അമേരിക്കൻ പ്രസിഡന്റിന് ഖത്തറിന്റെ സമ്മാനമായി 'ആകാശക്കൊട്ടാരം'
text_fieldsന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഗൾഫ് സന്ദർശനം ചൊവ്വാഴ്ച ആരംഭിക്കാനിരിക്കെ, ഖത്തറിൽ നിന്നൊരു രാജകീയ സമ്മാനം കാത്തിരിക്കുന്നു. പ്രസിഡന്റിന്റെ ഔദ്യോഗിക യാത്രകൾക്ക് ആവശ്യമായ അത്യാഡംബര ബോയിങ് 747-8 ജംബോ ജെറ്റ് വിമാനം ഖത്തർ രാജകുടുംബം സമ്മാനിക്കാൻ ഒരുങ്ങുന്നതായി ‘റോയിട്ടേഴ്സ്’ ഉൾപ്പെടെ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വിലപിടിപ്പുള്ള സമ്മാനം സ്വീകരിക്കാൻ ട്രംപ് ഭരണകൂടം സന്നദ്ധത അറിയിച്ചതായി എ.ബി.സി ന്യൂസ് വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക യാത്രാ വിമാനമായ എയർഫോഴ്സ് വൺ വിമാനത്തിന് പകരം സമ്മാനമായി ലഭിക്കുന്ന വിമാനം ഉപയോഗിക്കുമെന്നും ഭരണകാലാവധി പൂർത്തിയാക്കി ട്രംപ് പടിയിറങ്ങുന്നതിന് മുമ്പ് പ്രസിഡൻഷ്യൽ ലൈബ്രറിയിലേക്ക് ജെറ്റിന്റെ ഉടമസ്ഥാവകാശം കൈമാറുമെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ വ്യക്തമാക്കി.
അതേസമയം, വിമാനം സമ്മാനമായി നൽകുന്ന വാർത്ത അമേരിക്കയിലെ ഖത്തർ എംബസി നിഷേധിച്ചു. പ്രസിഡന്റിന്റെ താൽകാലിക ഉപയോഗത്തിനായി വിമാനം കൈമാറുന്നത് സംബന്ധിച്ച് ഇരു രാജ്യങ്ങളും ചർച്ചകൾ നടന്നുവരികയാണെന്നും അന്തിമതീരുമാനമായിട്ടില്ലെന്നും എംബസി മീഡിയ അറ്റാഷെ അലി അൽ അൻസാരിയെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോർട്ട് ചെയ്തു. വിഷയം ബന്ധപ്പെട്ട വകുപ്പുകളുടെ അവലോകനത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾ യാഥാർഥ്യമാവുകയാണെങ്കിൽ ഒരു വിദേശ ഭരണകൂടം സമ്മാനിക്കുന്ന ഏറ്റവും വിലപ്പെട്ട സമ്മാനമായിരിക്കും ഇതും. 400 ദശലക്ഷം ഡോളറാണ് വിമാനത്തിന്റെ വിലയായി കണക്കാക്കുന്നത്. 1990 മുതൽ ഉപയോഗത്തിലുള്ള ബോയിങ് 747-200ബി വിമാനങ്ങളാണ് നിലവിൽ എയർഫോഴ്സ് വൺ ആയി ഉപയോഗിക്കുന്നത്. ഏറെ സുരക്ഷാ പ്രാധാന്യമുള്ള വിമാനത്തിൽ പ്രസിഡന്റിന്റെ ഓഫിസ്, സ്റ്റേറ്റ് റൂം, കോൺഫറൻസ് റൂം ഉൾപ്പെടെയുള്ള സൗകര്യങ്ങളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

