ഖത്തർ പ്രധാനമന്ത്രി യു.എസിലേക്ക്
text_fieldsദോഹ: ദോഹയിലെ ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ ഖത്തർ പ്രധാനമന്ത്രി യു.എസിലേക്ക്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി അടക്കമുള്ളവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. യു.എസ് പ്രസിഡന്റുമായും ചർച്ചക്കു സാധ്യതയുണ്ട്. ദോഹയിലെ ആക്രമണത്തിൽ അന്താരാഷ്ട്രതലത്തിൽ ഇസ്രായേലിനെതിരെ സമ്മർദം ശക്തമാകുന്ന സാഹചര്യത്തിലാണ് ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽ ഥാനി യു.എസിലെത്തുന്നത്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അടക്കമുള്ളവരുമായി അദ്ദേഹം ചർച്ച നടത്തുമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സ് റിപ്പോർട്ടു ചെയ്തു. വൈറ്റ് ഹൗസ് പബ്ലിക് ഷെഡ്യൂളിൽ കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. പ്രസിഡന്റ് ഡോണൾഡ് ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് എന്നിവരുമായും അദ്ദേഹം ചർച്ച നടത്തുമെന്ന് ചില യു.എസ് മാധ്യമങ്ങൾ പറയുന്നു.
ആക്രമണത്തെ അപലപിച്ച് യു.എൻ രക്ഷാസമിതി ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിൽ യു.എസ് ഖത്തറിന് അനുകൂലമായ സമീപനമാണ് സ്വീകരിച്ചിരുന്നത്. പ്രസ്താവനയെ ഖത്തർ സ്വാഗതം ചെയ്തു. അതിനിടെ, ഖത്തറിലെ ആക്രമണവുമായി ബന്ധപ്പെട്ട് യു.എ.ഇ ഇസ്രായേൽ ഉപസ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. ആക്രമണത്തിന് പിന്നാലെ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ഖത്തറിലെത്തി അമീറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

