ഫലസ്തീനോടുള്ള ഖത്തറിന്റെ പ്രതിബദ്ധത തുടരും -ഖത്തർ
text_fieldsവിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് അൽ അൻസാരി വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു
ദോഹ: ഫലസ്തീൻ ജനതയെ പിന്തുണക്കാൻ ആദ്യ ദിവസം മുതൽ ഖത്തർ പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് അൽ അൻസാരി. രാഷ്ട്രീയ നേതാക്കളുടെ മാധ്യമ പ്രസ്താവനകൾ നോക്കിയല്ല ഖത്തർ നിലപാടുകൾ തീരുമാനിക്കുന്നത്. ബന്ദികളുടെ മോചനത്തിനായുള്ള മധ്യസ്ഥത, പലസ്തീൻ തടവുകാരുടെ കൈമാറ്റം, മാനുഷിക സഹായം തുടങ്ങി സംഘർഷം പരിഹരിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളിലും ഖത്തർ പങ്കാളികളാണെന്നും അദ്ദേഹം വിശദമാക്കി.
ഗസ്സയിലെ ഖത്തറിന്റെ പങ്കിനെക്കുറിച്ചുള്ള ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ പ്രസ്താവനകൾക്ക് കഴിഞ്ഞ ദിവസം പ്രതിവാര വാർത്തസമ്മേളനത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. ഈ മാനുഷിക പ്രവർത്തനങ്ങൾ മാറ്റമില്ലാതെ തുടരും, ഖത്തറിന്റെ സേവനം അന്താരാഷ്ട്ര സമൂഹം അംഗീകരിച്ചതാണെന്നും അദ്ദേഹം വിശദീകരിച്ചു.
യു.എൻ ഏജൻസികളുടെ പ്രവർത്തനം തടസ്സപ്പെടുത്താനോ അവരുടെ ദൗത്യങ്ങളെ അപകടത്തിലാക്കാനോ ഒരു കക്ഷിയെയും അനുവദിക്കരുതെന്ന് അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു. കിഴക്കൻ ജറുസലേമിലെ യു.എൻ.ആർ.ഡബ്ല്യു കെട്ടിടങ്ങൾ ഇസ്രായേൽ തകർക്കുന്നതിനെ ശക്തമായി വിമർശിച്ച മാജിദ് അൽ അൻസാരി, ഇത്തരം നടപടികൾ ഫലസ്തീൻ ജനതയുടെ ജീവിതം ദുസ്സഹമാക്കുമെന്നും വിശദീകരിച്ചു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. യു.എൻ.ആർ.ഡബ്ല്യുവിനും മറ്റ് യു.എൻ ഏജൻസികൾക്കും ഖത്തർ ഭൗതികമായും ധാർമികമായും രാഷ്ട്രീയമായും നൽകുന്ന പിന്തുണ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.എസ് പ്രസിഡന്റ് ടോണൾഡ് ട്രംപിന്റെ 20 ഇന പദ്ധതിയുടെ ഭാഗമായ 'ബോർഡ് ഓഫ് പീസ്' കരാറിൽ ആദ്യ ദിവസം മുതൽ ഖത്തർ സജീവമാണ്. ഷറമുൽശൈഖ് കരാറിൽ ഒപ്പിട്ട രാജ്യങ്ങളിലൊന്നാണ് ഖത്തർ. ഇപ്പോൾ ഇതിന്റെ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണെന്നും ബോർഡ് രൂപവത്കരണവുമായി ബന്ധപ്പെട്ട് അമേരിക്കയുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗസ്സ എക്സിക്യൂട്ടീവ് ബോർഡിലേക്ക് ഖത്തർ പ്രധാനമന്ത്രിയുടെ സ്ട്രാറ്റജിക് അഫയേഴ്സ് ഉപദേഷ്ടാവ് അലി അൽ തവാദിയെ നിയമിച്ചതിനെ സ്വാഗതം ചെയ്തു. ഗസ്സയിൽ വെടിനിർത്തൽ കൊണ്ടുവരുന്നതിൽ ഖത്തർ വഹിച്ച നിർണായക പങ്കിനുള്ള അംഗീകാരമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
മേഖലയിലെ തർക്കങ്ങൾ ചർച്ചകളിലൂടെ മാത്രമേ പരിഹരിക്കാനാവൂ എന്നാണ് ഖത്തറിന്റെ നിലപാടെന്ന് ഡോ. അൻസാരി പറഞ്ഞു. ഏതൊരു സൈനിക നീക്കവും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. അമേരിക്കയും ഇറാനും തമ്മിലുള്ള ആശയവിനിമയത്തിന് ഖത്തർ മുമ്പും മധ്യസ്ഥത വഹിച്ചിട്ടുണ്ടെന്നും, ഇപ്പോഴും രണ്ട് പക്ഷവുമായും ഖത്തർ ബന്ധപ്പെട്ടു വരികയാണെന്നും അദ്ദേഹം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

