
ഖത്തർ ലോകകപ്പ്: ടിക്കറ്റ് ബുക്കിങ് നാളെ തുടങ്ങും
text_fieldsദോഹ: ലോകം കാത്തിരിക്കുന്ന വിശ്വമാമാങ്കം ഗാലറിയിലിരുന്ന് കാണാൻ കൊതിക്കുന്നവർക്ക് സന്തോഷ വാർത്ത. 2022 ഖത്തർ ഫുട്ബാൾ ലോകകപ്പിന്‍റെ ടിക്കറ്റ് ബുക്കിങ്ങിന് ബുധനാഴ്ച തുടക്കമാവും. ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്.
ടിക്കറ്റ് നിരക്ക്, ടിക്കറ്റ് ബുക്കിങ് ഫോർമാറ്റ് തുടങ്ങിയ വിശദാംശങ്ങൾ ബുധനാഴ്ച പുറത്തുവിടും. ഫിഫ വെബ്സൈറ്റ് വഴിയാവും ടിക്കറ്റ് വിൽപന.
നവംബർ 21നാണ് കാൽപന്ത് ലോകം അക്ഷമയോടെ കാത്തിരിക്കുന്ന വിശ്വമേളക്ക് ഖത്തറിന്‍റെ മണ്ണിൽ പന്തുരുളുന്നത്. പശ്ചിമേഷ്യയിൽ ആദ്യമായി വിരുന്നെത്തുന്ന ലോകകപ്പിനായി ഖത്തർ എട്ട് വേദികളുടെ നിർമാണങ്ങൾ പൂർത്തിയാക്കി ഒരു വർഷം മുമ്പേ സർവസജ്ജമായി കാത്തിരിപ്പിലാണ്.
ലോകകപ്പിന്‍റെ ട്രയൽ റൺ എന്ന നിലയിൽ നടത്തപ്പെട്ട ഫിഫ അറബ് കപ്പിന് കഴിഞ്ഞ നവംബർ 30 മുതൽ ഡിസംബർ 18 വരെയായിരുന്നു ഖത്തർ വേദിയായത്. 16 അറബ് രാജ്യങ്ങൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിന് ലോകകപ്പിന്‍റെ ആറ് സ്റ്റേഡിയങ്ങളാണ് വേദിയൊരുക്കിയത്. ആറ് ലക്ഷത്തോളം കാണികളും അറബ് കപ്പ് മത്സരങ്ങൾക്ക് സാക്ഷിയായി.