ദോഹ: ലോകകപ്പിന്റെ കുറ്റമറ്റ സംഘാടനത്തിനായി ഖത്തർ നടപ്പാക്കിയ സുരക്ഷാ പദ്ധതികളെ ഫിഫ സെക്യൂരിറ്റി ഡയറക്ടർ ഹെൽമട്ട് സ്പാൻ അഭിനന്ദിച്ചു. നവംബർ 21ന് തുടങ്ങി ഡിസംബർ 18ന് അവസാനിക്കുന്ന ലോകകപ്പിനായി വർഷങ്ങളുടെ ശ്രമകരമായ ദൗത്യത്തിലൂടെ ഏറ്റവും മികച്ച സെക്യൂരിറ്റി പദ്ധതിയാണ് പൂർത്തിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷ മേഖലയിൽ ആതിഥേയ രാജ്യം നടത്തിയ ഒരുക്കങ്ങൾ, ഏറ്റവും സുരക്ഷിതവും ഭദ്രവുമായ ലോകകപ്പ് നടത്താൻ ഫിഫക്ക് സൗകര്യമൊരുക്കുന്നതാണ്. തുടക്കം മുതൽ രാജ്യാന്തരതലത്തിലെ സഹകരണവും ഖത്തറിന് ഉറപ്പാക്കാൻ കഴിഞ്ഞതായും ഫിഫ സെക്യൂരിറ്റി ഡയറക്ടർ വ്യക്തമാക്കി.
2012ൽ സെക്യൂരിറ്റി ആൻഡ് സേഫ്റ്റി ഓപറേഷൻ കമ്മിറ്റി ആരംഭിച്ചത് മുതൽ ഫിഫ സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. വിശ്രമമില്ലാത്ത തയാറെടുപ്പും ടീം വർക്കും കഠിനാധ്വാനവും പ്രശംസനീയമാണ്. ഖത്തറിലെ അധികാരികളുടെ ഉയർന്നതലത്തിലുള്ള പിന്തുണയും കാഴ്ചപ്പാടിന്റെയും അന്താരാഷ്ട്ര ബോഡികളുമായി ചേർന്നുള്ള കൂട്ടായ പ്രവർത്തനത്തിന്റെയും ഫലമാണ് വിജയകരമായ സുരക്ഷാ തയാറെടുപ്പെന്നും അദ്ദേഹം പറഞ്ഞു.
''സുരക്ഷ മേഖലയിൽ ഫിഫ മുന്നോട്ടു വെക്കുന്ന മനുഷ്യാവകാശ ആവശ്യകതകളെല്ലാം നിറവേറ്റുന്ന വിധത്തിലായിരുന്നു ഈ മേഖലയിൽ ഖത്തർ തയാറെടുത്തത്. മേഖലയിൽനിന്നും കാര്യമായ പ്രതിസന്ധികൾ നേരിട്ട സമയത്തും കുറ്റമറ്റരീതിയിൽതന്നെ ദൗത്യങ്ങൾ പൂർത്തിയാക്കി മുന്നോട്ടുപോകാൻ കഴിഞ്ഞത് പ്രശംസാവഹമാണ്. സുരക്ഷിതമായ ലോകകപ്പിനായി ഖത്തർ സ്വീകരിച്ച മുൻകരുതലും ഒരുക്കവും ഏറ്റവും മികച്ച ലോകകപ്പ് തന്നെ ഈ മണ്ണിൽ ഒരുക്കാൻ കഴിയുമെന്ന നിലയിൽ ഫിഫക്ക് ആത്മവിശ്വാസം പകരുന്നതാണ്''- ഹെൽമട്ട് സ്പാൻ വിശദീകരിച്ചു. ഏതൊരു ആഗോള മേളകളിലും നിരവധി വെല്ലുവിളികളും വ്യത്യസ്ത സാഹചര്യങ്ങളും ആതിഥേയർക്ക് നേരിടേണ്ടിവരും.
മുൻകാലങ്ങളിൽ ലോകകപ്പ് വേദികളായ ജർമനി, ദക്ഷിണാഫ്രിക്ക, ബ്രസീൽ, റഷ്യ എന്നീ രാജ്യങ്ങളിലും അവരുടേതായ വെല്ലുവിളികളുണ്ടായിരുന്നു. ഖത്തറിനും പുതിയകാലത്തിന്റേതായ വെല്ലുവിളികളുണ്ടാവും. അവ നേരിടാൻ സംവിധാനങ്ങൾ സജ്ജമാണ് -അദ്ദേഹം പറഞ്ഞു.