അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായി ഇസ്രായേൽ സഹകരിക്കണമെന്ന് ഖത്തർ
text_fieldsഅംബാസഡർ സുൽതാൻ ബിൻ സൽമീൻ അൽ മൻസൂരി
ദോഹ: അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായി ഇസ്രായേൽ സഹകരിക്കണമെന്നും തങ്ങളുടെ ആണവ റിയാക്ടറുകൾ ഏജൻസി പരിശോധകർക്കായി തുറന്നുനൽകണമെന്നും ഖത്തർ ആവശ്യപ്പെട്ടു. ഒാസ്ട്രിയയിലെ ഖത്തർ അംബാസഡറും വിയന്നയിലെ യു.എൻ, അന്താരാഷ്ട്ര സംഘടനകളിലെ ഖത്തർ സ്ഥിരം പ്രതിനിധിയുമായ അംബാസഡർ സുൽതാൻ ബിൻ സൽമീൻ അൽ മൻസൂരിയാണ് ഇക്കാര്യം പറഞ്ഞത്. ഇസ്രായേലിെൻറ ആണവശേഷി സംബന്ധിച്ച് വിയന്നയിൽ നടന്ന അന്താരാഷ്ട്ര ആണവോർജ ഏജൻസി ബോർഡ് ഓഫ് ഗവേണേസ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്താരാഷ്ട്ര ബന്ധങ്ങളിൽ നിയമം നടപ്പിലാക്കുന്നതിനെ ഖത്തർ ശക്തമായി തന്നെ പിന്തുണക്കുന്നുണ്ട്. സമാധാനപരവും സ് ഥിരതയുള്ളതുമായ ഒരു അന്താരാഷ്ട്ര സാഹചര്യം രൂപപ്പെടുത്തുകയാണ് ലക്ഷ്യം. എല്ലാ ജനങ്ങളിലേക്കും സുസ്ഥിര വികസനത്തിനുള്ള അവസരങ്ങൾ ഇത് കൂടുതൽ സാധ്യമാക്കും. അന്താരാഷ്ട്ര കരാറുകൾക്കും ഐക്യരാഷ്ട്രസഭ പ്രമേയങ്ങൾക്കും അനുസൃതമായി ആണവ നിരായുധീകരണം എന്നതുകൊണ്ട് പ്രധാനമായും അർഥമാക്കുന്നത് അന്താരാഷ്ട്ര ബന്ധങ്ങളിൽ നിയമം നടപ്പിലാക്കുന്നത് ഉയർത്തിപ്പിടിക്കുകയാണെന്നതാണ്.
ഖത്തറടക്കമുള്ള എല്ലാ അറബ് രാഷ്ട്രങ്ങളും ആണവായുധം കൈവശംവെക്കുന്നത് തടയുന്നതിനുള്ള കരാറിൽ ചേർന്നിട്ടുണ്ട്. മിഡിലീസ്റ്റിനെ ആണവായുധ രഹിത മേഖലയാക്കുന്നതിനുള്ള മുഴുവൻ അന്താരാഷ്ട്ര പ്രമേയങ്ങളും ഇവരെല്ലാം അംഗീകരിച്ചിട്ടുണ്ട്. എന്നാൽ, ഇസ്രായേൽ ഈ ശ്രമങ്ങളിൽനിന്ന് മുഖംതിരിക്കുകയാണെന്നും അൽ മൻസൂരി വ്യക്തമാക്കി. ഫലസ്തീൻ ജനതക്കെതിരായ ഇസ്രായേലിെൻറ സമീപനവും അന്താരാഷ്ട്രനിയമങ്ങൾ പാലിക്കുന്നതിലെ ഇസ്രായേൽ വിമുഖതയും ഫലസ്തീനികൾക്കെതിരായി ഇസ്രായേൽ എല്ലാതരം ആയുധങ്ങളും ഉപയോഗിക്കുന്നതും അദ്ദേഹം സംസാരത്തിനിടെ ചൂണ്ടിക്കാട്ടി.
സത്യത്തെ മനഃപൂർവം മൂടിക്കളയുന്ന പ്രസംഗങ്ങൾ ഇസ്രായേൽ തുടരരുത്. ഇസ്രായേലിെൻറ ആണവായുധശേഷിയെ വെളിപ്പെടുത്തുന്ന യാഥാർഥ്യങ്ങളിൽനിന്ന് മറുപടിപറയാതെ ഒഴിഞ്ഞുമാറരുതെന്നും ബോർഡിലെ ഇസ്രായേൽ പ്രതിനിധിയോട് അൽ മൻസൂരി ആവശ്യപ്പെട്ടു. ആണവോർജശേഷിയുമായി ബന്ധപ്പെട്ട് ഏജൻസിയോട് സഹകരിക്കാൻ ഇസ്രായേലിന് ബാധ്യതയുണ്ട്. പരിശോധകർക്കായി റിയാക്ടറുകൾ തുറന്നുകൊടുക്കുകയാണ് വേണ്ടത്. മധ്യപൗരസ്ത്യദേശത്ത് നിന്നും ആണവായുധങ്ങൾ ഇല്ലാതാക്കുന്നതിന് അന്താരാഷ്ട്ര സമൂഹവും ബന്ധപ്പെട്ട ഏജൻസികളും ശ്രമിക്കണമെന്നും പ്രായോഗിക നടപടികളുമായി മുന്നോട്ടുവരണമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

