ഗസ്സ സമാധാന ഉച്ചകോടിയിൽ പങ്കെടുത്ത് ഖത്തർ അമീർ
text_fieldsശറമുശൈഖ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഖത്തർ അമീർ ശൈഖ് തമീം ബിൻ
ഹമദ് ആൽഥാനിയെ സ്വീകരിക്കുന്നു
ദോഹ: ഗസ്സ സമാധാന ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി തിങ്കളാഴ്ച ഈജിപ്തിലെ ശറമുശൈഖിൽ എത്തി. ശറമുശൈഖ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ അമീറിനെ ഈജിപ്ത് സാംസ്കാരിക മന്ത്രി ഡോ. അഹമ്മദ് ഫൗദ് ഹാനോയും ഈജിപ്തിലെ ഖത്തർ അംബാസഡർ താരിഖ് ബിൻ അലി അൽ അൻസാരിയും ചേർന്ന് സ്വീകരിച്ചു.
പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയും ഔദ്യോഗിക പ്രതിനിധി സംഘവും അദ്ദേഹത്തോടൊപ്പമുണ്ട്.
ഗസ്സയിൽ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കുകയും സൈനിക പിന്മാറ്റം ആരംഭിക്കുകയും ചെയ്തതിനു പിന്നാലെയാണ് രണ്ടാംഘട്ട സമാധാന ചർച്ചകൾക്കായി ഈജിപ്തിലെ ശറമുശൈഖിൽ ലോകനേതാക്കൾ ഒരുമിക്കുന്നത്. ഖത്തർ തുർക്കിയ, ജോർഡൻ, യു.എ.ഇ, സൗദി അറേബ്യ, പാകിസ്താൻ തുടങ്ങിയ അറബ് രാഷ്ട്രങ്ങളും ബ്രിട്ടൻ, ജർമനി, ഇറ്റലി, സ്പെയിൻ തുടങ്ങിയ രാഷ്ട്രങ്ങളുടെ തലവന്മാരും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.
യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്തഹ് അൽ സീസിയുമാണ് ഉച്ചകോടിക്ക് അധ്യക്ഷത വഹിക്കുന്നത്.
അതേസമയം, ഗസ്സ മുനമ്പിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങളെ അഭിനന്ദിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞദിവസം രംഗത്തുവന്നു. വെടിനിർത്തൽ കരാർ തുടരുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഗസ്സ യുദ്ധം അവസാനിച്ചെന്നും വെടിനിർത്തൽ ഉറപ്പാക്കുന്നതിനായി നിരവധി കരാറുകൾ നിലനിൽക്കുന്നുണ്ടെന്നും യു.എസ് പ്രസിഡന്റ് വാർത്തക്കുറിപ്പിൽ വിശദീകരിച്ചു.
ഈജിപ്തിലെ ശറമുശൈഖിൽ നടക്കുന്ന ഗസ്സ സമാധാന ഉച്ചകോടിയിൽ യു.എസ് പ്രസിഡന്റ് സഹ അധ്യക്ഷത വഹിക്കും. യുദ്ധം അവസാനിപ്പിക്കാനും പശ്ചിമേഷ്യയിൽ സമാധാനവും സ്ഥിരതയും കൈവരിക്കാനുള്ള ശ്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകാനും ലക്ഷ്യമിട്ടാണ് ഉച്ചകോടി നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

