ഖത്തർ അമീർ -ഗയാന പ്രസിഡന്റ് കൂടിക്കാഴ്ച; ഉഭയകക്ഷി ബന്ധവും നിക്ഷേപ സഹകരണവും ശക്തമാക്കും
text_fieldsദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും ഗയാന പ്രസിഡന്റ് ഡോ. മുഹമ്മദ് ഇർഫാൻ അലിയും തമ്മിൽ ഔദ്യോഗിക ചർച്ച നടത്തി. ചൊവ്വാഴ്ച അമീരി ദീവാനിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനെ കുറിച്ചും വിവിധ മേഖലകളിലെ സഹകരണം വിപുലീകരിക്കുന്നതിനെ കുറിച്ചും ചർച്ചചെയ്തു. പ്രത്യേകിച്ച് നിക്ഷേപ മേഖലകൾ, പൊതുവായ താൽപര്യമുള്ള മറ്റ് വിഷയങ്ങൾ എന്നിവയും ചർച്ചയായി. ഗയാന പ്രസിഡന്റിന്റെ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ പുതിയ വാതിലുകൾ തുറക്കുമെന്നും ബന്ധം കൂടുതൽ ദൃഢമാക്കുമെന്നും ഖത്തർ അമീർ പ്രത്യാശ പ്രകടിപ്പിച്ചു.
ഔദ്യോഗിക ചർച്ചയിൽ ഇരുരാജ്യങ്ങളിലെയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. ഖത്തർ സംഘത്തിൽ അമീരി ദിവാൻ മേധാവി അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഖുലൈഫി, ഊർജ കാര്യ സഹമന്ത്രി സഅദ് ബിൻ ഷെരീദ അൽ കഅബി, വിദേശകാര്യ സഹമന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ ഖുലൈഫി എന്നിവരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. ഗയാന സംഘത്തിൽ പ്രസിഡന്റിന്റെ അസിസ്റ്റന്റും വ്യക്തിഗത പ്രതിനിധിയും തെക്കൻ യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക ചുമതലയുള്ള മന്ത്രിയുമായ ജോർജ് ആൻഡ്രൂ ഹല്ലാക്ക്, അന്താരാഷ്ട്ര സഹകരണ മന്ത്രി ഹ്യൂ ടോഡ്, പ്രസിഡൻഷ്യൽ അഫയേഴ്സ് മേധാവി മാർഷ്യ മിസാൻ ശർമ്മ എന്നിവരും മറ്റ് ഔദ്യോഗിക പ്രതിനിധികളും പങ്കെടുത്തു.
ചർച്ചകൾക്ക് ശേഷം ഗയാന പ്രസിഡന്റിനും പ്രതിനിധി സംഘത്തിനും അമീരി ദീവാനിൽ വിരുന്നും ഒരുക്കിയിരുന്നു. ബുധനാഴ്ച പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയുമായി അദ്ദേഹത്തിന്റെ വസതിയിൽ ഗയാന പ്രസിഡന്റ് കൂടിക്കാഴ്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

