ഖത്തർ ചരക്കുകപ്പൽ സൗദിയിൽ; വാണിജ്യബന്ധം പൂർവസ്ഥിതിയിലേക്ക്
text_fieldsഖത്തറിൽനിന്നെത്തിയ വാണിജ്യ കപ്പൽ ദമ്മാമിലെ കിങ് അബ്ദുൽ അസീസ് തുറമുഖത്ത്
ദോഹ: ഖത്തർ ഉപരോധം പിൻവലിച്ചതോടെ സൗദിയുമായുള്ള ഖത്തറിെൻറ വാണിജ്യബന്ധങ്ങൾ പൂർവസ്ഥിതിയിലേക്ക് നീങ്ങുന്നു. കഴിഞ്ഞ ദിവസം ഹമദ് തുറമുഖത്തുനിന്ന് ചരക്ക് വഹിച്ച കപ്പൽ ദമ്മാമിലെ കിങ് അബ്ദുൽ അസീസ് തുറമുഖത്തെത്തി. 27 കണ്ടെയ്നറുകളാണ് കഴിഞ്ഞ ദിവസം ഖത്തറിൽനിന്ന് ദമ്മാമിലെത്തിയത്. വരുംദിവസങ്ങളിൽ ചരക്കുനീക്കം കൂടുതൽ സജീവമാകും. ജനുവരി അഞ്ചിന് സൗദിയിൽ നടന്ന ജി.സി.സി ഉച്ചകോടിയിലാണ് ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിച്ച് ജി.സി.സി രാജ്യങ്ങളും ഈജിപ്തും കരാറിൽ ഒപ്പുവെച്ചത്. തുടർന്ന് എല്ലാ രാജ്യങ്ങളും ഖത്തറിനായി അതിർത്തികൾ തുറന്നിരുന്നു.
ജി.സി.സി ഉച്ചകോടിക്ക് തൊട്ടുതലേന്ന് തന്നെ ഖത്തറിെൻറ ഏക കര അതിർത്തിയായ അബൂസംറ തുറന്നിരുന്നു. സൗദി അതിർത്തിയാണ് ഇത്. വാഹനഗതാഗതം നേരത്തേ തന്നെ ഇതുവഴി ആരംഭിച്ചിരുന്നു. സൗദിയയും ഖത്തർ എയർവേസും ഇരുരാജ്യങ്ങളിലേക്കും വിമാന സർവിസുകളും നടത്തുന്നുണ്ട്. ഖത്തറിലെ സൗദി എംബസി ഉടൻ തുറക്കുമെന്ന് സൗദി വിദേശകാര്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതോടെ നയതന്ത്രബന്ധവും പഴയപടിയാകും. ജനുവരി അവസാനത്തോടെ തന്നെ രാജ്യത്തുള്ളവർക്ക് ഉംറ നിർവഹിക്കാനാകുമെന്നാണ് പ്രതീക്ഷ. ഉപരോധം പ്രഖ്യാപിച്ചതിനുശേഷം ഖത്തറിലുള്ള സ്വദേശികൾക്കോ വിദേശികൾക്കോ ഹജ്ജ്-ഉംറ തീർഥാടനത്തിന് പലവിധ തടസ്സങ്ങളുമുണ്ടായിരുന്നു. തീർഥാടന യാത്രകൾക്കുള്ള ബുദ്ധിമുട്ടുകൂടിയാണ് ഒഴിവാകുന്നത്.
ഖത്തർ കപ്പലിനെ വരവേൽക്കാൻ തുറമുഖത്ത് ഉയർത്തിയ ബാനർ
അതിർത്തികൾ തുറന്ന് വ്യാപാരബന്ധം പൂർവസ്ഥിതിയിലാകുന്നതോടെ ഇരുരാജ്യങ്ങളിലെയും വ്യാപാര മേഖല വൻ പ്രതീക്ഷയിലാണ്. പ്രതിവർഷം 700 കോടി റിയാലിെൻറ കച്ചവടമാണ് 2017 വരെ ഖത്തറുമായി സൗദിക്കുണ്ടായിരുന്നത്. നയതന്ത്രവും വ്യാപര ബന്ധവും ഊഷ്മളമാകുന്നത് ഇരു രാജ്യങ്ങൾക്കും നേട്ടമാകും. ഉപരോധ സമയത്ത് ഇറാൻ വ്യോമപാത ഉപയോഗിച്ചാണ് ഖത്തർ വിമാനങ്ങൾ പറന്നത്. ഉപരോധമവസാനിച്ചതോടെ ബില്യൺ കണക്കിന് ഡോളറിെൻറ ചെലവ് ഖത്തർ വിമാനങ്ങൾക്ക് കുറക്കാനാകും. ഇരു അതിർത്തികളോടും ചേർന്നുള്ള പ്രവാസികളുടെ സ്ഥാപനങ്ങൾക്കും തീരുമാനം നേട്ടമാകും. റിയൽ എസ്റ്റേറ്റ്, വിനോദസഞ്ചാരം, ട്രാവൽസ് തുടങ്ങിയ വിവിധ മേഖലകളിൽ ഉണ്ടായ പ്രതിസന്ധി നീങ്ങും. ഹജ്ജ്, ഉംറ തീർഥാടനത്തിന് ഖത്തറിൽനിന്ന് ട്രാവൽസ് സ്ഥാപനങ്ങൾ പ്രത്യേക പാക്കേജുകൾ ഏർപ്പെടുത്തുന്ന തിരക്കിലാണിപ്പോൾ. വാരാന്ത്യ അവധി ദിനങ്ങളിലും മറ്റും കരമാർഗം അയൽരാജ്യങ്ങളിലേക്കും തിരിച്ചും നിരവധി പേരാണ് എത്തിയിരുന്നത്. ഇത് ഹോട്ടൽ മേഖലക്ക് വൻ നേട്ടമായിരുന്നു. ഗതാഗതം പുനരാരംഭിച്ചതോടെ ഹോട്ടൽ വ്യവസായം കൂടുതൽ ഊർജസ്വലമാകും.
ഖത്തർ കര അതിർത്തി പങ്കിടുന്ന സൗദിയുടെ ഭാഗമായ അൽഅഹ്സയിലെ ഹോട്ടൽ, അപ്പാർട്മെൻറ് മേഖലയും പഴയ ഉണർവിലേക്ക് വരും. ഖത്തറിലും സൗദിയിലും മറ്റ് ജി.സി.സി രാജ്യങ്ങളിലും ശാഖകളും ബന്ധവുമുള്ള കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ഉപരോധം നീങ്ങിയത് വൻ നേട്ടമാണ്. മലയാളികളടക്കം ആയിരക്കണക്കിന് പ്രവാസികൾ തങ്ങളുടെ സ്ഥാപനങ്ങളിലേക്ക് വസ്ത്രങ്ങൾ, ഇലക്ട്രോണിക് സാധനങ്ങൾ, സ്പെയർ പാർട്ടുകൾ തുടങ്ങിയവ എത്തിച്ചിരുന്നത് കരമാർഗം ദുബൈയിൽനിന്നായിരുന്നു. ഈ മേഖലയും പഴയ രൂപത്തിലേക്ക് വരും. ഗൾഫിലെ തൊഴിൽ സാധ്യതകളും കൂടിയാണ് വർധിക്കുന്നത്. അബൂസംറ തുറന്നതിനുശേഷം മൂന്നു ദിവസത്തിനുള്ളിൽ ഇരുരാജ്യങ്ങളിലേക്കുമായി പോയത് 930 വാഹനങ്ങളാണ്. 835 വാഹനങ്ങൾ ഖത്തറിൽനിന്ന് പോയപ്പോൾ 95 വാഹനങ്ങളാണ് ഖത്തറിലേക്ക് ഈ ദിവസങ്ങളിൽ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

