ലോകത്തിന് സ്വാഗതമോതി ഖത്തർ
text_fieldsദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ നടന്ന ഫിഫ കോൺഗ്രസിന്റെ വേദി
ദോഹ: അറബ് മേഖലയെ ലോകചരിത്രത്തിൽ അടയാളപ്പെടുത്തുന്ന ഖത്തർ ലോകകപ്പിലേക്ക് ലോകമെങ്ങുമുള്ള കളിയാരാധകരെയും സംഘാടകരെയും സ്വാഗതം ചെയ്ത് ഫിഫ കോൺഗ്രസിന് സമാപനം. ലോകകപ്പ് ഒരുക്കങ്ങളും സാർവദേശീയ ഫുട്ബാളും സംഘർഷങ്ങളും യുക്രെയ്നിലെ റഷ്യൻ അധിനിവേശവുമെല്ലാം ചർച്ചയായ കോൺഗ്രസ് വേദിയിൽ ഖത്തറിന്റെ ലോകകപ്പ് ഒരുക്കങ്ങളെ കാൽപന്ത് ലോകം നെഞ്ചോടു ചേർത്തു.
ഏറ്റവും മികച്ച ലോകകപ്പിനാണ് ഖത്തർ വേദിയാവുന്നതെന്ന്, അധ്യക്ഷ പ്രസംഗം നടത്തി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ പറഞ്ഞു. 'ലോകത്തെ മാറ്റി മറിക്കാൻ ഫുട്ബാളിന് ശേഷിയുണ്ട്. സംഘർഷങ്ങൾക്കും ആക്രമണങ്ങൾക്കും മുകളിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഫുട്ബാളിന് കഴിയും.
നമ്മുടെ കുട്ടികൾക്കും, ഭാവിക്കും ലോകനന്മക്കും വേണ്ടി യുദ്ധവും അക്രമവും അവസാനിപ്പിക്കാൻ ലോകത്തോട് താഴ്മയോടെ അപേക്ഷിക്കുന്നു' -നിറഞ്ഞ കൈയടികൾക്കിടയിൽ റഷ്യ-യുക്രെയ്ൻ യുദ്ധം സൂചിപ്പിച്ച് ഇൻഫന്റിനോ പറഞ്ഞു. യുദ്ധം കാരണം കോൺഗ്രസിൽ പങ്കെടുക്കാൻ കഴിയാത്ത യുക്രെയ്ൻ ഫെഡറേഷൻ പ്രസിഡന്റ് യുദ്ധ ഭൂമിയിൽ നിന്നും വിഡിയോ വഴി സദസ്സിനോട് സംസാരിച്ചു. യുദ്ധം രാജ്യത്തിന്റെ കായിക മേഖലയെയും, പുതിയ തലമുറയുടെ ഭാവിയെയും തകർത്തതായും, തിരിച്ചുവരവിന് ലോകത്തിന്റെ പിന്തുണ ആവശ്യമാണെന്നും അദ്ദേഹം വിശദീകരിച്ചു.
നാലുവർഷത്തിൽ ഒരിക്കൽ നടക്കുന്ന ലോകകപ്പ് രണ്ടു വർഷത്തിലൊരിക്കലായി മാറ്റാൻ ഫിഫ ആലോചിക്കുന്നില്ലെന്ന് ഇൻഫന്റിനോ വ്യക്തമാക്കി. ഇതു സംബന്ധിച്ച പഠനസമിതിയുടെ നിർദേശവും രാജ്യാന്തര കാമ്പയിനുമെല്ലാം നേരത്തെ വാർത്തയായിരുന്നു. എന്നാൽ, കോൺഗ്രസിൽ അജണ്ടയല്ലാതെ പോവുകയും, ഇതു സംബന്ധിച്ചുയർന്ന ചോദ്യത്തിന് മറുപടിയായി അത്തരമൊരു ശ്രമം ഇല്ലെന്നും ഇൻഫന്റിനോ വിശദീകരിച്ചതോടെ രണ്ടു വർഷത്തിൽ ഒരിക്കൽ ലോകകപ്പ് എന്ന ആശയം ഫിഫ ഉപേക്ഷിച്ചതായി വിലയിരുത്തപ്പെടുന്നു. ഖത്തര്‍ ലോകകപ്പുമായി ഉയര്‍ന്ന മനുഷ്യാവകാശ ലംഘന ആരോപണങ്ങളും ഇന്‍ഫന്റിനോ നിഷേധിച്ചു. ലെഗസിയാണ് ഈ ലോകകപ്പിന്റെ സവിശേഷത. ലോകകപ്പിന് മുമ്പും, ശേഷവും ഈ ലോകകപ്പിന്റെ ലെഗസി തുടരുന്നു. അറബ് ലോകത്തെയും, ലോകത്തെയും, ഗൾഫ് മേഖലയെയും ഈ ലോകകപ്പ് ഒന്നിപ്പിക്കുന്നു. രാജ്യമാകെ സഞ്ചരിക്കാനും, ജനങ്ങളെയും സംസ്കാരത്തെയും അറിയാനുമെല്ലാം ഈ ലോകകപ്പ് ലോകത്തിന് അവസരം നൽകുന്നു-അദ്ദേഹം പറഞ്ഞു. ലോകകപ്പിന്റെ ചരിത്രത്തിലെ അവിസ്മരണീയമായ ഫുട്ബാൾ മേളക്കാണ് ഖത്തർ വേദിയൊരുക്കുന്നതെന്ന് ചടങ്ങിൽ സംസാരിച്ച ഖത്തർ പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി പറഞ്ഞു. ഖത്തർ വിസ്തൃതിയിൽ ചെറുതായിരിക്കാം, എന്നാൽ അഭിലാഷങ്ങളിലും സ്വപ്നങ്ങളിലും വളരെ വലുതാണ്. ഈ വർഷം നടക്കുന്ന ടൂർണമെന്റിൽ ഞങ്ങളോടൊപ്പം ചേരാൻ നിങ്ങളോടും എല്ലാവരോടും അഭ്യർഥിക്കുന്നു -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

