ഗസ്സയിൽ ഖത്തറിന്റെ സഹായം; ഫാദർ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി ഹോസ്പിറ്റൽ പുനരാരംഭിച്ചു
text_fieldsഫാദർ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി ഹോസ്പിറ്റൽ ഫോർ റീഹാബിലിറ്റേഷൻ
ആൻഡ് പ്രോസ്തെറ്റിക്സ്
ദോഹ: ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റിന്റെ സാമ്പത്തിക സഹായത്തോടെ ഗസ്സയിൽ പ്രവർത്തിക്കുന്ന ഫാദർ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി ഹോസ്പിറ്റൽ ഫോർ റീഹാബിലിറ്റേഷൻ ആൻഡ് പ്രോസ്തെറ്റിക്സിന്റെ പ്രവർത്തനം പുനരാരംഭിച്ചു. വടക്കൻ ഗസ്സയിൽ യുദ്ധത്തിൽ പരിക്കേറ്റവർക്കും ഭിന്നശേഷിക്കാർക്കുമാണ് ഇവിടെ ചികിത്സ നൽകിയിരുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ ഇസ്രായേൽ സൈനിക
നടപടികളെത്തുടർന്ന് ആശുപത്രിയുടെ സേവനം നിർത്തിവെച്ചിരുന്നു.
"യുദ്ധത്തിന്റെ അനന്തര ഫലമായുണ്ടയ കടുത്ത വെല്ലുവിളികൾക്കിടയിലും ആശുപത്രിയുടെ പ്രവർത്തനം പുനരാരംഭിക്കുകയാണെന്ന്" ആശുപത്രി ബോർഡ് ചെയർമാനും ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ് ഡയറക്ടർ ജനറലുമായ ഫഹദ് ഹമദ് അൽ സുലൈതി പറഞ്ഞു. ആശുപത്രിയുടെ മാനുഷിക ദൗത്യവും ധാർമ്മിക ഉത്തരവാദിത്തവും വലുതാണ്. ഗസ്സയിലെ ജനങ്ങളുടെ ദുരിതം ലഘൂകരിക്കാനും മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കാനുമാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വടക്കൻ ഗസ്സയിലെ ഏക സി.ടി സ്കാനർ സംവിധാനം സജ്ജമാക്കിയാണ് ആശുപത്രിയുടെ പ്രവർത്തനം തുടക്കം കുറിച്ചത്. പ്രാദേശിക ആരോഗ്യ മേഖലയിൽ ഇതിന്റെ പ്രവർത്തനം വളരെ പ്രാധാന്യമർഹിക്കുന്നു.
തുടർ ദിവസങ്ങളിൽ പ്രോസ്തെറ്റിക്സ് വിഭാഗം, ഓഡിയോളജി ആൻഡ് ബാലൻസ് വിഭാഗം, ഫിസിക്കൽ റീഹാബിലിറ്റേഷൻ വിഭാഗം എന്നീ മൂന്ന് പ്രധാന വകുപ്പുകൾ പൂർണ്ണമായും സജ്ജമാകും. കൂടാതെ, സ്പെഷലൈസ്ഡ് ഔട്ട്പേഷ്യന്റ് ക്ലിനിക്കുകൾ, യുദ്ധത്തിൽ പരിക്കേറ്റവർക്കും നാഡീസംബന്ധമായ രോഗങ്ങൾ, പക്ഷാഘാതം എന്നിവ ബാധിച്ചവർക്കുമുള്ള ഇൻപേഷ്യന്റ് സേവനങ്ങളും ലഭ്യമാക്കും.
ഉപരോധവും നിലവിലെ വെല്ലുവിളികളും തുടരുന്ന സാഹചര്യത്തിൽ, ഗസ്സയിലെ ആരോഗ്യ സംവിധാനത്തിന്റെ വീണ്ടെടുപ്പിന് അന്താരാഷ്ട്ര സമൂഹത്തിന്റെ തുടർച്ചയായ പിന്തുണ അത്യാവശ്യമാണ്. ഗസ്സയിലെ ആരോഗ്യമേഖല നേരിടുന്ന വെല്ലുവിളികലുടെ പശ്ചാത്തലത്തിൽ, ജനങ്ങളുടെ വർധിച്ചുവരുന്ന ആവശ്യങ്ങൾ കണക്കിലെടുത്ത് തെക്കൻ ഗസ്സയിലും ആശുപത്രിയുടെ പുതിയ ശാഖ ആരംഭിക്കുന്നുണ്ട്.
2019 ഏപ്രിലിൽ പ്രവർത്തനം ആരംഭിച്ചത് മുതൽ ഏകദേശം 52,000 ഗുണഭോക്താക്കൾക്ക് ആശുപത്രിയിൽനിന്ന് സേവനം ലഭ്യമാക്കിയിട്ടുണ്ട്.
2025 മാർച്ച് മുതൽ ഏകദേശം 100 രോഗികൾക്ക് കൃത്രിമ അവയവങ്ങൾ നൽകി. കൂടാതെ 9,000ത്തോളം രോഗികൾക്ക് റിഹാബിലിറ്റേഷൻ, ഓഡിയോളജി സേവനങ്ങളും ലഭ്യമാക്കി. ആശുപത്രിയുടെ പ്രവർത്തനവും ജനങ്ങൾക്ക് നൽകുന്ന സേവനങ്ങളും ഫലസ്തീൻ ജനതക്ക് ഖത്തർ തുടർച്ചയായി നൽകുന്ന സേവനങ്ങളുടെ തുടർച്ചയാണ്. ഗസ്സയിലെ അസാധാരണവും ദുരിതപൂർണവുമായ സാഹചര്യങ്ങളിൽ ആരോഗ്യമേഖലയെ കരുത്തുറ്റതാക്കാനും അത്യാവശ്യ സേവനങ്ങളുടെ ലഭ്യത ഉറപ്പാക്കാനും ഇതുവഴി സാധ്യമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

