എല്ലാ രാജ്യങ്ങൾക്കും വാക്സിൻ ലഭ്യമാക്കണമെന്ന് ഖത്തർ
text_fieldsദോഹ: കോവിഡ് വാക്സിൻ എല്ലാ രാജ്യങ്ങൾക്കും പക്ഷപാതരഹിതമായും സമഗ്രമായും സമയബന്ധിതമായും നൽകണമെന്ന് ഖത്തർ.ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലി 75ാമത് സെഷൻ അധ്യക്ഷൻ വോൾകൻ ബോസ്കിറിെൻറ അധ്യക്ഷതയിൽ ചേർന്ന അനൗപചാരിക യോഗത്തിലാണ് ഖത്തർ പ്രതിനിധി ഇക്കാര്യം ഉന്നയിച്ചത്. ലബനാൻ, ബ്രസീൽ, ഡെൻമാർക്ക്, ഫിജി, ഇന്ത്യ, ഇറ്റലി, കെനിയ, മെക്സികോ, നോർവേ, ദക്ഷിണ കൊറിയ, സെയിൻറ് വിൻസൻറ്, ദി െഗ്രനാഡിൻസ്, സെനഗാൾ, സ്വീഡൻ, ബ്രിട്ടൻ രാജ്യങ്ങളും പങ്കെടുത്തു.കോവിഡ് വാക്സിനായുള്ള പക്ഷപാതരഹിത ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള സംയുക്ത രാഷ്ട്രീയ പ്രഖ്യാപനത്തിൽ ഇതുവരെയായി 181 രാജ്യങ്ങളാണ് ചേർന്നിരിക്കുന്നത്.
സമയബന്ധിതമായും പക്ഷപാതരഹിതമായും സമഗ്രമായും എല്ലാ രാജ്യങ്ങൾക്കും കോവിഡ് വാക്സിൻ ലഭ്യമാക്കണമെന്ന് പ്രഖ്യാപന പരിപാടിയിൽ പങ്കെടുക്കുന്ന രാജ്യങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. വാക്സിൻ ലഭ്യമാക്കുന്നതിലെ കാലയളവിലുള്ള ദൈർഘ്യം അവസാനിപ്പിക്കണം. കോവിഡ് വാക്സിൻ എല്ലാവർക്കും ലഭ്യമാക്കണം. കോവിഡിെൻറ കാര്യത്തിൽ എല്ലാ മനുഷ്യരും സുരക്ഷിതമാകുന്നതുവരെ ഒരാളും സുരക്ഷിതരല്ല. എല്ലാ രാജ്യങ്ങളിലേക്കും കോവിഡ് വാക്സിൻ സമയബന്ധിതമായും തുല്യമായും എത്തിക്കുകയാണ് ഇതിനുള്ള പരിഹാരമെന്നും രാഷ്ട്രീയ പ്രഖ്യാപനത്തിൽ ഉയർത്തിക്കാട്ടി.
ആഗോള വെല്ലുവിളികളും പ്രതിസന്ധികളും നേരിടുന്നതിൽ പരസ്പര സഹകരണത്തിെൻറയും സംയുക്ത ശ്രമങ്ങളുടെയും അനിവാര്യതയാണ് കോവിഡ് നമ്മെ ഓർമപ്പെടുത്തുന്നതെന്ന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഐക്യരാഷ്ട്രസഭയുടെ 75ാം വാർഷികത്തോടനുബന്ധിച്ച് നടന്ന ജനറൽ അസംബ്ലി ഉന്നതതല യോഗത്തിൽ പറഞ്ഞിരുന്നു.
ലോകം മുമ്പത്തേക്കാൾ ഏറെ സഹകരിക്കേണ്ട സമയം കൂടിയാണിത്. വാക്സിൻ ഉൽപാദനത്തിലും മരുന്ന് നിർമാണത്തിലും മത്സരിക്കാതെ എല്ലാവരും പരസ്പരം സഹകരിക്കാൻ മുന്നോട്ടുവരണം. സഹകരണം കൂടാതെ ഒരിക്കലും ഈ പ്രതിസന്ധിയെ നേരിടാൻ ലോകത്തിനാകില്ലെന്നും അമീർ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

