ഖത്തർ അമീർ ഇറാൻ നാഷനൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി
text_fieldsഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി
ഡോ. അലി ലാരിജാനിയുമായി കൂടിക്കാഴ്ചക്കിടെ
ദോഹ: മേഖലയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്ത് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി ഡോ. അലി ലാരിജാനിയുമായി കൂടിക്കാഴ്ച നടത്തി. ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായായി ഖത്തറിൽ എത്തിയതായിരുന്നു അലി ലാരിജാനി. കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണ ബന്ധങ്ങളെക്കുറിച്ചും അവ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തു. മേഖലയിലെ പുതിയ സംഭവവികാസങ്ങൾ, സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള ശ്രമങ്ങൾ, പ്രാദേശിക സുരക്ഷ വർധിപ്പിക്കൽ എന്നിവയ്ക്കൊപ്പം പൊതുവായ താൽപര്യമുള്ള നിരവധി പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും ചർച്ചയായി.
ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം ആൽഥാനി, അമീരി ദിവാൻ മേധാവി അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഖുലൈഫി, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ഇറാൻ ഭാഗത്തുനിന്ന് സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ ഡെപ്യൂട്ടി സെക്രട്ടറി ഡോ. അലി ബാഗേരി, വിദേശകാര്യ സഹമന്ത്രി അലിബെക്ക്, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു. അതേസമയം, മേഖലയിലെ സംഘർഷ സാഹചര്യങ്ങളും അത് പരിഹരിക്കുന്നതിനുള്ള മാർഗങ്ങളും ചർച്ചചെയ്ത് ഖത്തർ അമീർ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായും കഴിഞ്ഞദിവസം ടെലിഫോൺ സംഭാഷണം നടത്തിയിരുന്നു.
അതിനിടെ, ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം ആൽഥാനിയുമായും അലി ലാരിജാനി കൂടിക്കാഴ്ച നടത്തി. മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ചും അമേരിക്കയും ഇറാനും തമ്മിലുള്ള മസ്കറ്റ് ചർച്ചകളുടെ ഫലങ്ങളെക്കുറിച്ചും കൂടിക്കാഴ്ചയിൽ ഇരുവരും പങ്കുവെച്ചു. സംഘർഷങ്ങൾ കുറക്കുന്നതിനും മേഖലയിലെ സുരക്ഷയും സ്ഥിരതയും വർധിപ്പിക്കുന്നതിനും സമാധാനപരമായി പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഖത്തറിന്റെ പിന്തുണ പ്രധാനമന്ത്രി ആവർത്തിച്ചു. സംഘർഷങ്ങളുടെ അനന്തരഫലങ്ങളിൽ നിന്ന് മേഖലയിലെ ജനങ്ങളെ സംരക്ഷിക്കുന്നതിന് യോജിച്ച ശ്രമങ്ങളുണ്ടാകണമെന്നും നയതന്ത്ര മാർഗങ്ങളിലൂടെ അഭിപ്രായ വ്യത്യാസങ്ങൾ മറികടക്കാൻ സൗഹൃദ രാജ്യങ്ങളുമായി തുടർച്ചയായ ഏകോപനം അനിവാര്യമാണെന്നും അദ്ദേഹം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

