ഖത്തറിന്റെ ഇടപെടൽ; കോംഗോ സമാധാന ചർച്ചകളിൽ നിർണായക പുരോഗതി
text_fieldsദോഹ: കോംഗോയിൽ ആഭ്യന്തര സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനും ലക്ഷ്യമിട്ട്, ദോഹ ചട്ടക്കൂടിന്റെ ഭാഗമായി നടന്ന ചർച്ചകളിൽ സുപ്രധാന പുരോഗതി. ഏപ്രിൽ 13 മുതൽ 17 വരെ സ്വിറ്റ്സർലൻഡിലെ മോൺട്രിയൂവിൽ നടന്ന ചർച്ചകളിൽ കോംഗോ സർക്കാരും മാർച്ച് 23 മൂവ്മെന്റും തമ്മിൽ മാനുഷിക സഹായം ഉറപ്പാക്കുന്നതിനും വെടിനിർത്തൽ തീരുമാനങ്ങൾ നിരീക്ഷിക്കുന്നതും അടക്കം നിർണായക കരാറുകളിൽ ധാരണയായി.
ഖത്തർ, അമേരിക്ക, ടോഗോ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെയും മധ്യസ്ഥതയിലാണ് ചർച്ചകൾ നടന്നത്. സംഘർഷം ലഘൂകരിക്കുന്നതിനും മേഖലയിൽ ശാശ്വത സമാധാനം ഉറപ്പുവരുത്തുന്നതിനുമുള്ള നടപടികളെ അന്താരാഷ്ട്ര സമൂഹം പ്രതീക്ഷയോടെയാണ് കാണുന്നത്. ഇതുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ, കിഴക്കൻ കോംഗോയിലെ ജനങ്ങൾക്ക് തടസ്സമില്ലാതെ മാനുഷിക സഹായം എത്തിക്കുന്നതിനും ആരോഗ്യ -സന്നദ്ധ പ്രവർത്തകർക്ക് സുരക്ഷ ഉറപ്പാക്കുന്നതിനും ഇരുപക്ഷവും സമ്മതിച്ചു.
ഭക്ഷ്യവസ്തുക്കൾ, കുടിവെള്ളം, ആരോഗ്യ സംവിധാനങ്ങൾ എന്നിവ സംരക്ഷിക്കാനും ഇവക്ക് നേരെയുള്ള ആക്രമണങ്ങൾ ഒഴിവാക്കാനും ധാരണയായി. അന്താരാഷ്ട്ര മാനുഷിക നിയമം, അന്താരാഷ്ട്ര മനുഷ്യാവകാശ നിയമം, അന്താരാഷ്ട്ര അഭയാർത്ഥി നിയമം എന്നിവക്ക് കീഴിലുള്ള എല്ലാ നിയമങ്ങളും ബാധകമാകുന്ന രീതിയിൽ പാലിക്കാനും ഇരു കക്ഷികളും സമ്മതിച്ചു.
‘എക്സ്പാൻഡഡ് ജോയന്റ് വെരിഫിക്കേഷൻ മെക്കാനിസം പ്ലസ്’ പ്രവർത്തനക്ഷമമാക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഇരുപക്ഷവും ഒപ്പുവെച്ചു. ഇതുവഴി വെടിനിർത്തൽ കരാർ പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള സംവിധാനം ഒരു ആഴ്ചക്കുള്ളിൽ പ്രവർത്തനം ആരംഭിക്കും. ഐക്യരാഷ്ട്രസഭയുടെ കോംഗോ സമാധാന മിഷന്റെ പിന്തുണയും ഇതിനായി ഉറപ്പാക്കും. ഇരു കൂട്ടരും തമ്മിലുള്ള ആത്മവിശ്വാസം വളർത്തിയെടുക്കുന്നതിനായി 2025 സെപ്റ്റംബർ 14ന് ഒപ്പുവെച്ച കരാർ പ്രകാരം തടവുകാരെ ഉടനടി മോചിപ്പിക്കാൻ ഇരുപക്ഷവും തീരുമാനിച്ചു.
ഐ.സി.ആർ.സിയുടെ നേതൃത്വത്തിലായിരിക്കും ഈ നടപടികൾ പുരോഗമിക്കുക. മേഖലയിലെ സമാധാന ശ്രമങ്ങളെ പിന്തുണക്കുക എന്ന ലക്ഷ്യത്തോടെ ഖത്തറിന്റെയും മറ്റ് രാജ്യങ്ങളുടെയും മധ്യസ്ഥതയിൽ കഴിഞ്ഞ നവംബറിലാണ് ദോഹ ഫ്രെയിംവർക്ക് എഗ്രിമെന്റ് ഫോർ പീസിൽ ഡി.ആർ.സി സർക്കാരും കോംഗോ റിവർ അലയൻസും (എം 23 മൂവ്മെന്റ്) തമ്മിൽ ഒപ്പുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

