ഗൾഫ് കപ്പിൽ ഖത്തറിന് വിജയത്തുടക്കം; ബഹ്റൈനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് കീഴടക്കി
text_fieldsആദ്യ ഗോൾ നേടിയ ബൗലം ഖൂഖിയെ ഹസ്സൻ അൽ ഹൈദോസ് അനുമോദിക്കുന്നു
ദോഹ: ഗൾഫ് കപ്പിൽ വിജയത്തോടെ തുടക്കമിട്ട് ഖത്തർ. വ്യാഴാഴ്ച നടന്ന ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ബഹ്റൈനെ പരാജയപ്പെടുത്തി. 61ാം മിനിറ്റിൽ ബൗലം ഖൂഖിയാണ് ഖത്തറിന്റെ ആദ്യ ഗോൾ നേടിയത്. തുടർന്ന് മത്സരത്തിന്റെ അധികനേരത്ത് (90+9) ലഭിച്ച പെനാൽറ്റിയിലൂടെ ക്യാപ്റ്റൻ ഹസ്സൻ അൽ ഹൈദോസ് ഖത്തറിന്റെ വിജയം ഉറപ്പിച്ച രണ്ടാം ഗോളും നേടി. മത്സരത്തിലുടനീളം മികച്ച മുന്നേറ്റങ്ങൾ നടത്തിയ ഖത്തർ ആദ്യപകുതിയിൽ തന്നെ കളി നിയന്ത്രിക്കുകയായിരുന്നു.
എന്നാൽ, 70ാം മിനിറ്റിൽ അഹമ്മദ് ഫതി രണ്ടാം മഞ്ഞക്കാർഡ് ലഭിച്ച് പുറത്തായതോടെ ഖത്തർ 10 പേരായി ചുരുങ്ങി. അവസരം മുതലെടുത്ത് സമനില ഗോളിനായി ബഹ്റൈൻ മുന്നേറ്റം നടത്തിയെങ്കിലും ഖത്തർ പ്രതിരോധനിരയെ ഭേദിക്കാൻ കഴിഞ്ഞില്ല.
കളിയുടെ അധികനേരത്ത് ബഹ്റൈൻ പ്രതിരോധ താരം അബ്ബാസ് അൽ അസ്ഫൂറിനും റെഡ് കാർഡ് ലഭിച്ചു പുറത്തിരിക്കേണ്ടിവന്നു. തുടർന്ന് ലഭിച്ച പെനാൽറ്റി ഹസ്സൻ അൽ ഹൈദോസ് വലയിലെത്തിക്കുകയായിരുന്നു. ജയത്തോടെ ഗ്രൂപ്പ് ബിയിൽ മൂന്നു പോയന്റുമായി ഖത്തർ, യു.എ.ഇ എന്നിവർ ഒപ്പമെത്തി. ആദ്യ മത്സരത്തിൽ യെമനെ 4-0 ന് തോൽപ്പിച്ച യു.എ.ഇ ആണ് ഗോൾ ശരാശരിയിൽ ഗ്രൂപ്പിൽ ഒന്നാമത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

