ഭീകരതക്കെതിരായ പോരാട്ടത്തിൽ ഇന്ത്യക്ക് പിന്തുണ; മോദിയുമായി സംസാരിച്ച് ഖത്തർ അമീർ
text_fieldsദോഹ: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ-പാകിസ്താൻ ബന്ധം കലുഷിതമാകുന്നതിനിടെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചു. മേഖലയിലെ സംഭവ വികാസങ്ങളെ കുറിച്ച് ഇരു രാഷ്ട്ര നേതാക്കളും ചർച്ച നടത്തിയതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ഭീകരതക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് ഖത്തർ അമീർ പൂർണ പിന്തുണ അറിയിച്ചതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ‘എക്സ്’ പ്ലാറ്റ്ഫോം വഴി പങ്കുവെച്ചു.
കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനുള്ള എല്ലാ നടപടികൾക്കും അമീർ പിന്തുണ അറിയിച്ചുവെന്നും വിദേശകാര്യമന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി. പഹൽഗാം ഭീകരാക്രമണത്തിൽ അനുശോചനം അറിയിച്ച അമീർ, ആക്രമണത്തിനിരയായവരുടെയും കുടുംബങ്ങളുടെയും വേദനയയിൽ പങ്കുചേരുന്നതായും പ്രധാനമന്ത്രിയെ അറിയിച്ചു. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ സന്ദേശത്തിനും പിന്തുണക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചു.
കഴിഞ്ഞ ഫെബ്രുവരിയിൽ അമീറിന്റെ ഇന്ത്യാ സന്ദർശന വേളയിലെ തീരുമാനങ്ങൾ പ്രാബല്ല്യത്തിൽ വരുത്തുന്നത് സംബന്ധിച്ചും തന്ത്രപരമായ പങ്കാളിത്തം ശക്തമാക്കുന്നത് സംബന്ധിച്ചും ഇരു രാഷ്ട്ര നേതാക്കളുംചർച്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

