ഫിഫ ലോകകപ്പ് സംഘാടനത്തിന് ഖത്തരി സംഘവും
text_fieldsദോഹ: അടുത്തമാസം നടക്കുന്ന ഫിഫ ലോകകപ്പ് സംഘാടനത്തിലും നടത്തിപ്പിനും അണിനിരക്കാൻ ഖത്തരി സംഘവും. ചരിത്രത്തിലെ ഏറ്റവും മികച്ച വിശ്വമേളയൊരുക്കിയ ഖത്തറിന്റെ അനുഭവസമ്പത്തും സാങ്കേതിക മികവും വരാനിരിക്കുന്ന ലോകകപ്പിലും ഫലപ്രദമായി പ്രയോജനപ്പെടുത്തും. അറിവും വൈദഗ്ധ്യവും പരസ്പരം പങ്കുവെക്കുക എന്ന ലക്ഷ്യത്തോടെ ഖത്തറും ഫിഫയും തമ്മിലുള്ള ധാരണാപത്രത്തിന്റെ ഭാഗമായാണ് ഈ നിർണായക നടപടി. ഇതുസംബന്ധിച്ച പുതിയ ധാരണാപത്രത്തിൽ സുപ്രീം കമ്മിറ്റി മാനേജിങ് ഡയറക്ടർ ഹസ്സൻ അൽ തവാദിയും ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയും ഒപ്പുവെച്ചു.
2022ലെ ഫിഫ ലോകകപ്പ്, 2021, 2025 വർഷങ്ങളിലെ അറബ് കപ്പ്, അണ്ടർ 17 ലോകകപ്പ് തുടങ്ങി വലിയ ടൂർണമെന്റുകൾ വിജയകരമായി നടത്തുന്നതിൽ നിർണായക പങ്കുവഹിച്ച ഖത്തറിലെ വിദഗ്ധ സംഘത്തെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. അമേരിക്കയിലെയും കാനഡയിലെയും വിവിധ ആതിഥേയ നഗരങ്ങളിലാകും ഇവർ പ്രധാനമായും പ്രവർത്തിക്കുക. ടൂർണമെന്റ് ഓപ്പറേഷൻസ്, വളന്റിയർ സേവനം, ഫാൻ എൻഗേജ്‌മെന്റ്, സാങ്കേതിക നവീകരണം തുടങ്ങി വിവിധ മേഖലകളിൽ ഖത്തരി സംഘത്തിന്റെ വൈദഗ്ധ്യം ഉപയോഗപ്പെടുത്തും.
കൂടാതെ, സുപ്രീം കമ്മിറ്റിയിൽ നിന്നുള്ള രണ്ടാമതൊരു സംഘം ടൂർണമെന്റിൽ നിരീക്ഷകരായും പങ്കെടുക്കുന്നുണ്ട്. മൂന്ന് രാജ്യങ്ങൾ സംയുക്തമായി അതിഥേയത്വമരുളുന്ന വലിയൊരു ടൂർണമെന്റിന്റെ സംഘാടനം, ആസൂത്രണം, നേരിടുന്ന വെല്ലുവിളികൾ തുടങ്ങിയ കാര്യങ്ങൾ അടുത്തറിയുകയും പഠിക്കുകയുമാണ് ഈ സംഘത്തിന്റെ ലക്ഷ്യം. ലോകോത്തര കായിക മത്സരങ്ങൾ നടത്തുന്നതിൽ ഖത്തർ കൈവരിച്ച വൈദഗ്ധ്യം അത്ഭുതപ്പെടുത്തുന്നതാണെന്ന് ധാരണാപത്രത്തിൽ ഒപ്പുവെച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ പറഞ്ഞു.
അത്യാധുനിക സ്റ്റേഡിയങ്ങൾ ഉൾപ്പെടുന്ന വിശാലമായ കായിക സൗകര്യങ്ങൾ, ഹോട്ടലുകൾ, എയർപോർട്ട്, ഗതാഗതം എന്നിവക്കു പുറമെ മനുഷ്യവിഭവശേഷിയിലും ഖത്തർ മികവ് തെളിയിച്ചിട്ടുള്ളതാണ്. ഖത്തർ 2022ൽ മികച്ചൊരു ലോകകപ്പ് സമ്മാനിച്ചു, അതിനുശേഷം 48 ടീമുകൾ പങ്കെടുത്ത ആദ്യത്തെ അണ്ടർ 17 ലോകകപ്പും അറബ് കപ്പും ഉൾപ്പെടെയുള്ള വലിയ ടൂർണമെന്റുകൾ വിജയകരമായി നടത്തി. 2025ൽ കേവലം മൂന്ന് ആഴ്ചക്കുള്ളിൽ മൂന്ന് പ്രധാന ഫിഫ ടൂർണമെന്റുകളുടെ ഫൈനലുകൾ നടത്തിയും ഖത്തർ ചരിത്രം കുറിച്ചു. ഖത്തറിലെ ടൂർണമെന്റുകളുടെ നടത്തിപ്പ് എപ്പോഴും ആകർഷിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

