കാനഡ തീരത്തും ഖത്തർ എനർജി പര്യവേക്ഷണം
text_fieldsദോഹ: പ്രകൃതിവാതക പര്യവേക്ഷണത്തിൽ കൂടുതൽ മേഖലകളിലേക്ക് ചുവടുറപ്പിച്ച് ഖത്തർ എനർജി. കാനഡയോട് അടുത്ത് അറ്റ്ലാന്റിക് സമുദ്രത്തിൽ പ്രകൃതിവാതക പര്യവേക്ഷണത്തിന് കാനഡ എക്സോൺമൊബിലുമായി ചേർന്നാണ് ഖത്തർ എനർജി പുതിയ കരാർ ഉറപ്പിച്ചത്. ന്യൂഫൗണ്ട്ലാൻഡ്, ലബ്രോഡർ എന്നീ മേഖലകളിലാണ് പുതിയ പദ്ധതികൾ ആരംഭിക്കുന്നത്.
100 മുതല്‍ 1200 മീറ്റര്‍ വരെ ആഴമുള്ള സമുദ്രഭാഗത്താണ് പ്രകൃതിവാതക നിക്ഷേപം കണ്ടെത്താനുള്ള ശ്രമം നടക്കുന്നത്. ഖത്തര്‍ എനര്‍ജിയുടെ അന്താരാഷ്ട്ര തലത്തിലുള്ള വളര്‍ച്ചക്ക് കരാര്‍ ഗുണം ചെയ്യുമെന്ന് ഖത്തർ ഊര്‍ജ സഹ മന്ത്രിയും ഖത്തര്‍ എനര്‍ജി സി.ഇ.ഒയുമായ സഅദ് അല്‍കഅബി പറഞ്ഞു.
ലോകത്തെ ഏറ്റവും കൂടുതൽ ദ്രവീകൃത പ്രകൃതി വാതകം ഉൽപാദിപിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നവരാണ് ഖത്തർ എനർജി. കഴിഞ്ഞ ഏതാനും വർഷങ്ങൾ കൊണ്ട് യൂറോപ്പിലെയും മറ്റുമായി ശ്രദ്ധേയമായ കരാറുകളിൽ ഒപ്പുവെക്കുകയും പുതു മേഖലകളിൽ പര്യവേക്ഷണങ്ങൾക്ക് ചുക്കാൻ പിടിക്കുകയും ചെയ്യുന്നുണ്ട്. പര്യവേക്ഷണ മേഖലകൾ കൂടുതൽ വിപുലപ്പെടുത്തുന്നതിന്റെയും പുതിയ കേന്ദ്രങ്ങൾ കണ്ടെത്തുന്നതിന്റെയും ഭാഗമായി ഗയാന, നമീബിയ, ദക്ഷിണാഫ്രിക്ക, സൈപ്രസ് എന്നിവിടങ്ങിൽ അന്താരാഷ്ട്ര കമ്പനികളായ ടോട്ടൽ എനർജി, ഷെൽ, എക്സോൺ എന്നിവയുമായി ചേർന്ന് ഖത്തർ എനർജി പ്രവർത്തിക്കുന്നുണ്ട്.
കാനഡ തീരത്തെ പര്യവേക്ഷണത്തിൽ ഇ.എൽ 1167ൽ ഖത്തർ എനർജിക്ക് 28 ശതമാനമാണ് പങ്കാളിത്തം. എക്സോൺ മൊബൈൽ 50ഉം, സെനോവസ് എനർജി 22ഉം ശതമാനം കൈവശംവെക്കും. ഇ.എൽ 1162ൽ ഖത്തർ എനർജി 40 ശതമാനവും എക്സോൺ മൊബൈൽ 60 ശതമാനവും കൈവശംവെക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

