ഉശിരോടെ ഖത്തർ
text_fieldsബഹ്റൈൻെറ ഗോൾ ശ്രമം ഹെഡ്ഡറിലൂടെ തടയുന്ന
ഖത്തറിെൻറ പ്രതിരോധ താരം ബൗലം ഖൗകി
ദോഹ: പരമ്പരാഗത സദു ചിത്രകലകളുടെ മറൂണും കറുപ്പും നിറത്തിൽ അലങ്കൃതമായ മേൽക്കൂര, അരലക്ഷത്തിലേറെ വരുന്ന ഇരിപ്പിടങ്ങളും അവയിലെ കാണികളുമെല്ലാം അതേ നിറത്തിൽ തന്നെ. പിന്നെ, പച്ചപ്പുൽമൈതാനിയിൽ ഖത്തറിെൻറ മറൂൺ പടയാളികൾ 'ബ്യൂട്ടിഫുൾ ഗെയിം' കെട്ടഴിച്ചു വിടാതിരിക്കുന്നതെങ്ങനെ. ആവേശകരമായ ഫിഫ അറബ് കപ്പിെൻറ ഉദ്ഘാടന മത്സരത്തിൽ നിറഞ്ഞു കവിഞ്ഞ അൽബെയ്തിനെയും അമീർശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികളെയും സാക്ഷിയാക്കി ഖത്തർ ജയത്തോടെ തുടങ്ങി. കളിയുടെ 69ാം മിനിറ്റിൽ ഇടതു വിങ്ങിൽ നിന്നും അക്രം അഫിഫി പറത്തിവിട്ട അളന്നു മുറിച്ച ക്രോസിന് നെടുനീളൻ ഡൈവിലൂടെ തലവെച്ച അബ്ദുൽ അസീസ് ഹാതിമിെൻറ വകയായിരുന്നു വിജയ ഗോൾ. കുറിയ പാസുകളും, മനോഹരമായ വിങ് മുന്നേറ്റങ്ങളും, കോട്ടക്കെട്ടിയ പ്രതിരോധവുമായി കളം വാണ ഖത്തർ എതിരാളികളെ അമ്പരപ്പിച്ചു.
ഗോൾ രഹിതമായ ഒന്നാം പകുതിയിൽ ബഹ്റൈൻ ചിലമുന്നേറ്റങ്ങളിലൂടെ ഖത്തർ ഗോൾമുഖത്ത് പരിഭ്രാന്തി പരത്തിയെങ്കിലും കോട്ടയിൽ വിള്ളൽ വീണില്ല. അക്രം അഫിഫിയും അൽ മുഈസ് അലിയും നയിച്ച മുന്നേറ്റത്തിന് മുഹമ്മദ് അൽബയാതിയും ഹാതിമും ചേർന്ന് മികച്ച പിന്തുണ നൽകി. അവസാന മിനിറ്റുകളിൽ ബഹ്റൈൻ ശക്തമായ ചില മുന്നേറ്റങ്ങൾ നടത്തിയെങ്കിലും അന്തിമ വിജയം ഖത്തറിേൻറത് തന്നെയായി. ഡിസംബർ മൂന്നിന് ഒമാനെതിരെ എജുക്കേഷൻ സിറ്റിയിലാണ് ഖത്തറിെൻറ അടുത്ത മത്സരം.