ഖത്തർ അമീർ വിവിധ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി
text_fieldsഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ബ്രിട്ടൻ പ്രധാനമന്ത്രി കെയർ സ്റ്റാർമറുമായുള്ള കൂടിക്കാഴ്ചക്കിടെ
ദോഹ: ഈജിപ്തിലെ ശറമുശൈഖ് ഇന്റർനാഷനൽ കോൺഫറൻസ് സെന്ററിൽ സമാധാന ഉച്ചകോടിക്കായി എത്തിയ സൗഹൃദ രാജ്യങ്ങളിലെ രാജാക്കന്മാർ, രാഷ്ട്രത്തലവന്മാർ, പ്രതിനിധി സംഘത്തിലെ നേതാക്കൾ എന്നിവരുമായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി കൂടിക്കാഴ്ച നടത്തി. ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമൻ ഇബ്ൻ അൽ ഹുസൈൻ, ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസി, തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, പാകിസ്താൻ പ്രധാനമന്ത്രി മുഹമ്മദ് ഷെഹ്ബാസ് ഷെരീഫ്, ബ്രിട്ടൻ പ്രധാനമന്ത്രി കെയർ സ്റ്റാർമർ, കാനഡയുടെ പ്രധാനമന്ത്രി ഡോ. മാർക്ക് കാർണി, ജർമനിയുടെ ചാൻസലർ ഫ്രെഡറിക് മെർസ്, യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സയീദ് ആൽ നഹ് യാൻ എന്നിവരുമായാണ് അമീർ കൂടിക്കാഴ്ച നടത്തിയത്.
സമാധാന ഉച്ചകോടിയിലെ പ്രധാന വിഷയങ്ങൾ, പ്രത്യേകിച്ച് ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാർ, മാനുഷിക സഹായങ്ങൾ എത്തിക്കേണ്ടതിന്റെ ആവശ്യം തുടങ്ങിയ കാര്യങ്ങൾ കൂടിക്കാഴ്ചകളിൽ നേതാക്കൾ പരസ്പരം പങ്കുവെച്ചു.
കൂടാതെ, വിവിധ മേഖലകളിൽ സഹകരണവും ബന്ധങ്ങളും ശക്തിപ്പെടുത്തുന്നതിനും പിന്തുണക്കുന്നതിനുമുള്ള വഴികളും ചർച്ച ചെയ്തു. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി, അമീരി ദിവാൻ മേധാവി അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഖുലൈഫി, ഔദ്യോഗിക പ്രതിനിധി സംഘത്തിലെ അംഗങ്ങൾ എന്നിവരും കൂടിക്കാഴ്ചകളിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

