രണ്ടുദിനം കളിയുത്സവം
text_fieldsഖത്തറിലേക്ക് പുറപ്പെടുംമുമ്പ് കോസ്റ്ററീകൻ ഫുട്ബാൾ ടീമിന് നാട്ടുകാർ നൽകിയ യാത്രയയപ്പ്
വിശ്വമേളയിൽ ശേഷിക്കുന്ന രണ്ട് ടീമുകൾ ആരൊക്കെ
ദോഹ: ലോകകപ്പിന് മുമ്പായി ഖത്തർ കാൽപന്ത് ലോകത്തിന്‍റെ ശ്രദ്ധാകേന്ദ്രമാവുന്ന രണ്ടു ദിനങ്ങൾ. 32 ടീമുകൾ മാറ്റുരക്കുന്ന വിശ്വമേളയിൽ ശേഷിക്കുന്ന രണ്ട് ടീമുകൾ ആരൊക്കെയെന്ന് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ തീർപ്പാവും. വർഷാവസാനം വിശ്വപോരാട്ടത്തിനൊരുങ്ങുന്ന വേദികളിൽ അതിനുംമുമ്പേ നടക്കുന്ന ഏറ്റവും വലിയ കളിയുത്സവം എന്ന വിശേഷം, ഇന്‍റർകോണ്ടിനെന്‍റൽ പ്ലേ ഓഫ് പോരാട്ടങ്ങൾക്കുണ്ട്. തിങ്കളാഴ്ച ഖത്തർ സമയം രാത്രി ഒമ്പതിന് ഏഷ്യൻ മേഖലയിൽ നിന്നും നാലാം റൗണ്ട് കടമ്പ കടന്നെത്തുന്ന ആസ്ട്രേലിയയും ലാറ്റിനമേരിക്കയിൽ ബ്രസീലിനും അർജന്‍റീനക്കും പിന്നിലായി അഞ്ചാം സ്ഥാനക്കാരായ പെറുവും തമ്മിൽ ഏറ്റമുട്ടും.
ചൊവ്വാഴ്ച രാത്രിയാണ് കോൺകകാഫിൽ നിന്നുള്ള കോസ്റ്ററീകയും ഓഷ്യാനിയ ജേതാക്കളായ ന്യൂസിലൻഡും തമ്മിലെ അങ്കം. ഇരു മത്സരങ്ങളിലെയും വിജയികൾ, നേരിട്ട് ലോകകപ്പ് ഗ്രൂപ് റൗണ്ടിലേക്ക് യോഗ്യത നേടും എന്നതിനാൽ ബൂട്ടുകെട്ടുന്ന നാല് ടീമുകൾക്കും ജീവന്മരണ പോരാട്ടം കൂടിയാണ് പ്ലേ ഓഫ്. റയ്യാനിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയമാണ് മത്സരവേദി.
30 ടീമുകളാണ് ഇതുവരെ ലോകകപ്പിനായി ടിക്കറ്റുറപ്പിച്ചത്. നേരത്തെ അവശേഷിച്ചതിൽ ഒരു ടീമായി യൂറോപ്പിൽ നിന്നുള്ള വെയ്ൽസ് യോഗ്യത നേടിയിരുന്നു.
കോസ്റ്ററീകക്ക് സോഫ്റ്റാവും
2014ൽ ക്വാർട്ടർ ഫൈനലിസ്റ്റും 2018ൽ ഗ്രൂപ് റൗണ്ടിൽ മടങ്ങിയവരുമായ കോസ്റ്ററീക തുടർച്ചയായി മൂന്നാം ലോകകപ്പ് കളിക്കാൻ ലക്ഷ്യമിട്ടാണ് ദോഹയിലെത്തുന്നത്. കോൺകകാഫ് മൂന്നാം റൗണ്ടിൽ നാലാം സ്ഥാനക്കാരായിരുന്നു കോസ്റ്ററീക. കാനഡ, മെക്സികോ, അമേരിക്ക ടീമുകൾ നേരിട്ട് യോഗ്യത നേടി. മൂന്നാം സ്ഥാനക്കാരായ അമേരിക്കയുമായി പോയന്‍റ് പങ്കിട്ടിട്ടും 'ലോസ് ടികോസ്' പ്ലേ ഓഫ് പരീക്ഷണത്തിലേക്ക് തള്ളപ്പെടുകയായിരുന്നു. ഗോൾ വ്യത്യാസമാണ് തിരിച്ചടിയായത്. എങ്കിലും യോഗ്യത റൗണ്ടിലെ അവസാന മത്സരങ്ങളിൽ അമേരിക്ക ഉൾപ്പെടെ കരുത്തർക്ക് നേടിയ വിജയവുമായാണ് ടീം പ്ലേ ഓഫിന് യോഗ്യത നേടിയത്.
ലോക റാങ്കിങ്ങിൽ 31ാം സ്ഥാനത്തുള്ള കോസ്റ്ററീകക്ക് നിസ്സാരക്കാരാണ് എതിരാളികളായ ന്യൂസിലൻഡ്. എങ്കിലും, കളിയുടെ ഭാഗ്യ പരീക്ഷണത്തിൽ പരിചയ സമ്പന്നനായ കോച്ച് ലൂയി ഫെർണാണ്ടോ സുവാരസിന് ഒത്തുതീർപ്പുകളില്ല.
അട്ടിമറിക്കാൻ ന്യൂസിലൻഡിനാവുമോ
ലോക ഫുട്ബാളിൽ ഏറ്റവും ദുർബലരായ ഒരുസംഘം മാറ്റുരക്കുന്ന ഓഷ്യാനിയയിലെ രാജാക്കന്മാരാണ് ന്യൂസിലൻഡ്. 190ാം റാങ്കുകാരായ കൂക് ഐലൻഡ് മുതൽ 137ാം റാങ്കുകാരായ കാലിഡോണിയവരെ മത്സരിക്കുന്ന ഓഷ്യാനിയയിൽനിന്നും ഏറ്റവും മികച്ച സംഘം 101ാം റാങ്കുകാരായ ന്യൂസിലൻഡാണ്. അവിടെ നിന്നും ജയിച്ചെത്തുന്നവർക്ക് എതിരാളികളായ കോസ്റ്ററീക വലിയ വെല്ലുവിളിയാവും. കടലാസിലെ ഈ ചിത്രം തന്നെ മതിയാവും കളത്തിലെ കളിയുടെ ഗതിയെ വരച്ചുകാട്ടാൻ. 2018 ലോകകപ്പ് പ്ലേ ഓഫിൽ പെറുവിനെതിരായിരുന്നു ന്യൂസിലന്ഡിന്റെ തോൽവി. കഴിഞ്ഞ മൂന്ന് ലോകകപ്പിലും പ്ലേഓഫിലെ ഈ മടക്കം പതിവുമാണ്.
ടിക്കറ്റ് വാങ്ങാം
ദോഹ: അഹമ്മദ് ബിൻ അലി സ്റ്റേഡിയം വേദിയാവുന്ന ലോകകപ്പ് ഇന്‍റർകോണ്ടിനെന്‍റൽ പ്ലേ ഓഫിന് ആരാധകർക്ക് ടിക്കറ്റുകൾ സ്വന്തമാക്കാം. tickets.qfa.qa എന്ന ലിങ്ക് വഴിയാണ് ബുക്കിങ്. തിങ്കളാഴ്ച ആസ്ട്രേലിയ പെറുവിനെയും, ചൊവ്വാഴ്ച കോസ്റ്ററീക ന്യൂസിലൻഡിനെയും നേരിടും. രാത്രി ഒമ്പത് മണിക്കാണ് മത്സരങ്ങൾ. 30 റിയാലാണ് മാച്ച് ടിക്കറ്റ് നിരക്ക്.
ആവർത്തിക്കാൻ സോക്കറൂസ്
ഖത്തറിൽ ഒരാഴ്ചക്കിടെ ആസ്ട്രേലിയക്ക് ഇത് രണ്ടാം പോരാട്ടമാണ്. ആദ്യം ഏഷ്യൻ യോഗ്യതാ നാലാം റൗണ്ടിലായിരുന്നു പരീക്ഷണം. യു.എ.ഇ വെല്ലുവിളി 2-1ന് മറികടന്ന് സോക്കറൂസ് ഇന്റർകോണ്ടിനെന്റലിന് യോഗ്യത നേടി. ഉശിരോടെ പോരടിച്ച ഇമാറാത്തിനെതിരെ മികച്ച ഫുട്ബാളിലൂടെ തന്നെയായിരുന്നു വീഴ്ത്തിയത്. 2006 മുതൽ ലോകകപ്പിൽ നിത്യസാന്നിധ്യമായ സോക്കറൂസിന് പക്ഷേ, ഇത്തവണ മുന്നോട്ടുള്ള യാത്ര എളുപ്പമല്ല. തിങ്കളാഴ്ച രാത്രിയിലെ പോരാട്ടത്തിൽ കരുത്തരായ പെറുവിനെതന്നെ തളക്കണം.
2018 തുടരാൻ പെറു
ബ്രസീലും അർജന്‍റീനയും ഉറുഗ്വായും മാറ്റുരച്ച തെക്കനമേരിക്കൻ മേഖലയിൽ നിന്നാണ് പെറു ഇന്‍റർകോണ്ടിനെന്‍റൽ പ്ലേ ഓഫിലേക്ക് പിന്തള്ളപ്പെട്ടത്. പ്രതിഭയും താരങ്ങളുമുണ്ടായിട്ടും പലപ്പോഴും ലോകകപ്പിന്‍റെ ഫൈനൽ റൗണ്ടിൽ നിന്നും പിന്തള്ളപ്പെടുന്ന പെറു 1982നുശേഷം 2018ലാണ് ആദ്യമായി ലോകകപ്പിലെത്തിയത്. ആ കുതിപ്പ് ഇത്തവണ ആവർത്തിക്കാനും സാധ്യതകളേറെയാണ്. ലോക റാങ്കിങ്ങിൽ 22ാം സ്ഥാനത്തുള്ള ടീം യുവതാരങ്ങളുടെ തിളക്കത്തിൽ മികച്ച ഫോമിലാണ്. ഇങ്ങനെയൊക്കെയാണെങ്കിലും കളിയിൽ സ്ഥിരതയില്ലെന്നതാണ് തിരിച്ചടി. ഏത് സമയവും വീഴാനും പിന്തള്ളപ്പെടാനുമെല്ലാം സാധ്യതയുള്ളവർ എന്ന ചീത്തപ്പേരും റിക്കാർഡോ ഗാർഷ്യയുടെ ടീമിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

