ഖത്തർ തൊഴിൽ വിസ നടപടികൾ ഇനി അതത് രാജ്യങ്ങളിൽ തന്നെ
text_fieldsദോഹ: രാജ്യത്തേക്കുള്ള തൊഴിൽ വിസ നടപടിക്രമങ്ങൾ തൊഴിലാളികളുടെ മാതൃരാജ്യങ്ങളിൽ വെച്ച് തന്നെ പൂർത്തിയാക്കാമെന്ന പുതിയ പദ്ധതി ഒക്ടോബർ ഒന്നുമുതൽ തുടങ്ങുമെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
ഭരണ വികസന, തൊഴിൽ, സാമൂഹികകാര്യ മന്ത്രാല യത്തിെൻറ സഹകരണത്തോടെ ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ വിസ സപ്പോർട്ട് സർവീസസ് ഡിപ്പാർട്ട്മെൻറ് സംഘടിപ്പിച്ച പ്രത്യേക സെമിനാറിലാണ് ഇക്കാര്യം വിശദീകരിച്ചത്.
തൊഴിലാളികൾക്ക് ഖത്തറിലേക്കാവശ്യമായ ഖത്തർ റെസിഡൻസി പെർമിറ്റ് നടപടികൾ തങ്ങളുടെ രാജ്യങ്ങളിൽ വെച്ച് തന്നെ പൂർത്തിയാക്കാൻ സഹായിക്കുന്ന പദ്ധതിയുടെ വിശദീകരണാർഥമാണ് സെമിനാർ സംഘടിപ്പിച്ചത്.
താമസാനുമതിക്ക് ആവശ്യമായ ഫിംഗർപ്രിൻറ്, ബയോമെട്രിക് നടപടികൾ, മെഡിക്കൽ പരിശോധന, തൊഴിൽ കരാറുകളിൽ ഒപ്പുവെക്കൽ എന്നിവയെല്ലാം ഇതിന് കീഴിൽ വരുമെന്ന് ട്വിറ്ററിലൂടെ ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ വർഷം നവംബറിലാണ് ഇത് സംബന്ധിച്ചുള്ള പ്രഥമ വിവരങ്ങൾ ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ടത്.
തൊഴിലാളികളുടെ മാതൃരാജ്യങ്ങളിൽ നിന്ന് തന്നെ വിസ നടപടികൾ പൂർത്തിയാക്കുന്നതിെൻറ ഭാഗമായി സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുമായി ആഭ്യന്തരമന്ത്രാലയം ധാരണാപത്രം ഒപ്പുവെക്കുകയും ചെയ്തു. ഇന്ത്യയുൾപ്പെടെ എട്ട് രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്കാണ് പുതിയ സംവിധാനം പ്രയോജനപ്പെടുത്താനാകുകയെന്നും തൊഴിലുടമ ഖത്തറിലായിരിക്കെ തന്നെ മന്ത്രാലയത്തിെൻറ വെബ്സൈറ്റ് വഴി തന്നെ നടപടികൾ പൂർത്തിയാക്കാൻ കഴിയുമെന്നും വിസ സപ്പോർട്ട് സർവീസസ് ഡിപ്പാർട്ട്മെൻറ് ഡയറക്ടർ മേജർ അബ്ദുല്ല ഖലീഫ അൽ മുഹന്നദി പറഞ്ഞു.
ഇന്ത്യക്ക് പുറമേ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, തുണീഷ്യ, ഫിലിപ്പൈൻസ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് ഇതിന് കീഴിൽ വരുന്നത്. എട്ട് രാജ്യങ്ങളിൽ സ്ഥാപിക്കുന്ന ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള വിസ സർവീസസ് സെൻററുകൾ വഴിയായിരിക്കും താമസാനുമതിക്കുള്ള ഫിംഗർ പ്രിൻറ്, ബയോമെട്രിക് വിവരശേഖരണം, മെഡിക്കൽ പരിശോധന, തൊഴിൽ കരാർ ഒപ്പുവെക്കൽ എന്നിവ പൂർത്തിയാക്കുക.
http://www.moi.gov.qa എന്ന വെബ്സൈറ്റ് വഴി തൊഴിലുടമ അപ്ലിക്കേഷൻ സമർപ്പിക്കുന്നതോടെയാണ് നടപടികൾ ആരംഭിക്കുക.
തുടർന്ന് http://www.qatarvisacenter.com വെബ്സൈറ്റ് വഴി തൊഴിലാളിക്ക് അപ്പോയിൻറ്മെൻറ് ബുക്ക് ചെയ്യാനാകുകയും ആവശ്യമായ മറ്റു നടപടികൾ പൂർത്തിയാക്കാൻ സാധിക്കുകയും ചെയ്യും.
തൊഴിലാളി ഖത്തറിലെത്തുന്നതിന് മുമ്പ് തന്നെ തൊഴിൽ കരാറുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ഔദ്യോഗികമായി രേഖപ്പെടുത്തും. കരാർ വ്യവസ്ഥകൾ ഇരുപാർട്ടികളും പാലിക്കുന്നതിനാൽ തന്നെ തൊഴിലാളികളുടെ അവകാശ സംരക്ഷണം കൂടുതൽ ഉറപ്പുവരുത്താനും നടപടികൾ സുതാര്യമാക്കാനും കഴിയുന്നുവെന്ന് അൽ മുഹന്നദി വ്യക്തമാക്കി. റിക്രൂട്ട്മെൻറ് നടപടികൾ കൂടുതൽ ലളിതമാക്കാനും സമയനഷ്ടം കുറക്കാനും ഇത് സഹായിക്കും.
എല്ലാ നടപടികളും ഒരു ചാനലിലൂടെ തന്നെ പൂർത്തിയാക്കാമെന്നതാണ് ഇതിെൻറ വലിയ പ്രയോജനമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊച്ചിയുൾപ്പെടെ ഏഴ് സർവീസ് കേന്ദ്രങ്ങളാണ് ഇന്ത്യയിൽ വരുന്നതെന്ന് നേരത്തെ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
