ഖത്തർ വെബ് സമിറ്റ് നാളെ മുതൽ
text_fieldsദോഹ: സമൂഹത്തിന്റെ പുരോഗതിയിൽ സാങ്കേതികവിദ്യയുടെ പങ്ക് ഉയർത്തിക്കാട്ടി മൂന്നാമത് ഖത്തർ വെബ് സമിറ്റ് ഫെബ്രുവരി ഒന്നു മുതൽ 4 വരെ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ നടക്കും. വെബ് സമിറ്റിൽ മുഖ്യാതിഥിയായി ഖത്തർ ഫൗണ്ടേഷൻ ചെയർപേഴ്സൻ ശൈഖ മൗസ ബിൻത് നാസർ പങ്കെടുക്കും. നിർമിത ബുദ്ധിയുടെയും അതിവേഗ മാറുന്ന സാങ്കേതിക ലോകത്തിന്റെയും കുതിപ്പിനൊപ്പം രാജ്യത്തെ നയിച്ച ചിന്തകളും കണ്ടെത്തലുകളും പ്രദർശനങ്ങളുമായി നാലു ദിവസം ഡി.ഇ.സി.സി സജീവമാകും.
ലോകത്തിലെ വമ്പൻ സ്റ്റാർട്ടപ്പുകൾ മുതൽ ടെക് ഭീമൻമാർ വരെ ഒത്തുചേരുന്ന വെബ് സമ്മിറ്റിനാണ് തുടക്കം കുറിക്കുന്നത്. 120 രാജ്യങ്ങളിൽ നിന്നായി 800ലേറെ നിക്ഷേപകർ, 400 പ്രഭാഷകർ, 1600 സ്റ്റാർട്ടപ്പുകൾ, സന്ദർശകർ എന്നിവർ ഉൾപ്പെടെ 30,000ത്തോളം പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മിറ്റിനാണ് ദോഹ ഡി.ഇ.സി.സി വേദിയാകുക. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം ആൽഥാനി, ഖത്തർ മ്യൂസിയംസ് ചെയർപേഴ്സൻ ശൈഖ അൽ മയാസ ബിൻത് ഹമദ് ആൽഥാനി, നീതിന്യായ മന്ത്രിയും ക്യാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഇബ്രാഹിം ബിൻ അലി ബിൻ ഈസ അൽ ഹസൻ അൽ മുഹന്നദി, സിവിൽ സർവിസ് ആൻഡ് ഗവൺമെന്റ് ഡെവലപ്‌മെന്റ് ബ്യൂറോ പ്രസിഡന്റും നാഷണൽ പ്ലാനിങ് കൗൺസിൽ സെക്രട്ടറി ജനറലുമായ ഡോ. അബ്ദുൽ അസീസ് ബിൻ നാസർ ബിൻ മുബാറക് അൽ ഖലീഫ തുടങ്ങിയ പ്രമുഖ നേതാക്കളും പങ്കെടുക്കും.
കൂടാതെ, ഹസ്സൻ ബിൻ അബ്ദുല്ല അൽ തവാദി (സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി), ശൈഖ് അലി ബിൻ അൽ വലീദ് ആൽഥാനി (സി.ഇ.ഒ, ഇൻവെസ്റ്റ് ഖത്തർ), അബ്ദുല്ല ബിൻ ഹമദ് അൽ മിസ്നദ് (ഖായ് ചെയർമാൻ), ശൈഖ് നാസർ ബിൻ ഫൈസൽ ബിൻ ഖലീഫ ആൽഥാനി (ഡയറക്ടർ ജനറൽ, അൽ ജസീറ മീഡിയ നെറ്റ്‌വർക്ക്), എൻജിനീയർ ഒമർ അലി അൽ അൻസാരി (സെക്രട്ടറി ജനറൽ, ഖത്തർ റിസർച്ച് ആൻഡ് ഡെവലപ്മെന്റ്) തുടങ്ങിയ മുതിർന്ന ഉദ്യോഗസ്ഥരും വെബ് സമിറ്റ് ചർച്ചകളിൽ പങ്കാളികളാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

