ഏഷ്യൻ വോളി കിരീടം ജയിച്ച് ഖത്തർ
text_fieldsഏഷ്യൻ ബീച്ച് വോളിയിൽ കിരീടം ചൂടിയ ഖത്തറിന്റെ ഷെരിഫ് യൂനുസും അഹമ്മദ് തിജാനും മത്സരത്തിനിടെ
ദോഹ: ഏഷ്യൻ ഓപൺ ബീച്ച് വോളിയിൽ കിരീടവുമായി ഖത്തറിന്റെ സൂപ്പർതാരങ്ങൾ. അൽ ഗറാഫ ക്ലബ് വേദിയിൽ നടന്ന ലാശപ്പോരാട്ടത്തിൽ ആസ്ട്രേലിയൻ സഖ്യത്തെ തോൽപിച്ച് ഖത്തറിന്റെ ഒളിമ്പിക്സ് മെഡലിസ്റ്റുകളായ ഷെരിഫ് യൂനുസും അഹമ്മദ് തിജാനും കിരീടമണിഞ്ഞു. ആസ്ട്രേലിയയുടെ ബർണറ്റ്-റിയാൻ സഖ്യത്തെയാണ് നേരിട്ടുള്ള രണ്ട് സെറ്റുകൾക്ക് ഖത്തർ സഖ്യം വീഴ്ത്തിയത്.
ഒപ്പത്തിനൊപ്പം മുന്നേറിയതിനൊടുവിലായിരുന്നു ആദ്യ സെറ്റിൽ ഷെരീഫും അഹമ്മദും 21-19ന് ജയവുമായി ലീഡ് പിടിച്ചത്. രണ്ടാം സെറ്റിൽ കളി കൂടുതൽ എളുപ്പമായി. തുടർച്ചയായി സ്മാഷുകളും സർവിസും പോയന്റുകളാക്കിയ ഖത്തർ സഖ്യം 21-13 എന്ന സ്കോറിൽ സെറ്റ് പിടിച്ച് കിരീടം തങ്ങളുടേതാക്കി മാറ്റി.
നേരത്തേ സെമിയിൽ തായ് സഖ്യമായ നിത്രോൺ മോണികുൽ-വാചിരാവിത് സഖ്യത്തെ തോൽപിച്ചായിരുന്നു ഖത്തരി ടീം ഫൈനലിൽ പ്രവേശിച്ചത്. നേരത്തേ 2022ലും ഖത്തരി സഖ്യം ഏഷ്യൻ കിരീടമണിഞ്ഞിരുന്നു.

