ദോഹ: ഫിഫ ഖത്തര്‍ ലോകകപ്പ് അവിസ്മരണീയമായിരിക്കുമെന്ന് ഇംഗ്ലണ്ടിെൻറ ഇതിഹാസതാരം ഡേവിഡ് ബെക്കാം. ഖത്തര്‍ ലോകകപ്പ് ഫൈനലിന് കൃത്യം മൂന്നുവര്‍ഷം ബാക്കിയുള്ളപ്പോഴാണ് ഫൈനല്‍ മത്സരം അരങ്ങേറുന്ന എജുക്കേഷന്‍ സിറ്റി സ്റ്റേഡിയം ഡേവിഡ് ബെക്കാം സന്ദര്‍ശിച്ചത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, റിയല്‍ മഡ്രിഡ്, എ.സി. മിലാന്, എൽ.എ ഗാലക്സി, പാരിസ് സെയ്ൻറ് ജര്‍മന്‍ എന്നിവയുടെ മുന്‍ താരമായിരുന്ന ഡേവിഡ് ബെക്കാം ഖത്തറിലെ ലോകകപ്പ് സ്വപ്നതുല്യമായിരിക്കുമെന്നാണ് പറയുന്നത്.
കളിക്കാര്‍ക്കും കളിയാരാധകര്‍ക്കും ഒരുപോലെ സൗഹൃദപരവും മികച്ച സൗകര്യങ്ങള്‍ നൽകുന്നതുമാകും. മികച്ച ഹോട്ടലുകളും തിളക്കമുള്ള സംസ്കാരവുമാണ് അവരെ കാത്തിരിക്കുന്നത്. സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആൻഡ് ലെഗസി സെക്രട്ടറി ജനറല്‍ ഹസന് അല്‍ തവാദിയോടൊപ്പമാണ് ഡേവിഡ് ബെക്കാം സിറ്റി സ്റ്റേഡിയം സന്ദര്‍ശിക്കാനെത്തിയത്.
ഈ സ്റ്റേഡിയം കണ്ടപ്പോൾ താനിപ്പോഴും മത്സരരംഗത്തുണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു. ഇത്തരം ഒരു സ്റ്റേഡിയത്തിൽ കളിക്കുകയെന്നത് സ്വപ്നമാണ്. 115 മത്സരങ്ങളില്‍ ഇംഗ്ലണ്ടിനുവേണ്ടി കളിച്ച ബെക്കാം ലോകകപ്പ് പുതിയ രാജ്യങ്ങളില്‍ അരങ്ങേറണമെന്ന അഭിപ്രായക്കാരനാണ്. വികസനത്തിെൻറ വലിയ മാറ്റങ്ങളാണ് ഖത്തറിൽ തനിക്ക് കാണാനാവുന്നത്. എല്ലായ്പോഴും കുടുംബത്തില്‍ വന്ന അനുഭവമാണ് ഖത്തറിലെത്തുമ്പോള്‍ തോന്നാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.