ഖത്തറിന്റെ സഹായം; ഗസ്സ പുനർനിർമാണം, തെരുവു നവീകരണം ആരംഭിച്ചു
text_fieldsഖത്തറിന്റെ നേതൃത്വത്തിലുള്ള ഗസ്സ പുനർനിർമാണ കമ്മിറ്റിയുമായി സഹകരിച്ച് ഗസ്സ
മുനിസിപ്പാലിറ്റിയിലെ തെരുവുകളിലെ മാലിന്യങ്ങൾ നീക്കുന്നു
ദോഹ: ഖത്തറിന്റെ ഗസ്സ പുനർനിർമാണ കമ്മിറ്റിയുമായി സഹകരിച്ച് ഗസ്സ മുനിസിപ്പാലിറ്റി പ്രധാന തെരുവുകൾ നവീകരിച്ച് തുറക്കാനുള്ള നടപടികൾ ആരംഭിച്ചു. തെരുവുകളിലെ അവശിഷ്ടങ്ങളും മാലിന്യങ്ങളും നീക്കുന്ന പ്രവൃത്തികൾക്കാണ് തുടക്കമായത്. അവശിഷ്ടങ്ങളും മറ്റും നീക്കം ചെയ്ത് തിരിച്ചെത്തുന്ന ഫലസ്തീൻ ജനതയുടെ സഞ്ചാരം സുഗമമാക്കുകയുമാണ് ലക്ഷ്യം.
ഇസ്രായേലും ഹമാസും തമ്മിൽ വെള്ളിയാഴ്ച വെടിനിർത്തൽ കരാർ ഒപ്പുവെച്ചിരുന്നു. ഇതിനെത്തുടർന്ന് ഇസ്രായേൽ അധിനിവേശ സൈന്യം പിൻവാങ്ങുകയും പലായനം ചെയ്തവർ തിരിച്ചുവരുകയുമാണ്.
ഖത്തർ നൽകിയ ബുൾഡോസറുകളും ട്രക്കുകളും ഉപയോഗിച്ച് വീടുകളിൽനിന്ന് അവശിഷ്ടങ്ങളും മാലിന്യങ്ങളും നീക്കംചെയ്യുന്ന പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. വെടിനിർത്തലിനുശേഷം, ഗസ്സ മുനിസിപ്പാലിറ്റിയും മറ്റ് എല്ലാ മുനിസിപ്പാലിറ്റികളും റോഡുകളും തെരുവുകളും തുറക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ഗസ്സ മേയർ എൻജിനീയർ യഹ്യ അൽ സരാജ് പറഞ്ഞു.
ഇതിനായി കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. ഇതുവഴി ഇസ്രായേൽ ആക്രമണം മൂലം കുടിയിറക്കപ്പെട്ടവർക്ക് അവരുടെ വീടുകളിലേക്കും ഷെൽട്ടറുകളിലേക്കും എളുപ്പത്തിൽ തിരിച്ചെത്താം. ഖത്തറിന്റെ ഗസ്സ പുനർനിർമാണ കമ്മിറ്റിയുടെ പിന്തുണയോടെ, ഗസ്സ നഗരത്തിലെ പ്രധാന റോഡുകൾ തുറക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കായി ബുൾഡോസറുകളും ട്രക്കുകളും ഉപയോഗിച്ച് പ്രവൃത്തി തുടരുകയാണെന്നും ഖത്തർ വാർത്ത ഏജൻസിക്ക് നൽകിയ പ്രസ്താവനയിൽ അൽ സരാജ് പറഞ്ഞു.
വർഷങ്ങളായി ഖത്തർ നൽകിയ പിന്തുണക്ക് നന്ദി അറിയിച്ച അദ്ദേഹം, ഖത്തറിന്റെ സഹായത്തോടെയുള്ള കാമ്പയിൻ ഈ മാസം മുഴുവൻ തുടരുമെന്നും നിരവധി റോഡുകളും തെരുവുകളും തുറക്കുന്നതിനും പലസ്തീൻ ജനതയുടെ ജീവിതം സാധാരണ നിലയിലാക്കുന്നതിന് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആവശ്യമായ എല്ലാ വസ്തുക്കളും എത്തിക്കുന്നതിനായി നിരവധി അന്താരാഷ്ട്ര, അറബ് സംഘടനകൾ ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും, അധിനിവേശ സൈന്യം പൂർണമായും ആവശ്യമായ സാധനങ്ങൾ പ്രവേശിക്കാൻ അനുവദിച്ചിട്ടില്ലെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. വാഹനങ്ങൾ, ജനറേറ്ററുകൾ, ബാറ്ററികൾ, കാർ ടയറുകൾ, സ്പെയർ പാർട്സ് എന്നിവ ആവശ്യമാണെന്ന്. ഫലസ്തീൻ ജനതയുടെ ജീവിതം സുഗമമാക്കുന്നതിനായി നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് സിമന്റ് പോലുള്ള നിർമാണ സാമഗ്രികൾ അടിയന്തരമായി നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
രണ്ടുവർഷത്തെ ഇസ്രായേലി ആക്രമണത്തിൽ മുനിസിപ്പാലിറ്റി, സേവന മേഖലകൾക്ക് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചു. ഗസ്സ മുനിസിപ്പാലിറ്റികളുടെ കെട്ടിടങ്ങൾ, ആസ്ഥാനം എന്നിവ അധിനിവേശം മനഃപൂർവ്വം നശിപ്പിക്കുകയും നേരിട്ടുള്ള ആക്രമണങ്ങളിൽ നാല് മേയർമാർ കൊല്ലപ്പെടുകയും ചെയ്തു. വ്യോമാക്രമണങ്ങൾ മുനിസിപ്പാലിറ്റികൾ ഉപയോഗിക്കുന്ന വാഹനങ്ങളും യന്ത്രങ്ങളും നശിപ്പിച്ചു, കൂടാതെ ജല, മലിനജല കിണറുകൾ, വൈദ്യുതി, വൈദ്യുതി ശൃംഖലകൾ എന്നിവക്ക് വൻ നാശമുണ്ടാക്കിയതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

