അന്താരാഷ്ട്ര സമാധാന പുരസ്കാരം ഖത്തറിന്
text_fieldsഅയർലൻഡിലെ ടിപ്പെറേരിയിൽ അന്താരാഷ്ട്ര സമാധാന
പുരസ്കാരം ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ
അബ്ദുർറഹ്മാൻ ബിൻ ജാസിം ആൽഥാനി ഏറ്റുവാങ്ങുന്നു
ദോഹ: സമാധാനത്തിനും മാനുഷിക പ്രവർത്തനങ്ങൾക്കും നൽകുന്ന അയർലൻഡിലെ ടിപ്പെറേരി അന്താരാഷ്ട്ര സമാധാന പുരസ്കാരം ഖത്തറിന്. രാജ്യത്തിനായി ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ബിൻ ജാസിം ആൽ ഥാനി അയർലൻഡിലെ ടിപ്പെറേരിയിൽ നടന്ന ചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങി.
പുരസ്കാരം വ്യക്തിപരമായ ബഹുമതി അല്ലെന്നും മറിച്ച് ഖത്തറിലെ ജനങ്ങൾക്കും നേതൃത്വത്തിനും വേണ്ടിയാണ് സ്വീകരിക്കുന്നതെന്നും പ്രധാനമന്ത്രി പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് പറഞ്ഞു. സമാധാനത്തിനായുള്ള ഉറച്ച ശബ്ദമായി ഖത്തർ മാറിക്കഴിഞ്ഞു, വെല്ലുവിളികൾക്ക് മുന്നിൽ കീഴടങ്ങാത്ത ഒരു രാഷ്ട്രമായി ഇന്ന് ഖത്തർ മാറിയിരിക്കുന്നു എന്നതിന്റെ അംഗീകാരംകൂടിയാണ് ഈ അവാർഡെന്നും അദ്ദേഹം പറഞ്ഞു.
സമാധാനവും മാനുഷിക പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി 1984ൽ സ്ഥാപിതമായതാണ് ടിപ്പെറേരി അന്താരാഷ്ട്ര സമാധാന പുരസ്കാരം. ദക്ഷിണാഫ്രിക്കൻ മുൻ പ്രസിഡന്റ് നെൽസൺ മണ്ടേല, അമേരിക്കൻ പ്രസിഡന്റായിരുന്ന ബിൽ ക്ലിന്റൺ, പാകിസ്താൻ പ്രസിഡന്റായിരുന്ന ബേനസീർ ഭുട്ടോ തുടങ്ങിയവർക്ക് മുൻകാലങ്ങളിൽ ഈ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
മന്ത്രിസഭ യോഗം അഭിനന്ദിച്ചു
ദോഹ: അയർലൻഡിലെ ടിപ്പെറേരിയിൽ ഖത്തറിന് ലഭിച്ച അന്താരാഷ്ട്ര സമാധാന പുരസ്കാരം ഏറ്റുവാങ്ങിയ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ബിൻ ജാസിം ആൽ ഥാനിയെ പ്രതിവാര കാബിനറ്റ് യോഗം അഭിനന്ദിച്ചു.
പ്രാദേശികവും അന്തർദേശീയവുമായ നിരവധി പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിയുടെ നേതൃത്വത്തിൽ ഖത്തർ നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് പുരസ്കാരം.
ലോകമെമ്പാടും സമാധാനം, നീതി, മനുഷ്യാവകാശങ്ങൾ എന്നീ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയവർക്ക് സമർപ്പിക്കുന്ന ടിപ്പെറേരി അന്താരാഷ്ട്ര സമാധാന പുരസ്കാരം ഖത്തറിന്റെ ഇടപെടലുകൾക്കും പ്രവർത്തനങ്ങൾക്കുമുള്ള അംഗീകാരമാണ്.
അമീരി ദിവാനിൽ ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ ശൈഖ് സുഊദ് ബിൻ അബ്ദുർറഹ്മാൻ ബിൻ ഹസൻ ബിൻ അലി ആൽ ഥാനിയുടെ അധ്യക്ഷതയിലാണ് കാബിനറ്റ് യോഗം ചേർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

