ഖത്തർ സമ്പദ്വ്യവസ്ഥ മികച്ച പ്രകടനം തുടരുന്നു -ഖത്തർ അമീർ
text_fieldsശൂറ കൗൺസിൽ സെഷനിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സംസാരിക്കുന്നു
ദോഹ: ഖത്തറിന്റെ സമ്പദ്വ്യവസ്ഥ മികച്ച പ്രകടനം തുടരുന്നുവെന്ന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. 2024ൽ 2.4 ശതമാനം വളർച്ച നിരക്കും, 2025ന്റെ രണ്ടാം പാദത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് 1.9 ശതമാനം വളർച്ച നിരക്കും രേഖപ്പെടുത്തി.
സുസ്ഥിര വികസനത്തിൽ ഹൈഡ്രോകാർബൺ ഇതര മേഖലകൾ നിർണായകമായ പങ്കുവഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശൂറ കൗൺസിലിന്റെ 54ാമത് വാർഷിക സെഷനിൽ രണ്ടാം നിയമസഭാ ടേമിന്റെ ആദ്യ സമ്മേളനം ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഉദ്ഘാടനം ചെയ്തു.
അമീറിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി, ശൈഖ് അബ്ദുല്ല ബിൻ ഖലീഫ ആൽഥാനി, ശൈഖ് മുഹമ്മദ് ബിൻ ഖലീഫ ആൽഥാനി, ശൈഖ് ജാസിം ബിൻ ഖലീഫ ആൽഥാനി എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയും ചടങ്ങിൽ സന്നിഹിതനായിരുന്നു.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഏഴ് പ്രധാന ദേശീയ ലക്ഷ്യങ്ങൾ കൈവരിക്കാനാണ് മൂന്നാമത് നാഷനൽ ഡെവലപ്മെന്റ് സ്ട്രാറ്റജി ലക്ഷ്യമിടുന്നത്. പതിനാറ് മേഖലകളെയും എട്ട് സാമ്പത്തിക ക്ലസ്റ്ററുകളെയും ഇത് ഉൾക്കൊള്ളുന്നു. ഖത്തർ നാഷനൽ വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി സർക്കാർ സ്ഥാപനങ്ങൾ ശ്രമങ്ങൾ തുടരുന്നുണ്ട്.
സമഗ്രവും സുസ്ഥിരവുമായ വികസന നേട്ടങ്ങൾ കൈവരിക്കാനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ കാലയളവിൽ ഊർജം, അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സാമൂഹിക ക്ഷേമം എന്നീ മേഖലകളിൽ കുതിച്ചുചാട്ടം നടത്തിയിട്ടുണ്ട്. കൂടാതെ, സാങ്കേതികവിദ്യ, ടൂറിസം തുടങ്ങിയ മത്സരാധിഷ്ഠിത മേഖലകളിൽ നിക്ഷേപങ്ങൾക്കുള്ള കേന്ദ്രമായി തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിലും രാജ്യം ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു. ഈ മേഖലകളിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കുന്നതിന് തുടർ ശ്രമങ്ങൾ നടത്തേണ്ടതുണ്ട്.
ധനകാര്യ മേഖലയിൽ രാജ്യത്തിന്റെ കരുത്ത് നിലനിർത്തി. 2024 അവസാനത്തോടെ ഖത്തർ സെൻട്രൽ ബാങ്കിലെ അന്താരാഷ്ട്ര കരുതൽ ധനവും വിദേശ കറൻസി ലിക്വിഡിറ്റിയും വർധിച്ചു. 2023 കാലയളവിനെ അപേക്ഷിച്ച് 3.7 ശതമാനം വാർഷിക വർധനവാണുണ്ടായത്. അതേസമയം, പ്രധാന ആഗോള റേറ്റിങ് ഏജൻസികളുടെ പട്ടികയിൽ ഖത്തറിന്റെ ഇക്കണോമിക് ക്രെഡിറ്റ് റേറ്റിങ് ഉയർന്ന നിലയിൽ തന്നെ തുടരുന്നുണ്ട്.
ഇതെല്ലാം സുരക്ഷിതവും സുസ്ഥിരവുമായ നിക്ഷേപ കേന്ദ്രമെന്ന ഖത്തറിന്റെ സ്ഥാനം സ്ഥിരീകരിക്കുന്നതാണ്. സാമ്പത്തിക വൈവിധ്യവത്കരണം, മാനവ വിഭവശേഷി വികസനം, നവീകരണം എന്നീ മേഖലകളിൽ ഊന്നൽ നൽകുന്ന പദ്ധതികൾക്കും പരിപാടികൾക്കും മൂന്നാമത് നാഷനൽ ഡെവലപ്മെന്റ് സ്ട്രാറ്റജി മുൻഗണന നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഊർജ മേഖല വളർച്ചയുടെ പാതയിൽ
ദോഹ: വെല്ലുവിളികൾക്കിടയിലും ഊർജ മേഖല വളർച്ചയുടെ പാതയിൽ തുടരുകയാണെന്ന് ശൂറ കൗൺസിൽ സെഷനിൽ സംസാരിക്കവേ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പറഞ്ഞു. ഖത്തറിനകത്തും പുറത്തും ഖത്തർ എനർജി പദ്ധതികൾ നടപ്പാക്കുന്നത് തുടരുകയാണ്. പുനരുപയോഗ ഊർജോൽപാദനവുമായി ബന്ധപ്പെട്ട് റാസ് ലഫാനിലും മിസഈദിലും സൗരോർജ പ്ലാന്റുകൾ ആരംഭിച്ചു. പാരിസ്ഥിതിക മേഖലയിൽ സുസ്ഥിരത ഉറപ്പാക്കുന്നതിനും ക്ലീൻ എനർജിയിലേക്കുള്ള മാറ്റത്തെയും ഇത് പിന്തുണക്കുന്നു.
ശൂറ കൗൺസിൽ സെഷൻ
മാനവവിഭവ ശേഷിയാണ് ഏതൊരു രാജ്യത്തിന്റെയും യഥാർഥ സമ്പത്ത്. അതിനാൽ, വിദ്യാഭ്യാസ പരിശീലന സംവിധാനം വികസിപ്പിക്കുകയും നമ്മുടെ കേഡർമാരെ ഭാവിക്കായി സജ്ജമാക്കുകയും ചെയ്യുന്നത് തുടരുന്നു. അങ്ങനെ, അവർക്ക് യോഗ്യതയുടെയും കഴിവിന്റെയും അടിസ്ഥാനത്തിൽ തൊഴിൽ കമ്പോളത്തിൽ എത്താൻ കഴിയും.
സ്വകാര്യ മേഖലയെ പിന്തുണക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യം വലിയ പ്രാധാന്യം നൽകുന്നു. ഇതിനായി ഖത്തർ ഡെവലപ്മെന്റ് ബാങ്ക് വിവിധ സർക്കാർ സ്ഥാപനങ്ങളുമായി ചേർന്ന് വിപുലമായ ധനസഹായം, ഇൻഷുറൻസ്, ഗ്യാരണ്ടി പ്രോഗ്രാമുകൾ നൽകിക്കൊണ്ട് ഇടപെടലുകൾ നടത്തുന്നുണ്ട്. സ്വകാര്യ മേഖലയുടെ മത്സരക്ഷമത വർധിപ്പിക്കുന്നതിനായി തിരഞ്ഞെടുത്ത പദ്ധതികളിലും ആസ്തികളിലും നിക്ഷേപ അവസരങ്ങൾക്കുള്ള പദ്ധതിയുണ്ട്.
വിദേശ നിക്ഷേപങ്ങളെ ആകർഷിക്കുകയും തിരഞ്ഞെടുത്ത പ്രധാന മേഖലകളുടെ പ്രവർത്തനങ്ങളിലും ചെലവുകളിലും കാര്യക്ഷമത വർധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ, സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തത്തിന്റെ ഭാഗമായി മുനിസിപ്പാലിറ്റി മന്ത്രാലയം അടക്കമുള്ളവ, ചില പ്രവർത്തനങ്ങൾ സ്വകാര്യ മേഖലക്ക് നൽകി പ്രവർത്തനപരമായ റോളിൽനിന്ന് നിയന്ത്രണ റോളിലേക്ക് മാറാൻ ശ്രമിക്കുന്നു.
രാജ്യത്തെ നീതിന്യായ വ്യവസ്ഥ വികസിപ്പിക്കുന്നതിനും കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനാവശ്യമായ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനും സുപ്രീം ജുഡീഷ്യൽ കൗൺസിൽ വിഷയത്തിൽ തങ്ങളുടെ ശ്രമങ്ങൾ തുടരുകയാണ്. നീതി വൈകുന്നത് നീതി നിഷേധിക്കപ്പെടുന്നതിന് തുല്യമാണെന്നും ഖത്തർ അമീർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

