വിരൽതുമ്പിലുണ്ട്, ഖത്തറിന്റെ ജൈവവൈവിധ്യ വിശേഷങ്ങൾ
text_fieldsജൈവവൈവിധ്യ ഡാറ്റാബേസ് ഉദ്ഘാടനം മന്ത്രിമാരായ ഡോ. അബ്ദുല്ല ബിൻ അബ്ദുൽഅസിസ് ബിൻ തുർകി അൽ സുബൈഇ, അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അതിയ്യ എന്നിവർ നിർവഹിക്കുന്നു
ദോഹ: ഖത്തറിന്റെ മണ്ണിലെയും കടലിലെയും ജൈവവൈവിധ്യങ്ങളുടെ മുഴുവൻ വിവരങ്ങളുമായി പരിസ്ഥിതി മന്ത്രാലയം. ലോകപരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ചാണ് കടലിലെയും കരയിലെയും വ്യത്യസ്തങ്ങളായ ജീവി വർഗങ്ങളുടെയും സസ്യങ്ങളുടെയും മുഴുവൻ പേരും മറ്റു വിവരങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഡാറ്റാബേസ് പുറത്തിറക്കിയത്. മന്ത്രാലയം വെബ്സൈറ്റിൽ ഇവ പ്രസിദ്ധീകരിച്ചു. സസ്യങ്ങൾ, കടൽ ജീവജാലങ്ങൾ, വന്യജീവികൾ എന്നിവ ഉൾപ്പെടെ 2000ത്തോളം ഇനങ്ങൾ ഉൾക്കൊള്ളുന്നതാണ് ആദ്യഘട്ടത്തിലെ സ്ഥിതിവിവര കണക്ക്. 1,027 സസ്യവർഗങ്ങൾ, 524 പ്രാണി വർഗങ്ങൾ, 390ഓളം പക്ഷികൾ, 59 മത്സ്യങ്ങൾ, 42 ഇനം ഉരഗങ്ങൾ, 36 ഇനം സസ്തനികൾ എന്നിവ ഉൾപ്പെടുന്നതാണ് ഖത്തറിന്റെ കടലിലും കരയിലുമായുള്ള ജൈവസാന്നിധ്യം.
കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രി ഡോ. അബ്ദുല്ല ബിൻ അബ്ദുൽഅസിസ് ബിൻ തുർകി അൽ സുബൈഇ, മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അതിയ്യ എന്നിവർ ചേർന്ന് ഡേറ്റാബേസിന്റെ ഉദ്ഘാടനം നിർവഹിച്ചു. രാജ്യത്തിന്റെ പ്രകൃതിദത്ത ആവാസ വ്യവസ്ഥകളുടെയും ജീവിവർഗങ്ങളുടെയും വിവരങ്ങൾ ഉൾക്കൊള്ളുന്ന ഭൂപടമാണ് നാഷനൽ ബയോഡൈവേഴ്സിറ്റി ഡേറ്റാബേസ് നൽകുന്നത്.
കൃത്യവും ശാസ്ത്രീയവുമായ സ്ഥിതി വിവരങ്ങളെ അടിസ്ഥാനമാക്കി ദേശീയ റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിലും പരിസ്ഥിതി നയങ്ങൾ രൂപപ്പെടുത്തുന്നതിലും ഇവ നിർണായക പങ്ക് വഹിക്കും. ഒപ്പം, ഗവേഷകർ, ഭരണകർത്താക്കൾ എന്നിവക്ക് ജൈവസമ്പത്ത് സംബന്ധിച്ച ആവശ്യമായ വിവരങ്ങളും നൽകാൻ കഴിയും. ഖത്തറിന്റെ പരിസ്ഥിതി സംരക്ഷണ യാത്രയിലെ നാഴികക്കല്ലാണ് ഈ ബയോഡൈവേഴ്സിറ്റി ഡേറ്റാബാങ്കെന്ന് മന്ത്രി ഡോ. അബ്ദുല്ല ബിൻഅബ്ദുൽ അസീസ് ബിൻ തുർകി അൽ സുബൈഇ പറഞ്ഞു. പാരിസ്ഥിതിക മാറ്റങ്ങൾ തിരിച്ചറിയുന്നതിനും നയങ്ങൾ രൂപപ്പെടുത്താനും തീരുമാനങ്ങളെടുക്കാനും ദേശീയ ജൈവവൈവിധ്യ ഡേറ്റാബേസ് അത്യാവശ്യമാണെന്ന് മന്ത്രി വ്യക്തമാക്കി. ജൈവ, സസ്യ സമ്പത്ത് തിരിച്ചറിയാനും, സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാനും ഇതു വഴി സാധ്യമാകും. ഉദ്ഘാടന ചടങ്ങിൽ വിവിധ മേഖലകളുമായി ധാരണാപത്രത്തിലും ഒപ്പുവെച്ചു.
ഖത്തർ യൂനിവേഴ്സിറ്റി പരിസ്ഥിതി ശാസ്ത്ര കേന്ദ്രം, ഹമദ് ബിൻ ഖലീഫ യൂണിവേഴ്സിറ്റി, ദോഹ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻറ് ടെക്നോളജി, നാഷനൽ ലൈബ്രറി എന്നിവ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

