ഗൾഫ് വിദേശകാര്യ മന്ത്രിമാരുമായി ഖത്തർ പ്രധാനമന്ത്രി ചർച്ച നടത്തി
text_fieldsശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി
ദോഹ: പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന പിരിമുറുക്കങ്ങൾ പരിഹരിക്കുന്നതിനും മേഖലയിൽ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുമായി സൗദി അറേബ്യ, കുവൈത്ത്, ഒമാൻ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി ടെലിഫോണിൽ ചർച്ച നടത്തി.
സൗദി വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ്, കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് ജർറാഹ് ജാബർ അൽ അഹമ്മദ് അസ്സബാഹ്, ഒമാൻ വിദേശകാര്യമന്ത്രി ബദർ ബിൻ ഹമദ് ബിൻ ഹമൂദ് അൽ ബുസൈദി എന്നിവരുമായാണ് ഖത്തർ പ്രധാനമന്ത്രി ചർച്ച നടത്തിയത്. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളും സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായുള്ള നയതന്ത്ര സംയുക്ത ശ്രമങ്ങളും ചർച്ചയായി.
അന്താരാഷ്ട്ര കപ്പൽ ഗതാഗതവും സ്വതന്ത്ര്യ സമുദ്ര സഞ്ചാരവും ഉറപ്പാക്കുന്ന തരത്തിലുള്ള പരിഹാരങ്ങൾ കണ്ടെത്തേണ്ടതിന്റെ പ്രാധാന്യം ഖത്തർ പ്രധാനമന്ത്രി വ്യക്തമാക്കി. മേഖലയിൽ ശാശ്വതവും സമഗ്രവുമായ സമാധാനം കൈവരിക്കാൻ സഹായിക്കുന്ന എല്ലാ നയതന്ത്ര ശ്രമങ്ങൾക്കും ഖത്തറിന്റെ പൂർണ്ണ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു. സൗഹൃദ രാജ്യങ്ങളുമായുള്ള പരസ്പര സഹകരണവും ഉഭയകക്ഷി ബന്ധങ്ങളും കൂടുതൽ ശക്തമാക്കുന്നതിനുള്ള വഴികൾ നേതാക്കൾ വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

