ദ്വിരാഷ്ട്ര പരിഹാരം സാധ്യമാകുന്നതുവരെ ഫലസ്തീൻ പിന്തുണ തുടരും -ഖത്തർ
text_fieldsയു.എൻ പ്ലീനറി സെഷനിൽ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹമ്മദ് ബിൻ സെയ്ഫ് ആൽഥാനി സംസാരിക്കുന്നു
യു.എൻ പ്ലീനറി സെഷനിൽ ഖത്തറിന്റെ പ്രതിനിധി ശൈഖ ആലിയ അഹമ്മദ് ബിൻ
സെയ്ഫ് ആൽഥാനി പിന്തുണ ആവർത്തിച്ചത്.
ദോഹ: ദ്വിരാഷ്ട്ര പരിഹാരം നിലവിൽ വരുന്നതുവരെ ഫലസ്തീനുള്ള പിന്തുണ തുടരുമെന്ന് ഖത്തർ. ഫലസ്തീനിയൻ ജനതയുടെ സ്വയം നിർണയാവകാശം, അധിനിവേശവും കുടിയേറ്റ പ്രവർത്തനങ്ങളും അവസാനിപ്പിക്കൽ, കൂടാതെ 1967 ലെ അതിർത്തികളെ അടിസ്ഥാനമാക്കി കിഴക്കൻ ജറൂസലം തലസ്ഥാനമാക്കി പരമാധികാരമുള്ള സ്വതന്ത്രരാഷ്ട്രം സ്ഥാപിക്കുന്നതുവരെ പിന്തുണ തുടരുമെന്നും ഖത്തർ ആവർത്തിച്ചു. യു.എൻ പ്ലീനറി സെഷനിൽ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹമ്മദ് ബിൻ സെയ്ഫ് ആൽഥാനി പിന്തുണ ആവർത്തിച്ചത്.
ഫലസ്തീൻ പ്രശ്നം സമാധാനപരമായി പരിഹരിക്കുന്നതിനും ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുന്നതിനുമായി സൗദി അറേബ്യയും ഫ്രാൻസും ചേർന്ന് ന്യൂയോർക്കിൽ സംഘടിപ്പിച്ച ഉന്നതതല അന്താരാഷ്ട്ര സമ്മേളനത്തിന് ശേഷമാണ് യു.എൻ പൊതുസഭ യോഗം ചേരുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി. ഗസ്സ മുനമ്പിൽ വെടിനിർത്തൽ യാഥാർത്ഥ്യമാക്കാനുള്ള ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി, യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്തതായും ഖത്തറിന്റെ സ്ഥിരം പ്രതിനിധി ചൂണ്ടിക്കാട്ടി.
യോഗത്തിൽ പങ്കെടുത്ത എട്ട് അറബ് -ഇസ് ലാമിക രാജ്യങ്ങൾക്കൊപ്പം ഖത്തറും, ട്രംപിന്റെ നേതൃപരമായ പങ്കിനെ അഭിനന്ദിക്കുകയും ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാനും പുനർനിർമാണത്തിനും മാനുഷിക സഹായം എത്തിക്കുന്നതിനുമായുള്ള പദ്ധതി പ്രഖ്യാപനത്തെ സ്വാഗതം ചെയ്തിരുന്നു. യു.എസ്, ഈജിപ്ത്, തുർക്കിയ എന്നിവരുമായി ചേർന്ന് ഖത്തർ നടത്തിയ തുടർച്ചയായ ശ്രമങ്ങളുടെ ഫലമായി ഗസ്സയിൽ വെടിനിർത്തൽ കരാറിലെത്താൻ സാധിച്ചുവെന്നും, ഒക്ടോബറിൽ ശറമുശൈഖിൽ നടന്ന സമാധാന ഉച്ചകോടിയിൽ ഇത് അംഗീകരിച്ചതായും അവർ വിശദീകരിച്ചു.
അതേസമയം, കഴിഞ്ഞയാഴ്ച ഗസ്സ മുനമ്പിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളെ ഖത്തർ ശക്തമായി അപലപിച്ചു. ഇത് വെടിനിർത്തൽ കരാറിനെ ദുർബലപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള അപകടകരമായ നീക്കമാണ്. ഡമസ്കസിൽ ഇസ്രായേൽ അധിനിവേശ സേന നടത്തിയ കടന്നുകയറ്റത്തെയും ഷെല്ലാക്രമണത്തെയും ശക്തമായി അപലപിച്ചതായും അവർ ഇതു നിരവധി സിവിലിയന്മാരുടെ മരണത്തിന് കാരണമായതായും ചൂണ്ടിക്കാട്ടി. സിറിയയുടെ പരമാധികാരത്തിന്മേലുള്ള കടന്നാക്രമണവും അന്താരാഷ്ട്ര-മാനുഷിക നിയമങ്ങളുടെയും നഗ്നമായ ലംഘനമാണെന്നും അവർ വിശദീകരിച്ചു.
തെക്കൻ ലബനാനിലെ സിഡോൺ നഗരത്തിന് സമീപമുള്ള ഐൻ അൽ ഹിൽവ ഫലസ്തീൻ അഭയാർഥി ക്യാമ്പിനെ ലക്ഷ്യമിട്ടുള്ള ഇസ്രായേലിന്റെ ആക്രമണത്തെയും ഖത്തർ അപലപിച്ചു. ഫലസ്തീൻ ജനതക്കും ലബനാന്റെ പരമാധികാരത്തിനും നേരെയുള്ള ആക്രമണമാണിതെന്നും, അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും അവർ ഊന്നിപ്പറഞ്ഞു. ഫലസ്തീൻ ജനതയുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുവേണ്ടി ഈജിപ്തുമായും മറ്റു പങ്കാളികളുമായും സഹകരിച്ച് മാനുഷിക ശ്രമങ്ങളും ഗസ്സ മുനമ്പിന്റെ പുനർനിർമാണത്തിനായുള്ള പ്രവർത്തനങ്ങൾക്കും ഖത്തർ പിന്തുണ നൽകുന്നുണ്ടെന്നും ശൈഖ ആലിയ അഹമ്മദ് ബിൻ സെയ്ഫ് ആൽഥാനി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

