിക അന്തർദേശീയ തലങ്ങളിൽ സുരക്ഷക്കും സമാധാനത്തിനും ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

