സിറിയൻ പ്രസിഡന്റിനെ വരവേറ്റ് ഖത്തർ
text_fieldsദോഹയിലെത്തിയ സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ ഷറാ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തുന്നു
ദോഹ: സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ ഷറാഅക്ക് ഹൃദ്യമായ സ്വീകരണമൊരുക്കി ഖത്തർ. ഭരണമേറ്റെടുത്തശേഷം ആദ്യ ഖത്തർ സന്ദർശനത്തിനായെത്തിയ അഹമ്മദ് അൽ ഷറായെ ഹമദ് വിമാനത്താവളത്തിലെ അമിരി ടെർമിനലിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്നു നടന്ന കൂടിക്കാഴ്ചയിൽ ഇരുരാഷ്ട്രനേതാക്കളും രാജ്യങ്ങൾ തമ്മിലെ ഉഭയകക്ഷി, നയതന്ത്ര, രാഷ്ട്രീയതലങ്ങളിലെ സൗഹൃദം സംബന്ധിച്ച് കൂടിക്കാഴ്ച നടത്തി.
ഡിസംബർ ആദ്യവാരത്തിൽ ബഷാറുൽ അസദിനെ സ്ഥാനഭ്രഷ്ടനാക്കി അധികാരത്തിലേറിയ അഹമ്മദ് അൽ ഷറായുടെ ആദ്യത്തെ ഖത്തർ സന്ദർശനമായിരുന്നു ഇത്. സിറിയയിലെ ഭരണമാറ്റത്തിനു പിന്നാലെ 13 വർഷത്തെ ഇടവേളക്കുശേഷം ഖത്തർ ഡമസ്കരുമായി നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചിരുന്നു. ജനുവരിയിൽ ആദ്യ പ്രധാനമന്ത്രിയും പിന്നാലെ ഖത്തർ അമീറും സിറിയ സന്ദർശിക്കുകയും ജനങ്ങൾക്കും ഭരണകൂടത്തിനും പൂർണ പിന്തുണയും പ്രഖ്യാപിച്ചു.
ദോഹയിൽ നൽകിയ ഹൃദ്യമായ സ്വീകരണത്തിനും ആതിഥ്യത്തിനും പ്രസിഡന്റ് അഹമ്മദ് അൽ ഷറാ നന്ദി അറിയിച്ചു. ഇരുരാഷ്ട്രങ്ങളും തമ്മിൽ വിവിധ മേഖലകളിലെ സഹകരണം സംബന്ധിച്ച് കൂടിക്കാഴ്ചയിൽ ചർച്ചകളും നടന്നു. മേഖലയുടെ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനാവശ്യമായ ഘടകങ്ങളെ സംബന്ധിച്ചും മറ്റും വിലയിരുത്തി.
പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി, അമിരി ദിവാൻ ചീഫ് അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഖുലൈഫി, വിദേശകാര്യസഹമന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ ഖുലൈഫി, വിവിധ മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
സിറിയൻ വിദേശകാര്യമന്ത്രി അസദ് ഹസൻ അൽ ഷൈബാനിയും സംഘത്തോടൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

