ഫൈനലിസിമ പോരാട്ടത്തിന് ഖത്തർ വേദിയാകും; അർജന്റീന-സ്പെയിൻ പോരാട്ടം 2026 മാർച്ച് 27ന്
text_fieldsദോഹ: ലോകകപ്പിന് ഒപ്പം തന്നെ ഫുട്ബാൾ ആരാധകർ കാത്തിരിക്കുന്ന ഫൈനലിസിമ പോരാട്ടത്തിന് ഖത്തർ വേദിയൊരുങ്ങുന്നു. സൗത്ത് അമേരിക്കൻ ചാമ്പ്യന്മാരായ അർജന്റീനയും യൂറോപ്യൻ ചാമ്പ്യന്മാരായ സ്പെയിനും ഏറ്റുമുട്ടുന്ന ആവേശകരമായ ഫൈനലിസിമ പോരാട്ടത്തിന്റെ വേദിയും ദിവസവും പുറത്തുവിട്ടു. 2026 മാർച്ച് 27ന് ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിൽ മത്സരം നടക്കുമെന്ന് ലോക്കൽ ഓർഗനൈസിങ് കമ്മിറ്റി അറിയിച്ചു. 2022 ഫിഫ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ പരാജയപ്പെടുത്തി ലോക കിരീടം ചൂടിയ അതേ ലുസൈൽ സ്റ്റേഡിയത്തിൽ അർജന്റീനൻ താരങ്ങൾ വീണ്ടും പോരിനിറങ്ങും. ലോകകപ്പിന് മുമ്പായി ഫുട്ബാൾ ലോകം കാത്തിരിക്കുന്ന വമ്പൻ പോരാട്ടമായിരിക്കും ഇത്. യൂറോപ്യൻ ചാമ്പ്യൻമാരും ലാറ്റിനമേരിക്കൻ ചാമ്പ്യൻമാരും തമ്മിൽ ഏറ്റുമുട്ടുമ്പോൾ തീ പാറുമെന്ന് ഉറപ്പ്.
മൂന്ന് തവണയാണ് ഫൈനലിസിമ നടന്നിട്ടുള്ളത്. മൂന്ന് തവണയും യൂറോ, കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പുകൾക്ക് പിന്നാലെ ഒരു വർഷത്തിന് ശേഷമാണ് സാധാരണ ഫൈനലിസിമ നടക്കാറുളളത്. ഫിഫയുടെ തിരക്കേറിയ ഫിക്സ്ചർ കാരണമാണ് 2025ൽ നടക്കേണ്ട ഫൈനലിസിമ 2026ലേക്ക് നീണ്ടത്. 1993, 2022 വർഷങ്ങളിൽ നടന്ന ഫൈനലിസിമ പോരാട്ടത്തിൽ അർജന്റീനയാണ് കിരീടം ചൂടിയത്.
രണ്ട് ലോകചാമ്പ്യന്മാർ തമ്മിലുള്ള പോരാട്ടത്തിന് ഖത്തർ ആതിഥേയത്വം വഹിക്കുകയാണെന്ന് കായിക യുവജന മന്ത്രിയും എൽ.ഒ.സി ചെയർമാനുമായ ശൈഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹമ്മദ് ആൽഥാനി പറഞ്ഞു. ലോകോത്തര കായിക മത്സരങ്ങൾ മികച്ച രീതിയിൽ സംഘടിപ്പിക്കാനുള്ള ഖത്തറിന്റെ കഴിവിനുള്ള അംഗീകാരമാണിത്. ഫുട്ബാൾ ആരാധകർക്കും താമസക്കാർക്കും മികച്ച ഫുട്ബാൾ അനുഭവം സമ്മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ അസാധാരണമായ സംഘാടന മികവുകളെയും ലോകോത്തര ഫുട്ബാൾ മത്സരങ്ങൾ നടത്താനുള്ള ശേഷിയെയും അദ്ദേഹം എടുത്തുപറഞ്ഞു.
2025 അവസാനത്തോടെ ഖത്തർ ആതിഥേയത്വം വഹിച്ച നിരവധിയാർന്ന ടൂർണമെന്റുകൾക്ക് പിന്നാലെയാണ് ഫൈനലിസിമ പോരാട്ടത്തിന് ഖത്തർ വേദിയാകുന്നത്. 48 ടീമുകൾ പങ്കെടുത്ത ആദ്യ ഫിഫ അണ്ടർ 17 ലോകകപ്പ്, ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ്, അറബ് കപ്പ് എന്നിവക്കാണ് നവംബർ, ഡിസംബർ മാസങ്ങളിലായി ഖത്തർ ആതിഥ്യമരുളിയത്. വർധിച്ച ആരാധകരുടെ പങ്കാളിത്തവും സംഘാടന മികവിലും ഈ ടൂർണമെന്റുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. മത്സരത്തിന്റെ ടിക്കറ്റ് വിൽപനയും മറ്റ് ക്രമീകരണങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ അറിയിക്കുമെന്നും എൽ.ഒ.സി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

